ഹജ്ജ്: നെടുമ്പാശ്ശേരിയില്‍ നേരത്തേ ഒരുക്കം തുടങ്ങും

നെടുമ്പാശ്ശേരി: ഈ വര്‍ഷത്തെ ഹജ്ജ് യാത്രക്കുള്ള ഒരുക്കങ്ങള്‍ നെടുമ്പാശ്ശേരിയില്‍ നേരത്തേ തുടങ്ങും. കരിപ്പൂര്‍ റണ്‍വേയില്‍ വലിയ വിമാനങ്ങള്‍ ഇറക്കാനുള്ള ബുദ്ധിമുട്ടിനെ തുടര്‍ന്നാണ് കഴിഞ്ഞതവണ ഹജ്ജ്യാത്ര നെടുമ്പാശ്ശേരിയില്‍നിന്നാക്കിയത്. ഇത് പ്രതീക്ഷിച്ചതിലും വിജയമായി. കരിപ്പൂരില്‍ വിമാനങ്ങള്‍ ഇറങ്ങാനുള്ള തടസ്സങ്ങള്‍ തുടരുകയുമാണ്. അതുകൊണ്ടാണ് ഇക്കുറിയും നെടുമ്പാശ്ശേരിയില്‍നിന്നുതന്നെ യാത്രക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നത്. കഴിഞ്ഞ തവണത്തേതുപോലെ വിമാനത്താവളത്തിലെ വിമാന അറ്റകുറ്റപ്പണികേന്ദ്രം തന്നെയായിരിക്കും ഹജ്ജ് ക്യാമ്പാക്കുക. അവിടെ കഴിഞ്ഞതവണ ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ നിലവിലുണ്ട്. പന്തലൊരുക്കുന്നത് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ കൂടുതലായി ഒരുക്കണം.

ഹജ്ജ് യാത്രക്കുള്ള ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് നെടുമ്പാശ്ശേരിയില്‍ ഈ മാസം 24ന് ഹജ്ജ് കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്. വിമാനത്താവളവുമായി ബന്ധപ്പെട്ട വിവിധ ഏജന്‍സികള്‍ക്കുള്ള കോഓഡിനേഷന്‍ ഉള്‍പ്പെടെ പ്രാഥമിക സംവിധാനങ്ങളുണ്ടാക്കുന്നതിനായിരിക്കും യോഗത്തില്‍ തീരുമാനമുണ്ടാകുക. കഴിഞ്ഞ തവണത്തേതുപോലെ ഹജ്ജ് കാര്യങ്ങള്‍ക്കായി വിമാനത്താവള കമ്പനിയിലെ എക്സിക്യൂട്ടിവ് ഡയറക്ടറായ എ.എം. ഷബീറിനെതന്നെ പ്രത്യേകമായി ചുമതലപ്പെടുത്തും.

പൂക്കോട്ടൂര്‍ ഹജ്ജ് ക്യാമ്പ് 28, 29ന്

പൂക്കോട്ടൂര്‍ ഹജ്ജ് ക്യാമ്പ് 28, 29 തീയതികളില്‍ പൂക്കോട്ടൂര്‍ പി.കെ.എം.ഐ.സി കാമ്പസില്‍ നടക്കും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. ഹജ്ജ് കമ്മിറ്റി വഴിയുള്ള ഹാജിമാര്‍ക്ക് പുറമെ സ്വകാര്യ ഗ്രൂപ് വഴി പോകുന്ന ഹാജിമാര്‍ക്കും പങ്കെടുക്കാം.
സമാപനത്തോടനുബന്ധിച്ച് 29ന് രാത്രി ബഷീര്‍ ഫൈസി ദേശമംഗലം, 30ന് അഹമ്മദ് കബീര്‍ ബാഖവി എന്നിവര്‍ പ്രഭാഷണം നടത്തും. യോഗത്തില്‍ എ.എം. കുഞ്ഞാന്‍ അധ്യക്ഷത വഹിച്ചു. കെ. മുഹമ്മദുണ്ണി ഹാജി ഉദ്ഘാടനം ചെയ്തു. ക്യാമ്പിന് താമസ സൗകര്യം ആവശ്യമുള്ളവര്‍ 0483 2771819, 9895848826 നമ്പറുകളില്‍ ബന്ധപ്പെടണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.