തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ടില്‍ നിന്ന് 143.49 കോടി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്

പെരിന്തല്‍മണ്ണ: സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും പ്ളാന്‍ ഫണ്ടില്‍ നിന്നുള്ള 143.49 കോടി രൂപ ഉടന്‍ തന്നെ ഇന്‍ഫര്‍മേഷന്‍ കേരള മിഷന് (ഐ.കെ.എം) ലഭിക്കും. തദ്ദേശ സ്ഥാപനങ്ങളുടേയും വകുപ്പിന്‍േറയും പ്രവര്‍ത്തനങ്ങള്‍ക്കുതകുന്ന തരത്തില്‍ സോഫ്റ്റ് വെയര്‍ പ്രോഗ്രാമുകള്‍ തയാറാക്കുന്ന സര്‍ക്കാര്‍ ഏജന്‍സിയാണ് ഐ.കെ.എം. 2014-15, ’15-16, ’16-17 സാമ്പത്തികവര്‍ഷങ്ങളിലെ മെമ്പര്‍ഷിപ്പ് ഫീസിനത്തില്‍ ഈ തുക നല്‍കണമെന്നാണ് തദ്ദേശ ഭരണവകുപ്പ് അണ്ടര്‍ സെക്രട്ടറി കഴിഞ്ഞ ദിവസമിറക്കിയ ഉത്തരവ്.

ഓരോ വര്‍ഷത്തേക്കും ഗ്രാമപഞ്ചായത്തുകള്‍ മൂന്നു ലക്ഷം രൂപ വീതവും ബ്ളോക് പഞ്ചായത്തുകള്‍ അഞ്ച് ലക്ഷം വീതവും ജില്ലാ പഞ്ചായത്തുകള്‍ 15 ലക്ഷം രൂപ വീതവും നഗരസഭകള്‍ 10 ലക്ഷം വീതവും കോര്‍പറേഷനുകള്‍ 20 ലക്ഷം വീതവും നല്‍കാനാണ് ഉത്തരവ്. ഇതുപ്രകാരം 941 ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് 84.69 കോടിയും 152 ബ്ളോക് പഞ്ചായത്തുകളില്‍നിന്ന് 22.80 കോടിയും 14 ജില്ലാ പഞ്ചായത്തുകളില്‍ നിന്ന് 6.30 കോടിയും 87 നഗരസഭകളില്‍ നിന്ന് 26.10 കോടിയും ആറ് കോര്‍പറേഷനുകളില്‍ നിന്ന് 3.60 കോടിയുമടക്കം 143.49 കോടി രൂപയാണ് ഐ.കെ.എമ്മിന് ലഭിക്കുക. 2017-18 മുതല്‍ ഒരാള്‍ക്ക് ഒരു രൂപ പ്രകാരം തദ്ദേശസ്ഥാപനങ്ങളില്‍ നിന്ന് മെമ്പര്‍ഷിപ്പ് ഫീസായി ഐ.കെ.എമ്മിലേക്ക് ഈടാക്കാനാണ് പുതിയ തീരുമാനം.

അതേസമയം, ഐ.കെ.എം സോഫ്റ്റ്വെയറുകളെക്കുറിച്ച് തദ്ദേശസ്ഥാപന ജീവനക്കാര്‍ക്ക് പരാതി പതിവാണ്. ഡാറ്റ കൃത്യസമയത്ത് അപ്ലോഡ് ചെയ്യാന്‍ കഴിയാത്തതിനാല്‍ രാത്രിയും അവധിദിവസങ്ങളില്‍ പോലും ഇതിനായി ശ്രമിക്കേണ്ടിവരുന്നതായാണ് ആക്ഷേപം. സര്‍ക്കാര്‍ നയങ്ങളിലും നിയമങ്ങളിലും ഇടക്കിടെ കൊണ്ടുവരുന്ന മാറ്റങ്ങള്‍ സോഫ്റ്റ് വെയര്‍ പ്രോഗ്രാമിങിലെ കോഡ് തിരുത്തി മാറ്റുന്ന ഐ.കെ.എം രീതിക്കെതിരെയും വിമര്‍ശമുണ്ട്. എന്നാല്‍, ഭരണനിര്‍വഹണം, പദ്ധതി നടത്തിപ്പ് തുടങ്ങിയവ സുതാര്യമാക്കാന്‍ ഏര്‍പ്പെടുത്തിയ സംവിധാനങ്ങള്‍ ഏറെ മാതൃകാപരമെന്നാണ് ഐ.കെ.എം വിലയിരുത്തല്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.