മധ്യതിരുവിതാംകൂറിന്‍െറ ശബ്ദം

പത്തനംതിട്ട: പുതുമുഖങ്ങള്‍ ഏറെയുള്ള പിണറായി മന്ത്രിസഭയില്‍ പരിചയസമ്പത്തുമായാണ് രണ്ടാം തവണ മന്ത്രിയായി മാത്യു ടി. തോമസ് എത്തുന്നത്. ഗതാഗത വകുപ്പ് ലഭിക്കുമെന്നുറപ്പാണ്. മറ്റൊരു പ്രത്യേകതയും ഉണ്ട് ഇത്തവണ; മധ്യതിരുവിതാംകൂറില്‍നിന്നുള്ള ഏക മന്ത്രിയാണദ്ദേഹം. കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍നിന്ന് മറ്റൊരു ജനപ്രതിനിധിക്കും മന്ത്രി സ്ഥാനമില്ല.

നേരത്തേ ജനപ്രിയമായ ഒട്ടേറെ നടപടികളിലൂടെ അദ്ദേഹം കെ.എസ്.ആര്‍.ടി.സിയെ കരകയറ്റിയതാണ്. 55കാരനായ മാത്യു ടി. 1987ല്‍ 25ാം വയസ്സിലാണ് തിരുവല്ലയിലെ കന്നിയങ്കത്തിലൂടെ ഏറ്റവും പ്രായം കുറഞ്ഞ എം.എല്‍.എയായി നിയമസഭയിലത്തെിയത്. മാര്‍ത്തോമ സഭയില്‍ 50 വര്‍ഷം വൈദികവൃത്തി പൂര്‍ത്തിയാക്കിയ ടി. തോമസ് തൂമ്പുംപാട്ടിന്‍െറയും തിരുവല്ല എസ്.സി സെമിനാരി ഹൈസ്കൂളിലെ റിട്ട. അധ്യാപിക കുഞ്ഞന്നാമ്മ എന്ന അന്നമ്മ തോമസിന്‍െറയും മകനായി 1961 സെപ്റ്റംബര്‍ 27നാണ് ജനനം. കേരള വിദ്യാര്‍ഥി ജനത മാര്‍ത്തോമ കോളജ് യൂനിറ്റ് സെക്രട്ടറി, ആലപ്പുഴ ജില്ലാ പ്രസിഡന്‍റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

ഇപ്പോള്‍ ജനതാദള്‍ (എസ്) സംസ്ഥാന പ്രസിഡന്‍റ്. യുവജനതാദള്‍ സംസ്ഥാന പ്രസിഡന്‍റായിരിക്കെയാണ് 1987ല്‍ പി.സി. തോമസിനെ തോല്‍പിച്ച് നിയമസഭയിലത്തെുന്നത്. തുടര്‍ന്ന് ’91ല്‍ രാജീവ് ഗാന്ധിയുടെ മരണത്തെതുടര്‍ന്നുണ്ടായ സഹതാപതരംഗത്തില്‍ മാമ്മന്‍ മത്തായിയോട് തോറ്റു. വിക്ടര്‍ ടി. തോമസിനെ തോല്‍പിച്ചാണ് 2006ല്‍ വിജയിച്ചത്. 2014ല്‍ കോട്ടയം പാര്‍ലമെന്‍റ് മണ്ഡലത്തില്‍നിന്ന് കേരള കോണ്‍ഗ്രസ് എമ്മിലെ ജോസ് കെ. മാണിയോട് പരാജയപ്പെട്ടിരുന്നു. ഭാര്യ: ഡോ. അച്ചാമ്മ അലക്സ് (സുധ) ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജ് പ്രിന്‍സിപ്പലാണ്. മക്കള്‍: അച്ചു അന്ന മാത്യു (രാജഗിരി കോളജ് അധ്യാപിക), അമ്മു തങ്കം മാത്യു (ബംഗളൂരു ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥിനി).

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.