എറണാകുളം ജില്ലയിൽ 3094 വോട്ടിങ് യന്ത്രങ്ങള്‍ പരിശോധന പൂര്‍ത്തിയാക്കി

കൊച്ചി: ലോക്‌സഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് എറണാകുളം ജില്ലയിൽ 3094 വോട്ടിങ് യന്ത്രങ്ങള്‍ പരിശോധന പൂര്‍ത്തിയാക്കിയെന്ന് കലക്ടർ എന്‍.എസ്.കെ. ഉമേഷ്  വാർത്താസമ്മേളനത്തില്‍ അറിയിച്ചു. ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിന്റെ എം3 മോഡല്‍ മെഷീനാണ് സജ്ജമാക്കിയിട്ടുള്ളത്. 2980 കണ്‍ട്രോള്‍ യൂനിറ്റുകളും 3209 വിവിപാറ്റ് മെഷീനുകളും തയാറാണ്.

സ്ഥാനാര്‍ഥികളുടെ വരവ് ചെലവ് കണക്കാക്കുന്നത് സംബന്ധിച്ച പരിശോധനകള്‍ക്കും നിരീക്ഷണത്തിനുമായി മൂന്ന് ഫ്‌ളൈയിംഗ് സ്‌ക്വാഡുകള്‍, മൂന്ന് സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകള്‍, മൂന്ന് വീഡിയോ സര്‍വൈലന്‍സ് ടീമുകള്‍, ഒരു വീഡിയോ വ്യൂവിംഗ് ടീം, ഒരു അക്കൗണ്ടിംഗ് ടീം എന്നിവ പ്രവര്‍ത്തിക്കുന്നു. വിവിധ സ്‌ക്വാഡുകളിലായി 2545 ഉദ്യോഗസ്ഥരാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് കാലത്ത് പത്ത് ലക്ഷം രൂപക്ക് മുകളിലുള്ള സംശയകരമായ ഇടപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാതല ബാങ്കേഴ്‌സ് സമിതിയില്‍ ഇതു സംബന്ധിച്ച് അറിയിപ്പും നല്‍കി. സ്ഥാനാര്‍ഥികളുടെ അക്കൗണ്ടില്‍ ഒരു ലക്ഷത്തിനു മുകളിലുളള ഇടപാടുകളും നിരീക്ഷിക്കും. സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കുന്ന സ്ഥാനാര്‍ഥിയുടെ അടുത്ത ബന്ധുക്കളുടെ അക്കൗണ്ടിലും ഒരു ലക്ഷത്തിനു മുകളിലുള്ള ഇടപാടുകള്‍ നിരീക്ഷിക്കും. എടിഎം കൗണ്ടറുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് എല്ലാ ബാങ്കുകളും ആവശ്യമായ രേഖകള്‍ സൂക്ഷിക്കണമെന്നും കലക്ടര്‍ അറിയിച്ചു.

12864 പോളിങ് ഉദ്യോഗസ്ഥരാണ് ജില്ലയില്‍ തിരഞ്ഞെടുപ്പ് നടത്തിപ്പിനായി ആവശ്യമുള്ളത്. 237 ബസുകളും 15 മിനി ബസുകളും ഒരു ബോട്ടും 400 ലൈറ്റ് മോട്ടോര്‍ വാഹനങ്ങളുമാണ് തിരഞ്ഞെടുപ്പ് നടത്തിപ്പിനായി ജില്ലയില്‍ ആവശ്യമുളളത്. ജില്ലയിലെ എല്ലാ പോളിംഗ് ബൂത്തുകളും പൂര്‍ണ്ണമായും ഉയര്‍ന്ന ഗുണനിലവാരമുളളതാണ്. എല്ലാ ബൂത്തുകളും ഗ്രൗണ്ട് ഫ്‌ളോറിലായിരിക്കും സജ്ജമാക്കുക. 2080 ബൂത്തുകളിലാണ് റാമ്പുകള്‍ സജ്ജമായിട്ടുള്ളത്. എല്ലാ ബൂത്തുകളിലും റാമ്പുകള്‍ സജ്ജമാക്കും. വള്‍നെറബിള്‍ ബൂത്തുകള്‍ ജില്ലയില്‍ ഇല്ല.

