കൊച്ചി: നഗരത്തിൽ സ്വകാര്യബസിന്റെ അമിതവേഗം മറ്റൊരു ജീവൻകൂടി കവർന്നു. സിഗ്നലിൽനിന്ന് പെട്ടെന്ന് മുന്നോട്ടെടുത്ത സ്വകാര്യബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ വൈപ്പിൻ വളപ്പ് കടപ്പുറം സ്വദേശിയും കർത്തേടത്ത് താമസക്കാരനുമായ കല്ലുവീട്ടിൽ കെ.വി. ആന്റണിയാണ് (50) മരിച്ചത്. ബസിടിച്ച് ബൈക്കിൽനിന്ന് വീണ ആന്റണിയുടെ ദേഹത്തുകൂടി അതേ ബസ് കയറുകയായിരുന്നു.
നഗരമധ്യത്തിലെ മാധവ ഫാർമസി ജങ്ഷനിൽ വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് ദാരുണ അപകടം. രാവിലെ ജോലിക്ക് പോവുകയായിരുന്നു ആന്റണി. സംഭവത്തിൽ ബസ് ഡ്രൈവർ കാക്കനാട് സ്വദേശി ദീപകുമാറിനെ (50) എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. സിഗ്നലിൽനിന്ന ബസ് പച്ച ലൈറ്റ് തെളിഞ്ഞതോടെ അതിവേഗം മുന്നോട്ടെടുത്തതാണ് അപകടമുണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു.
ബസിന്റെ കുതിപ്പ് സി.സി.ടി.വി ദൃശ്യങ്ങളിൽ പൊലീസ് സ്ഥിരീകരിച്ചു. പോസ്റ്റ്മോർട്ടം നടപടിക്കുശേഷം മൃതദേഹം കർത്തേടം സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ സംസ്കരിച്ചു. ഭാര്യ: ലിഷ. മക്കൾ: ആൽവിൻ, ക്രിസ്വിൻ (കിച്ചു). കഴിഞ്ഞമാസം 30ന് നഗരത്തിലെ ലിസി ജങ്ഷനിൽ ബസിടിച്ച് യുവതി മരിച്ചിരുന്നു. റോഡ് മുറിച്ചുകടക്കുന്നതിനിടെ കളമശ്ശേരി വിടാക്കുഴയിൽ താമസിക്കുന്ന പള്ളിപ്പാട്ടുപറമ്പ് വീട്ടിൽ അയ്യപ്പന്റെ ഭാര്യ ലക്ഷ്മിയാണ് (43) മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.