ഭരണവിരുദ്ധ വികാരത്തില്‍ ചെറുകക്ഷികള്‍ ജനശ്രദ്ധ നേടിയില്ല

മലപ്പുറം: ശക്തമായ ഭരണവിരുദ്ധ വികാരത്തില്‍ ന്യൂനപക്ഷ, പിന്നാക്ക വിഭാഗത്തിലെ  പി.ഡി.പി, എസ്.ഡി.പി.ഐ, പുതുതായി രംഗപ്രവേശം ചെയ്ത വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് നേട്ടം കൈവരിക്കാനായില്ല. പാര്‍ട്ടി പ്രവര്‍ത്തകരുടെ വോട്ടിനപ്പുറം ഇടം കണ്ടത്തെുന്നതില്‍ ഇവര്‍ പരാജയപ്പെട്ടു.  പ്രചാരണ രംഗത്ത് മുഖ്യാധാര രാഷ്ട്രീയ പാര്‍ട്ടികള്‍ വിസ്മരിച്ച ചില വിഷയങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ സാധിച്ചെന്ന് ചെറുകിട പാര്‍ട്ടികള്‍ക്ക് സമാധാനിക്കാം. ന്യൂനപക്ഷ രാഷ്ട്രീയത്തിന്‍െറ പ്രയോക്താക്കളായ ലീഗ് ഒറ്റ വനിത സ്ഥാനാര്‍ഥിയെയും രംഗത്തിറക്കാതിരുന്നപ്പോള്‍ വനിതാ സ്ഥാനാര്‍ഥികള്‍ക്ക് ഇടം നല്‍കാന്‍ പാര്‍ട്ടികള്‍ക്കായി. പി.ഡി.പി മത്സരിച്ച 61 മണ്ഡലങ്ങളിലും ദയനീയ പ്രകടനമാണ് കാഴ്ചവെച്ചത്. 2011ല്‍ തിരൂരങ്ങാടിയില്‍ നേടിയ 4281 വോട്ടിന്‍െറ അടുത്തുപോലും ഒരു മണ്ഡലത്തിലും നേടാനായില്ല. വള്ളിക്കുന്നില്‍ നിസാര്‍ മത്തേര്‍ നേടിയ 2975 വോട്ടാണ് പാര്‍ട്ടിയുടെ ഉയര്‍ന്ന വോട്ട്. മൂന്ന് മണ്ഡലങ്ങളില്‍ വനിതകളെയാണ് പി.ഡി.പി മത്സരത്തിനിറക്കിയത്.
ഫാഷിസ്റ്റ് വിരുദ്ധതയില്‍ കെട്ടിപ്പടുത്ത പാര്‍ട്ടിക്ക് മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയെ നിര്‍ത്തിയതിലൂടെ അക്കാര്യം പറഞ്ഞും പിടിച്ചുനില്‍ക്കാനാകില്ല. ഇവിടെ  പി.ഡി.പി സ്ഥാനാര്‍ഥിയായ ബഷീര്‍ അഹമ്മദ് 759 വോട്ട് നേടി. ബി.ജെ.പി ഭീഷണിയുണ്ടായിട്ടും പാര്‍ട്ടി സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് വിമര്‍ശിക്കപ്പെട്ടു.

 89 മണ്ഡലങ്ങളില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികളും ഒമ്പത് സീറ്റില്‍ എസ്.പി സ്ഥാനാര്‍ഥികളും രംഗത്തുണ്ടായിരുന്നു. 2011ല്‍ കരുനാഗപ്പള്ളിയില്‍ 7644 വോട്ട് നേടിയ നാസറുദ്ദീന്‍ എളമരം സ്വന്തം മണ്ഡലമായ കൊണ്ടോട്ടിയില്‍ മത്സരിച്ചപ്പോള്‍ 3667 വോട്ടാണ് ലഭിച്ചത്. കരുനാഗപ്പള്ളിയില്‍ ഇത്തവണ പി.ഡി.പിക്ക് ലഭിച്ചത് 1738 വോട്ടാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടിയ വോട്ടും നേടാനായില്ല. പാര്‍ട്ടി ഇത്തവണ അഞ്ച് വനിതകളെ രംഗത്തിറക്കി. ദേശീയതലത്തില്‍ പുതിയ മേച്ചില്‍പുറം കണ്ടത്തൊന്‍ എസ്.പി സഖ്യത്തിലൂടെ സാധിക്കുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.
വെല്‍ഫെയര്‍ പാര്‍ട്ടി രൂപവത്കരിച്ച ശേഷം ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ വോട്ടിന്‍െറ കണക്കുവെച്ച് നേട്ടങ്ങള്‍ അവകാശപ്പെടാനാകില്ല.

മൊത്തം 41 മണ്ഡലങ്ങളില്‍ പാര്‍ട്ടി മത്സരിച്ചപ്പോള്‍ അഞ്ച് മണ്ഡലങ്ങളില്‍ വനിതകളായിരുന്നു സ്ഥാനാര്‍ഥികള്‍. മലപ്പുറം മണ്ഡലത്തില്‍ പാര്‍ട്ടി സംസ്ഥാന സമിതി അംഗം ഇ.സി. ആയിശ 3330 വോട്ട് പിടിച്ചു. സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം മത്സരിച്ച മങ്കട മണ്ഡലത്തില്‍ 3999 വോട്ട് സമാഹരിച്ചു. ഇവിടെ 1508 വോട്ടിന്‍െറ ഭൂരിപക്ഷത്തിലാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി ടി.എ. അഹമ്മദ് കബീര്‍ വിജയിച്ചത്  പാര്‍ട്ടിയുടെ സംസ്ഥാന ഭാരവാഹികളടക്കം മത്സരിച്ച മറ്റ് മണ്ഡലങ്ങളിലൊന്നും കാര്യമായ വോട്ട് സമാഹരണത്തിന് സാധിച്ചില്ല.
അതേസമയം, കന്നി തെരഞ്ഞെടുപ്പെന്ന നിലയില്‍ പാര്‍ട്ടിയെ ജനങ്ങളിലേക്ക് എത്തിക്കാനും സുപ്രധാനമായ ചില വിഷയങ്ങള്‍ പ്രചാരണത്തില്‍ കൊണ്ടുവരാനും സാധിച്ചെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഫാഷിസ്റ്റ് ഭീഷണി നേരിടുന്ന മണ്ഡലങ്ങളില്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെ പിന്തുണക്കുന്ന നയമാണ് പാര്‍ട്ടി സ്വീകരിച്ചത്. വിജയസാധ്യത ഒട്ടുമില്ലാത്ത സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യാനുള്ള വിമുഖതയാണ് മണ്ഡലങ്ങളില്‍ പ്രകടമായത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.