മാന്‍ഹോള്‍ ദുരന്തം: നൗഷാദിന്‍െറ ഭാര്യക്ക് ജോലിയായില്ല

കോഴിക്കോട്: നാടിനെ കണ്ണീരിലാഴ്ത്തി വിടപറഞ്ഞ നൗഷാദിന്‍െറ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം നടപ്പായില്ല. കോഴിക്കോട് മാന്‍ഹോളില്‍ അപകടത്തില്‍പെട്ട രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷിക്കാന്‍ ഇറങ്ങി ശ്വാസംമുട്ടി മരിച്ച ഓട്ടോഡ്രൈവര്‍ കരുവിശ്ശേരി മേപ്പക്കുടി നൗഷാദിന്‍െറ ഭാര്യ സഫ്രീനക്കാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലി ആറുമാസം പിന്നിടുമ്പോഴും ലഭിക്കാത്തത്.

 2015 നവംബര്‍ 26നാണ് നാടിന്‍െറ ഞെട്ടിച്ച ദുരന്തമുണ്ടായത്. കോഴിക്കോട് നഗരത്തില്‍ കെ.എസ്.യു.ഡി.പി അഴുക്കുചാല്‍ പദ്ധതി മാന്‍ഹോളില്‍ അകപ്പെട്ട ആന്ധ്ര സ്വദേശികളായ നരസിംഹം, ഭാസ്കര്‍ എന്നിവരെ രക്ഷിക്കാന്‍ ഇറങ്ങവെയാണ് നൗഷാദും മരണത്തിന് കീഴടങ്ങിയത്. അടുത്തദിവസം നൗഷാദിന്‍െറ വീട്ടിലത്തെിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഭാര്യക്ക് ജോലി വാഗ്ദാനം ചെയ്തത്. ബികോം ബിരുദധാരിയായ സഫ്രീനക്ക് കെ.എസ്.എഫ്.ഇയില്‍ ജോലി ലഭിക്കുമെന്നാണ് അറിയിച്ചിരുന്നതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. മരണത്തിന് തൊട്ടുടനെ അടിയന്തര ആശ്വാസമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപ 40 ദിവസത്തിനുശേഷം ജില്ലാ കലക്ടര്‍ വീട്ടിലത്തെി കുടുംബത്തിന് കൈമാറിയിരുന്നു.

എന്നാല്‍, ജോലിയുടെ കാര്യത്തില്‍ മന്ത്രി, എം.പി, എം.എല്‍.എ എന്നിവരെയെല്ലാം ബന്ധപ്പെട്ടെങ്കിലും ഉടനെ ശരിയാവും എന്ന മറുപടിയായിരുന്നു ലഭിച്ചത്. തിരുവനന്തപുരത്തുനിന്ന് ഉത്തരവുവരാന്‍ മാത്രമേയുള്ളൂവെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നതെങ്കിലും ആറുമാസമായിട്ടും തുടര്‍നടപടി ഒന്നുമുണ്ടായില്ല. ‘ഓളൊന്നു പുറത്തിറങ്ങി കണ്ടാല്‍ മതിയായിരുന്നു. ഒരു മരുമകനായിരുന്നു ഉള്ളത്. മോള്‍ക്ക് അവനായിരുന്നു, എല്ലാം. ഓന്‍ പോയതോടെ അവളുടെ മിണ്ടാട്ടം പോലുമില്ലാതായി. എന്നാലും ഞങ്ങക്ക് പ്രതീക്ഷണ്ട്’ നൗഷാദിന്‍െറ ഭാര്യ സഫ്രീനയുടെ പിതാവ് കോഴിക്കോട് പച്ചക്കറി മാര്‍ക്കറ്റില്‍ കൂലിത്തൊഴിലാളിയായ ഹംസക്കോയ പറയുന്നു.

നേരത്തെ മാളിക്കടവില്‍ നൗഷാദിന്‍െറ വീട്ടിലായിരുന്ന സഫ്രീനയും കുടുംബവും ഇപ്പോള്‍ പാവങ്ങാട് കണ്ടംകുളങ്ങര സീനാ പ്ളാസ്റ്റിക്കിന് സമീപമാണ് താമസം. സഫ്രീനയുടെ പിതാവ് ഹംസക്കോയ, മാതാവ് സുഹറ, രണ്ട് സഹോദരങ്ങള്‍ എന്നിവരും ഈ വീട്ടിലാണ് താമസിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.