അധ്യാപക ദിനം: മന്ത്രിമാര്‍ ക്ലാസെടുക്കില്ല; സന്ദേശപ്രഭാഷകരാകും

തിരുവനന്തപുരം: അധ്യാപകദിനമായ ഈമാസം അഞ്ചിന് മന്ത്രിമാര്‍ അധ്യാപകരാകാനുള്ള തീരുമാനം സര്‍ക്കാര്‍ തിരുത്തി. നടപടിക്കെതിരെ വ്യാപകവിമര്‍ശം ഉയര്‍ന്നതോടെയാണ് ക്ളാസെടുക്കാനുള്ള തീരുമാനം തിരുത്തിയത്. പകരം മുഖ്യമന്ത്രിയും മന്ത്രിമാരും സ്കൂളുകളില്‍ ജീവിതശൈലി സംബന്ധിച്ച് സന്ദേശം നല്‍കും.
വിദ്യാഭ്യാസചട്ടപ്രകാരം നിശ്ചിത യോഗ്യതയുള്ളവര്‍ക്കേ സ്കൂളുകളില്‍ ക്ളാസെടുക്കാനാവൂ എന്നത് ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍നീക്കത്തിനെതിരെ അധ്യാപകസംഘടനകള്‍ ഉള്‍പ്പെടെ രംഗത്തുവന്നത്. മന്ത്രിമാരായ കെ.കെ. ശൈലജ, കെ.ടി. ജലീല്‍, വി.എസ്. സുനില്‍കുമാര്‍, ജി. സുധാകരന്‍, ഇ. ചന്ദ്രശേഖരന്‍ എന്നിവര്‍ വിവിധ ജില്ലകളില്‍ സന്ദേശം നല്‍കും.

സംസ്ഥാനത്തെ 13000ത്തോളം സ്കൂളുകളിലും ജീവിതശൈലിയെക്കുറിച്ച് വിരമിച്ച അധ്യാപകര്‍ സന്ദേശം നല്‍കും. ഓരോ മണ്ഡലത്തിലെ സ്കൂളുകളില്‍ സ്ഥലം എം.എല്‍.എയും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍ എന്നിങ്ങനെയുള്ളവര്‍ സന്ദേശം നല്‍കും. അതേസമയം, മന്ത്രിമാരുടെ ക്ളാസെടുക്കല്‍ തീരുമാനം സര്‍ക്കാര്‍തലത്തില്‍ എടുത്തെങ്കിലും പൊതുവിദ്യാഭ്യാസവകുപ്പിന് നിര്‍ദേശമൊന്നും ലഭിച്ചിരുന്നില്ല. പ്രതിഷേധമുയര്‍ന്നതോടെയാണ് മന്ത്രിമാരെ സന്ദേശപ്രഭാഷകരാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന്‍െറ അറിയിപ്പ് വന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.