പോളിങ് ഉദ്യോഗസ്ഥര്‍ക്കൊഴികെ വിവിധ സ്‌ക്വാഡുകളില്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന എല്ലാ ഉദ്യോഗസ്ഥര്‍ക്കുമുളള പരിശീലനം പൂര്‍ത്തിയായി. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 78.68 ശതമാനം ആയിരുന്നു എറണാകുളം ജില്ലയിലെ പോളിങ് ശതമാനം. ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ 80.43 ശതമാനം പേരും എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ 77.56 ശതമാനം പേരുമാണ് വോട്ട് രേഖപ്പെടുത്തിയത്.

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. മാര്‍ച്ച് 28 ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. ഏപ്രില്‍ നാലാം തീയതിയാണ് പത്രിക സമര്‍പ്പണത്തിനുള്ള അവസാന തീയതി. അഞ്ചാം തീയതി പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി എട്ടാം തിയതിയാണ്.

ജില്ലയിലെ ആകെ വോട്ടര്‍മാര്‍ - 2,59,7594, സ്ത്രീകള്‍ - 1,26,4470, പുരുഷന്‍മാര്‍ - 1,33,3097, ട്രാന്‍സ്‌ജെന്‍ഡര്‍ - 27, 85 വയസിന് മുകളില്‍ പ്രായമുള്ളവര്‍ - 28,093, ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ - 18,855, 18നും 19നും ഇടയില്‍ പ്രായമുള്ളവര്‍ - 19,841

എത്തിച്ചേരാന്‍ പ്രയാസമുള്ള ഏഴ് ബൂത്തുകളാണ് എറണാകുളം ജില്ലയിലുളളത്. പെരുമ്പാവൂര്‍-കമ്മ്യൂണിറ്റി ഹാള്‍, പൊങ്ങന്‍ചുവട് (235 വോട്ടര്‍മാര്‍), എറണാകുളം- കുറുങ്കോട്ട ദ്വീപ് (262), കോതമംഗലം - താളുംകണ്ടം(99), തലവച്ചപ്പാറ (426), തേരക്കുടി (61), കുഞ്ചിപ്പാറ (258), വാരിയംകുടി (168).

രണ്ട് ലോക്‌സഭാ മണ്ഡലങ്ങളാണ് എറണാകുളം ജില്ലയിലുള്ളത്- എറണാകുളം, ചാലക്കുടി.  പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, കുന്നത്തുനാട്, കയ്പമംഗലം (69), ചാലക്കുടി (72), കൊടുങ്ങല്ലൂര്‍ (73) എന്നീ മണ്ഡലങ്ങളാണ് ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലുള്ളത്. 11 ആണ് ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിന്റെ കോഡ് നമ്പര്‍. എറണാകുളം ലോക്‌സഭാ മണ്ഡലത്തിന്റെ കോഡ് നമ്പര്‍ 12 ആണ്. കളമശേരി, പറവൂര്‍, വൈപ്പിന്‍, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര എന്നീ മണ്ഡലങ്ങളാണ് എറണാകുളം ലോക്‌സഭാ മണ്ഡലത്തിലുള്ളത്. പിറവം കോട്ടയം ലോക്‌സഭാ മണ്ഡലത്തിലും മുവാറ്റുപുഴ, കോതമംഗലം ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലുമാണ്.

അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ -പെരുമ്പാവൂര്‍ - പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍, അങ്കമാലി - ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ മലയാറ്റൂര്‍, ആലുവ - എല്‍. എ ഡെപ്യൂട്ടി കലക്ടര്‍, കളമശ്ശേരി - ജില്ലാ സപ്ലൈ ഓഫീസര്‍, പറവൂര്‍ - എല്‍. ആര്‍ ഡെപ്യൂട്ടി കലക്ടര്‍, വൈപ്പിന്‍ - എല്‍. എസ്. ജി. ഡി ജോയിന്റ് ഡയറക്ടര്‍, കൊച്ചി - സബ്കലക്ടര്‍, തൃപ്പൂണിത്തുറ - ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍, എറണാകുളം - ആര്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍, തൃക്കാക്കര - ലേബര്‍ ഓഫീസര്‍, കുന്നത്തുനാട് - ജില്ലാ രെജിസ്ട്രാര്‍, പിറവം - ഡി.ഡി സര്‍വേ, മുവാറ്റുപുഴ - ആര്‍. ഡി. ഒ മൂവാറ്റുപുഴ, കോതമംഗലം - ഡി.എഫ്.ഒ കോതമംഗലം എന്നിവരാണ്.

ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍. എറണാകുളം മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രം കളമശേരി കൊച്ചി സര്‍വകലാശാലയും ചാലക്കുടി മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രം ആലുവ യു.സി കോളജുമാണ്.

Tags:    
News Summary - 3094 voting machines have been inspected in Ernakulam district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.