ചത്ത മത്സ്യങ്ങളെ നെടുമ്പാശ്ശേരി കുറുന്തലക്കോട്ട് ചിറക്ക് സമീപം ഉപേക്ഷിച്ച നിലയിൽ. മത്സ്യബന്ധനത്തിനുപയോഗിച്ച കുട്ട

അനധികൃതമായി മീൻപിടിച്ച തമിഴ് സംഘം പിടിയിൽ; പഞ്ചായത്ത് ഇടപെട്ട് പിഴ അടപ്പിച്ചു

അത്താണി: അർധരാത്രി നെടുമ്പാശ്ശേരി കുറുന്തലക്കോട്ട് ചിറയിൽ നിന്ന് അനധികൃതമായി മത്സ്യംപിടിച്ച തമിഴ് സംഘത്തെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. പഞ്ചായത്ത് മുൻകൈയെടുത്ത് നവീകരിച്ച് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച കുറുന്തലക്കോട്ട് ചിറയിൽനിന്ന് 195 കിലോ മീൻപിടിച്ച സ്ത്രീയടക്കമുള്ള അഞ്ചംഗ സംഘമാണ് പിടിയിലായത്. പഞ്ചായത്ത് ഇടപെട്ട് പിഴ ഈടാക്കിയ ശേഷം ഇവരെ വിട്ടയച്ചു.

ദേശീയപാതയിൽ നെടുമ്പാശ്ശേരി കേരള ഫാർമസിക്ക് സമീപമാണ് ചിറ. കുട്ടയിൽ സഞ്ചരിച്ച് വലകളുപയോഗിച്ചാണ് മത്സ്യം പിടിച്ചതെന്ന് ഇവർ പറയുന്നു. എന്നാൽ, വിഷരൂപത്തിലുള്ള രാസപദാർഥമുപയോഗിച്ചാണ് സംഘം മത്സ്യക്കുരുതി നടത്തിയതെന്നാരോപിച്ച് നാട്ടുകാർ കുട്ടകൾ കത്തിച്ചു. ഇതിന്റെ കുപ്പികൾ കരയിൽനിന്ന് കണ്ടെടുത്തുവെന്നും നാട്ടുകാർ പറഞ്ഞു. ചിറയിലും പരിസരത്തും മത്സ്യങ്ങൾ ചത്ത് പൊങ്ങിയ നിലയിലും കരയിലെ പുല്ലിലും മറ്റും ചിതറിക്കിടക്കുന്ന നിലയിലും കണ്ടെത്തിയിട്ടുണ്ട്. ചിറയിലെ വെള്ളം മലിനമാവുകയും പരിസരമാകെ അസഹ്യമായ ദുർഗന്ധം അനുഭവപ്പെടുന്നതായും നാട്ടുകാർ പറയുന്നു. വളർച്ച പ്രാപിക്കാത്ത മത്സ്യങ്ങളെ വരെ പിടിച്ചതായും ഇവർ ആരോപിച്ചു.അത്തരം വിഷയങ്ങൾ അന്വേഷിക്കുമെന്നും അനധികൃത മത്സ്യ ബന്ധനം തടയാൻ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് പി.വി.കുഞ്ഞ് അറിയിച്ചു.

തമിഴ് സംഘം മത്സ്യബന്ധനത്തിന് ഉപയോഗിച്ച കുട്ട നെടുമ്പാശ്ശേരി കുറുന്തലക്കോട്ട് ചിറക്ക് സമീപം കത്തിച്ച നിലയിൽ 

പിടിച്ച മത്സ്യങ്ങൾ മാർക്കറ്റിലെത്തിക്കാൻ ഓട്ടോയിൽ കയറ്റുന്നതിനിടെയാണ് നാട്ടുകാർ സംഭവമറിഞ്ഞത്. തുടർന്ന് ഓട്ടോയും മത്സ്യങ്ങൾ നിറഞ്ഞ ഏതാനും വലകളും തടഞ്ഞുവെച്ചു. വിവരമറിഞ്ഞ് നെടുമ്പാശ്ശേരി പൊലീസും പഞ്ചായത്ത് പ്രസിഡന്‍റ് പി.വി. കുഞ്ഞ്, വാർഡംഗം ബിന്ദു സാബു തുടങ്ങിയവരും സ്ഥലത്തെത്തി.

കഴിഞ്ഞ ഒന്നരപതിറ്റാണ്ടിലധികമായി മത്സ്യഫെഡിന്‍റെ സഹകരണത്തോടെ പഞ്ചായത്ത് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പഞ്ചായത്തിലെ പ്രധാന ജലാശയമാണ് കുറുന്തലക്കോട്. ഇന്നലെ രാത്രി 11 മണിയോടെ ഓട്ടോയിൽ വലകളും കുട്ടകളുമായെത്തിയ സംഘം ചിറയിലെ വിവിധ ഭാഗങ്ങളിൽ വലനാട്ടുകയായിരുന്നു. പൂമീൻ ഇനത്തിൽപെട്ട 195 കിലോ പുല്ലൻ മത്സ്യമാണ് പിടിച്ചെടുത്തത്. സംഘത്തിൽ നിന്ന് പഞ്ചായത്ത് അധികൃതർ പിഴ ഈടാക്കിയശേഷം മത്സ്യം വിൽപന നടത്താൻ വിട്ടയച്ചു. തമിഴ്നാട്ടിലെ പരമ്പരാഗത മത്സ്യത്തൊളിലാളികളാണ് സംഘമെന്നാണ് സൂചന. പിഴ അടച്ചില്ലെങ്കിൽ കേസെടുക്കുമെന്നും മറ്റ് പരാതികളുണ്ടെങ്കിൽ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - 5 Tamil nadu natives arrested for illegal fishing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.