തിരുവനന്തപുരം: ഇളവുകള്‍ വെട്ടിക്കുറച്ചും ഫ്ലെക്സി നിരക്കിൽ ട്രെയിനുകളോടിച്ചും കഴിഞ്ഞ അഞ്ചു വർഷത്തിനിടെ (2023 ഫെബ്രുവരി വരെ) റെയിൽവേ സ്വന്തമാക്കിയത് 3792 കോടി രൂപയുടെ അധിക വരുമാനം. പ്രീമിയം തത്കാലിൽനിന്ന് 2399 കോടി രൂപയും തത്കാലിൽനിന്ന് 5937 കോടി രൂപയും അഞ്ചുവർഷത്തിനിടെ റെയിൽവേ സമാഹരിച്ചു. മുതിർന്ന പൗരന്മാരുടേത് ഉൾപ്പെടെ കോവിഡ് കാലത്ത് പിൻവലിച്ച ഇളവുകൾ പോലും പുനഃസ്ഥാപിക്കാൻ സർക്കാർ തയാറല്ലെന്നിരിക്കെയാണ് ടിക്കറ്റ് ബുക്കിങ് വഴി റെയിൽവേക്ക് ലഭിച്ച അധിക വരുമാനത്തിന്റെ കുതിച്ചുയരുന്ന കണക്കുകൾ.
2021നെ അപേക്ഷിച്ച് 2022ൽ 76 ശതമാനമാണ് ടിക്കറ്റ് ഇനത്തിലെ വരുമാന വർധന. 2021 ഏപ്രിൽ മുതൽ നവംബർ 30 വരെ 23,483.87 കോടിയായിരുന്നു ടിക്കറ്റ് വരുമാനമെങ്കിൽ 2022ൽ ഇതേ കാലയളവിൽ 41,335.16 കോടിയായാണ് വർധിച്ചത്. അധിക വരുമാനമാകട്ടെ 17,851.29 കോടിയും. ചരക്ക് വരുമാനത്തിലെ വർധന 16.15 ശതമാനം മാത്രമാണ്.
യാത്ര ആനുകൂല്യങ്ങൾ റെയിൽവേക്ക് ഭാരമാകുന്നെന്ന വിലയിരുത്തലിനെ തുടർന്ന് 2016 മുതൽതന്നെ ഇളവുകളിൽ കൈവെക്കാൻ നീക്കങ്ങൾ തുടങ്ങിയിരുന്നു. വിവിധ വിഭാഗം യാത്രക്കാർക്കായി 53ഓളം കൺസഷനുകൾ വഴി പ്രതിവർഷം കോടികളുടെ അധികബാധ്യതയുണ്ടാകുന്നെന്നാണ് റെയിൽവേ ബോർഡ് ആവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.