കണ്ണൂർ: കണ്ണൂർ നഗരമധ്യത്തിലെ പള്ളിക്കുള്ളിൽ ചാണകം വിതറിയ നിലയിൽ. മാർക്കറ്റിലെ ചെമ്പുട്ടി ബസാറിലെ മൊയ്തീൻ ജുമാമസ്ജിദിലാണ് സംഭവം. പള്ളി മിഹ്റാബിനും പ്രസംഗപീഠത്തിനുമിടയിലും പുറംപള്ളിയിലുമാണ് ചാണകം കാണപ്പെട്ടത്. അംഗശുദ്ധി വരുത്താൻ ഉപയോഗിക്കുന്ന ജലസംഭരണിയിലും ചാണകം കലർത്തി.
വെള്ളിയാഴ്ച ജുമുഅ നമസ്കാരം കഴിഞ്ഞ് വിശ്വാസികൾ പള്ളിയിൽ നിന്നു പോയതിനു ശേഷമായിരുന്നു സംഭവം. വൈകിട്ട് മൂന്നോടെ പള്ളി പരിചാരകൻ അബ്ദുൽഅസീസ് സംഭവം ആദ്യം കാണുകയും പള്ളികമ്മിറ്റിയിൽ വിവരമറിയിക്കുകയായിരുന്നു.
അക്രമത്തിന് പിന്നിൽ ആരെന്ന് വ്യക്തമയിട്ടില്ല. പള്ളിയിൽ സി.സി. ടി.വി സംവിധാനമില്ല. സമീപത്തെ ഒരു സി.സി. ടി.വി പരിശോധിച്ചതിൽ സംഭവം നടന്നതായി കരുതുന്ന 2.16നും 2.42നുമിടയിൽ ചിലർ പള്ളിയിലേക്ക് പോകുന്നത് കണ്ടതായി പൊലീസ് പറഞ്ഞു. കാംബസാർ പള്ളിസഭ സെക്രട്ടറി പി. അബ്ദുൽജബ്ബാർ നൽകിയ പരാതിയെ തുടർന്ന് കണ്ണൂർ ഡി.ഐ.ജി രാഹുൽ ആർ. നായർ, സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പള്ളിയിലെത്തി പരിശോധന നടത്തി. കണ്ണൂർ മേയർ ടി.ഒ മോഹനനും പള്ളി സന്ദർശിച്ചു.
നഗരത്തിൽ തിരക്കേറിയ ഇടമാണ് മാർക്കറ്റിലെ ചെമ്പൂട്ടി ബസാർ മേഖല. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് നൂറുകണക്കിന് വിശ്വാസികൾ എത്തിയ പള്ളിയിൽ അവർ പിരിഞ്ഞു പോയതിന് പിന്നാലെയാണ് അതിക്രമം നടന്നത്. പ്രദേശത്ത് പള്ളിയുമായി ബന്ധപ്പെട്ടോ അല്ലാതെയോ പ്രശനങ്ങളൊന്നും നിലവില്ലെന്ന് ബന്ധപ്പെട്ടവർ പറയുന്നു.
അതുകൊണ്ടുതന്നെ സമാധാന അന്തരീക്ഷം തകർക്കാൻ പോന്ന അക്രമത്തിന് പിന്നിലെ പ്രകോപനം എന്തെന്നറിയാത്ത അമ്പരപ്പിലാണ് പള്ളി കമ്മിറ്റിയും പൊലീസും . സംഭവം ഗൗരവത്തിലെടുത്തിട്ടുണ്ടെന്നും സമീപത്തെ കൂടുതൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നുംപൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.