കണ്ണൂർ: സി.പി.എമ്മിനകത്തും പുറത്തും ഇ.പി. ജയരാജനെ പ്രതിരോധത്തിലാക്കിയ മൊറാഴയിലെ വൈദേകം ആയുർവേദ ചികിത്സാ കേന്ദ്രവും ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമയ റിട്രീറ്റ്സും തമ്മിൽ നടന്നത് ബിസിനസ് ഡീൽ തന്നെ. വൈദേകം ആയുർവേദ കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതലയാണ് നിരാമയ റിട്രീറ്റ്സിന് കൈമാറിയത്.
2023 ഏപ്രിൽ 15ന് നടന്ന കരാറിന്റെ അടിസ്ഥാനത്തിൽ നടത്തിപ്പ് ചുമതല പൂർണമായും നിരാമയ റിട്രീറ്റ്സിന്റെ അധീനതയിലായി. തുടർന്ന് ‘നിരാമയ റിട്രീറ്റ്സ് വൈദേകം കണ്ണൂർ’ എന്ന് സ്ഥാപനത്തിന്റെ പേര് വൈബ്സൈറ്റിൽ ഉൾപ്പെടെ മാറ്റി. ഇ.പി. ജയരാജൻ ആവർത്തിക്കുന്നതുപോലെ വൈദേകത്തിൽ ചികിത്സ നൽകുന്ന വെറുമൊരു ഏജൻസിയല്ല നിരാമയ റിട്രീറ്റ്സ് എന്നു വ്യക്തം. വൈദേകം ഉടമസ്ഥരായ കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡും നിരാമയ റിട്രീറ്റ്സുമാണ് കരാറിൽ ഒപ്പുവെച്ചത്.
അതേസമയം, നിലവിലെ ആയുർവേദ ചികിത്സാ ബിസിനസിൽ വൈദേകത്തിന്റെ ഉടമകൾക്ക് പങ്കില്ല.
ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിര, മകൻ പി.കെ. ജയ്സൺ എന്നിവരുടെ 91.99 ലക്ഷം രൂപയുടെ ഓഹരിയാണ് കമ്പനിയിലുള്ളത്. ഭാര്യക്കും മകനുമുള്ള ഈ നിക്ഷേപം ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞവർഷം ഡിസംബറിൽ സി.പി.എം സംസ്ഥാന സമിതിയിൽ ഇ.പി. ജയരാജനെതിരെ പി. ജയരാജൻ അനധികൃത സ്വത്ത് സമ്പാദന പരാതി ഉന്നയിച്ചത്. സ്ഥാപനത്തിൽ പലതവണയാണ് ആദായനികുതി-ഇ.ഡി ഉദ്യോഗസ്ഥർ കയറിയിറങ്ങിയിരുന്നത്. ഇതെല്ലാം കണക്കിലെടുത്താണ് സ്ഥാപന നടത്തിപ്പ് കൈമാറാൻ തീരുമാനിച്ചത്.
തിരുവനന്തപുരം: എല്‍.ഡി.എഫ് കണ്‍വീനർ ഇ.പി. ജയരാജനുമായി ബന്ധമുള്ള സ്ഥാപനവും ബി.ജെ.പി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാപനവും തമ്മില്‍ കരാറുണ്ടാക്കി ഒന്നിച്ചാണ് കച്ചവടം നടത്തുന്നതെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വൈദേകം റിസോർട്ടിനെതിരെ ഇന്‍കം ടാക്സ്, ഇ.ഡി പരിശോധനകള്‍ നടന്നതിനു പിന്നാലെയാണ് കരാറുണ്ടാക്കിയത്. ബി.ജെ.പിയെ സന്തോഷിപ്പിക്കാന്‍ പിണറായി വിജയനാണ് ഈ പാവത്തെക്കൊണ്ട് ഇതൊക്കെ പറയിപ്പിക്കുന്നത്.
ഇ.പി. ജയരാജനും രാജീവ് ചന്ദ്രശേഖരനും തമ്മില്‍ കൂടിയാലോചന നടത്തിയെന്ന് ആരോപിച്ചിട്ടില്ല. രണ്ടുപേരുടെയും സ്ഥാപനങ്ങള്‍ തമ്മില്‍ കരാറുണ്ട്. അത് സി.പി.എം - ബി.ജെ.പി രാഷ്ട്രീയബന്ധമായി വളരുകയാണ്. അതിന് കൂടുതല്‍ തെളിവ് വേണമെങ്കില്‍ എം.വി. ഗോവിന്ദൻ കേസ് കൊടുക്കട്ടെ. കോടതിയില്‍ മുഴുവന്‍ രേഖകളും ഹാജരാക്കാമെന്ന് സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.