തണുത്ത കറിയില്‍നിന്ന് പുക: എല്ലാ മത്സ്യച്ചന്തകളിലും പരിശോധന നടത്തും

മൂവാറ്റുപുഴ: മൂവാറ്റുപുഴക്ക് പിന്നാലെ കോഴിക്കോട്ടും തണുത്ത മീന്‍കറിയില്‍നിന്ന് പുക ഉയര്‍ന്ന് ഭീതിപരത്തിയ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മത്സ്യച്ചന്തകളില്‍ പരിശോധന കര്‍ശനമാക്കാന്‍ ഭക്ഷ്യസുരക്ഷാവിഭാഗം തീരുമാനിച്ചു. ആദ്യം കോഴിക്കോട് മാര്‍ക്കറ്റിലാണ് പരിശോധന നടക്കുന്നത്.

തണുത്ത കറിയില്‍നിന്ന് ആവി ഉയര്‍ന്ന സംഭവം മൂവാറ്റുപുഴയിലാണ് ആദ്യം ഉണ്ടായത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ പായിപ്ര കൊച്ചുപറമ്പില്‍ സലീം ഇബ്രാഹീമിന്‍െറ വീട്ടില്‍ തയാറാക്കിയ മീന്‍കറിയില്‍നിന്ന് മൂന്നുദിവസമാണ് പുക ഉയര്‍ന്നുകൊണ്ടിരുന്നത്. തിങ്കളാഴ്ച ഭക്ഷ്യസുരക്ഷാ, ആരോഗ്യ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെി പരിശോധനക്ക് മീന്‍കറി കൊണ്ടുപോയിരുന്നു. മൂവാറ്റുപുഴ മത്സ്യച്ചന്തയില്‍ പരിശോധന നടത്തി ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള മത്സ്യം വിശദ പരിശോധനക്ക് ശേഖരിക്കുകയും ചെയ്തിരുന്നു. പരിശോധനഫലത്തിന് കാത്തിരിക്കുമ്പോഴാണ് കഴിഞ്ഞദിവസം കോഴിക്കോട്ടും സമാന സംഭവമുണ്ടായത്. ഇതേതുടര്‍ന്നാണ് സംസ്ഥാനത്തെ എല്ലാ ചന്തകളിലും പരിശോധന നടത്തുന്നത്.

കേടാകാതിരിക്കാന്‍ മീനില്‍ ചേര്‍ക്കുന്ന രാസവസ്തുവിന്‍െറ പ്രവര്‍ത്തനമാണ് തണുത്തകറിയില്‍നിന്ന് ദിവസങ്ങളോളം പുക ഉയരാന്‍ കാരണമെന്നായിരുന്നു ആരോഗ്യവകുപ്പിന്‍െറ വിലയിരുത്തല്‍. ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവയിലാണ് ഇത്തരം വസ്തുക്കള്‍ ചേര്‍ക്കുന്നത്. കറിയില്‍ ചേര്‍ക്കുന്ന മസാല, പുളി, മുളകുപൊടി തുടങ്ങിയ ഭക്ഷ്യസാധനങ്ങളും പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.