എരിഞ്ഞടങ്ങില്ല ഈ കൂട്ടായ്മ;  ഇവര്‍ സൗഹൃദത്തിന്‍െറ ബ്രാന്‍ഡ്   

കോഴിക്കോട്: കഠിനാധ്വാനം ചെയ്ത് പടുത്തുയര്‍ത്തിയതെല്ലാം കത്തിയമര്‍ന്ന കൂമ്പാരത്തിന് മുന്നില്‍ നില്‍ക്കുമ്പോഴും ഇവര്‍ പതറുന്നില്ല. ‘ദൈവം തന്നത് ദൈവം എടുത്തു. അവന്‍ തന്നെ തിരികെ തരും’ ഇവര്‍  പറയുന്നു. പുതിയറ-മാവൂര്‍ റോഡ് ക്രോസ് റോഡിന് സമീപം മിസ് ട്വന്‍റി ക്ളോത്തിങ് യൂനിറ്റിന് പിന്നിലെ കൂട്ടായ്മാ അംഗങ്ങളാണ് മാഹി സ്വദേശി സുനീത്, ചേന്ദമംഗലൂര്‍ സബാഹ്, എരഞ്ഞിപ്പാലം താരിഖ്, കൊടുവള്ളി റഫീഖ്, കുറ്റിച്ചിറ റഊഫ് എന്നിവര്‍. കഴിഞ്ഞദിവസമാണ് ഇവരുടെ വസ്ത്രനിര്‍മാണ യൂനിറ്റ് പൂര്‍ണമായി കത്തിനശിച്ചത്. 

ലക്ഷങ്ങളുടെ വസ്ത്രങ്ങള്‍, മെഷീനുകള്‍, ഫര്‍ണിച്ചറുകള്‍ എന്നിവയെല്ലാം നാമാവശേഷമായി. ഒരു രൂപപോലും ബാങ്ക് ലോണില്ല. ഇന്‍ഷുറന്‍സിനെപ്പറ്റി ആലോചിച്ചിട്ട് പോലുമില്ല. ഒന്നരവര്‍ഷം മുമ്പ് അഞ്ചുപേര്‍ നാല് മെഷീനുകളും നാല് തൊഴിലാളികളുമായി തുടങ്ങിയ സ്ഥാപനത്തിലിപ്പോള്‍ 40 മെഷീനുകളും 50 തൊഴിലാളികളും. പാളയത്തെ 500 ചതുരശ്രയടി സ്ഥലത്ത് തുടങ്ങിയ യൂനിറ്റാണ് പുതിയറയിലെ 2500 ചതുരശ്ര അടിയിലേക്ക് വിപുലീകരിച്ചത്.

നാലുലക്ഷത്തില്‍നിന്ന് ഇപ്പോഴുള്ളത് മൂന്നുകോടി രൂപയുടെ ഉല്‍പന്നങ്ങളുടെ ആസ്തി. എല്ലാം കത്തിച്ചാമ്പലായെങ്കിലും വീണ്ടും ഒന്നില്‍നിന്ന് തുടങ്ങാനുള്ള ഒരുക്കത്തിലാണിവര്‍. നാടന്‍ ഡിസൈനിലുള്ള കുര്‍ത്ത, ചുരിദാറുകളായിരുന്നു ഉല്‍പന്നം. മിസ് ട്വന്‍റി എന്ന് പേരുമിട്ടു.
 സാധാരണ മുംബൈ മാതൃകയിലുള്ള ഡിസൈനുകളില്‍നിന്നുള്ള ഈ മാറ്റം ശ്രദ്ധിക്കപ്പെട്ടു. 2008ല്‍ ഗള്‍ഫിലെ സാമ്പത്തികമാന്ദ്യത്തത്തെുടര്‍ന്ന് നാട്ടില്‍ തിരിച്ചത്തെിയപ്പോള്‍ ഇനിയെന്ത് ചെയ്യുമെന്ന സുനീതിന്‍െറ ആശങ്കയാണ് സൗഹൃദ കൂട്ടായ്മയിലേക്കും വസ്ത്രനിര്‍മാണ യൂനിറ്റിലേക്കും നയിച്ചത്. മികച്ച നൂലില്‍ നെയ്ത ഗുണനിലവാരം, കടം ബാക്കിവെക്കാതെയുള്ള ഇടപാടുകള്‍, രാപ്പകല്‍ മുഴുകിയ പ്രവര്‍ത്തനം എന്നിവയാണ് കൂട്ടായ്മയുടെ വിജയമെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. കോഴിക്കോട്ടെ ഒരു കടയിലാണ് ഉല്‍പന്നങ്ങള്‍ ആദ്യം നല്‍കിയത്. ഇത് വിജയിച്ചതോടെ മാനന്തവാടിയിലെ കടയിലും നല്‍കി. ഇപ്പോള്‍  ഏത് നഗരത്തിലൂടെ പോയാലും മിസ്ട്വന്‍റി തൂക്കിയ നാല് കടകളെങ്കിലും കാണാതിരിക്കില്ളെന്ന് ഇവര്‍ പറയുന്നു. 

വസ്ത്ര വിതരണം, കലക്ഷന്‍, മാര്‍ക്കറ്റിങ് എല്ലാം അഞ്ചുപേര്‍ കൂട്ടായാണ് ചെയ്തിരുന്നത്. റഫീഖ് ഇപ്പോള്‍ വിദേശത്താണ്.പാളയത്തെ പഴയകേന്ദ്രത്തില്‍ ഓണ, പെരുന്നാള്‍ വിപണിക്കായി വീണ്ടും ഉല്‍പന്നങ്ങള്‍ സ്വരുക്കൂട്ടുകയാണ് ശേഷിക്കുന്ന നാലുപേര്‍. ‘ഇത് ദൈവത്തോടുള്ള ഒരു കടപ്പാടാണ്. 50ഓളം കുടുംബങ്ങളുടെ ആശ്രയമാണിത്. അവരെ ഞങ്ങള്‍ കൈവിടരുത്. അതിനാല്‍ വീണ്ടും ഇത് കരുപ്പിടിപ്പിച്ചേ പറ്റൂ’. സംഘത്തിലെ സുനീത് പറയുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.