റിയാദ്: കുമിഞ്ഞുകൂടിയ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴകൾക്ക് 50 ശതമാനം ഇളവ് നൽകാനുള്ള തീരുമാനം നടപ്പിലാക്കാൻ തുടങ്ങിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സൗദിയിലെ പൗരന്മാർ, താമസക്കാർ, സന്ദർശകർ, അറബ് ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർ എന്നിവർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഏപ്രിൽ അഞ്ചിനാണ് ഈ വർഷം ഏപ്രിൽ 18 വരെയുള്ള ട്രാഫിക് പിഴകൾക്ക് 50 ശതമാനവും അതിനു ശേഷം രേഖപ്പെടുത്തുന്ന നിയമലംഘന പിഴകൾക്ക് 25 ശതമാനവും ഇളവ് നൽകാനുള്ള സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും ഉത്തരവ് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്.
പിഴകൾക്ക് 50 ശതമാനം ഇളവ് ലഭിക്കുന്നതിന് നിയമം പ്രാബല്യത്തിൽ വന്ന ശേഷം ആറ് മാസത്തിനുള്ളിൽ എല്ലാ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴകളും അടക്കാൻ നിയമലംഘകൻ മുൻകൈയെടുക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. ഒരോ പിഴകളും വെവ്വേറെയോ ഒന്നിച്ചോ അടയ്ക്കാവുന്നതാണ്. പൊതുസുരക്ഷയെ ബാധിക്കുന്ന കേസുകളിൽ ചുമത്തിയ പിഴകൾക്ക് ഇളവ് ലഭിക്കുന്നതല്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഏപ്രിൽ 18 വ്യാഴാഴ്ച മുതൽ ഇളവിൽ ഉൾപ്പെട്ട ട്രാഫിക് ലംഘനങ്ങൾക്കുള്ള പിഴകൾ ബാങ്കുകളിലെ പേയ്‌മെൻറ് സംവിധാനങ്ങളിലൂടെ 50 ശതമാനം സ്വയമേവ കുറഞ്ഞതായി റിപ്പോർട്ടുണ്ട്. ഇത് ആറ് മാസത്തേക്ക് തുടരും.
അതേസമയം, ട്രാഫിക് ലംഘനങ്ങൾക്ക് പണം അടക്കുമ്പോൾ ബാങ്കുകളുടെയും ഡിജിറ്റൽ വാലറ്റുകളുടെയും ഔദ്യോഗിക ആപ്ലിക്കേഷനുകൾ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്ന് സൗദി ബാങ്കുകളുടെ ബാങ്കിങ് ഇൻഫർമേഷൻ ആൻഡ് അവയർനസ് കമ്മിറ്റി മുന്നറിയിപ്പ് നൽകി. ഏപ്രിൽ 18 വ്യാഴാഴ്ച മുതൽ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴകൾക്ക് 50 ശതമാനം ഇളവ് നൽകാനുള്ള തീരുമാനം നടപ്പിലാക്കാൻ തുടങ്ങിയ സാഹചര്യത്തിലാണിത്. പേയ്‌മെൻറ് എളുപ്പമാണെന്ന് അവകാശപ്പെട്ട് ഉപഭോക്താക്കൾക്ക് വ്യാജ ലിങ്കുകൾ അയക്കുന്ന നിരവധി തട്ടിപ്പ് സംഘങ്ങളുണ്ട്. ഈ സാഹചര്യം മുതലെടുത്ത് അവർ രംഗത്തുണ്ടാകും. അവരെ കരുതിയിരിക്കണമെന്ന് വ്യാജവും അജ്ഞാതവുമായ ലിങ്കുകളിലൂടെ പണം അടക്കരുതെന്നും ബാങ്കിങ് ഇൻഫർമേഷൻ ആൻഡ് അവയർനസ് കമ്മിറ്റി അറിയിച്ചു.
ബാങ്കുകളുടെ ഔദ്യോഗിക ആപ്ലിക്കേഷനുകളും വെബ്‌സൈറ്റുകളും ഉപയോഗിച്ച് ഗതാഗത നിയമലംഘനങ്ങൾക്ക് സുരക്ഷിതമായി പണമടയ്ക്കാൻ കഴിയുമെന്ന് അവയർനസ് കമ്മിറ്റി വിശദീകരിച്ചു. ലംഘന പിഴകളിൽ കിഴിവ് സ്വയമേവ ദൃശ്യമാകും. ഏതെങ്കിലും അപേക്ഷ സമർപ്പിക്കുകയോ വ്യക്തിഗത അല്ലെങ്കിൽ ബാങ്കിങ് വിവരങ്ങൾ ബാഹ്യ ലിങ്കുകളിൽ എഴുതുകയോ ചെയ്യാതെ ഇളവ് ലഭിക്കുമെന്നും പറഞ്ഞു. സാമ്പത്തിക തട്ടിപ്പിൽ വീഴാതിരിക്കാനുള്ള വഴികളെക്കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുന്നതിനായി ബാങ്കിങ് ഇൻഫർമേഷൻ ആൻഡ് അവയർനസ് കമ്മിറ്റിയുടെ നിരന്തരമായ ശ്രമങ്ങളുടെ ചട്ടക്കൂടിലാണ് ഈ മുന്നറിയിപ്പുകൾ വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.