വി.​ഡി. സ​തീ​ശ​ൻ

പൂരം കലക്കൽ: എ.ഡി.ജി.പിയുടെ റിപ്പോർട്ടിന് എന്ത് പ്രസക്തി; ജുഡീഷ്യൽ അന്വേഷണം വേണം -വി.ഡി. സതീശൻ

തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിൽ അന്വേഷണം നടത്തിയത് ആരോപണ വിധേയനായ ഉദ്യോഗസ്ഥനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രഹസനമായ അന്വേഷണമാണ് ഇതുസംബന്ധിച്ച് നടത്തിയത്. അതിനാൽ റിപ്പോർട്ടിനും പ്രസക്തിയില്ല. പൂരം കലക്കലിൽ ജുഡീഷ്യൽ അന്വേഷണമാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

പൂരം കലക്കലിൽ ഒരു അന്വേഷണവും നടന്നിട്ടില്ല. ഇന്നലെ തട്ടികൂട്ടിയ റിപ്പോർട്ടാണിത്. മുഖ്യമന്ത്രിയുടേയും എ.ഡി.ജി.പിയുടെയും അറിവോടെയാണ് ഇക്കാര്യത്തിൽ ഗൂഢാലോചന നടത്തിയത്.ബി.ജെ.പിയെ ജയിപ്പിക്കുകയായിരുന്നു പൂരം കലക്കലിലൂടെ സി.പി.എം ലക്ഷ്യമിട്ടതെന്നും വി.ഡി സതീശൻ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ ഇപ്പോൾ പാർട്ടിയിൽ പടയൊരുക്കം നടക്കുകയാണ്. പാർട്ടിക്ക് പുറത്തുള്ള എം.എൽ.എയെ ഉപയോഗിച്ച് മുഖ്യമന്ത്രിക്കെതിരെ പടനീക്കം നടത്തുകയാണ് ചെയ്യുന്നത്. തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട വിവാദത്തിൽ അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസം എ.ഡി.ജി.പി സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇതുസംബന്ധിച്ച പ്രതികരണങ്ങൾ ശക്തമാവുന്നത്.

തൃശൂർ പൂരം അലങ്കോലമാക്കിയതിൽ ബാഹ്യ ഇടപെടലില്ലെന്നാണ് എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോർട്ട്. ഇക്കാര്യത്തിൽ ബോധപൂർവമായ ഗൂഢാലോചനയോ അട്ടിമറിയോ ഉണ്ടായിട്ടില്ല. അന്നത്തെ സിറ്റി പൊലീസ് കമീഷണറായിരുന്നു അങ്കിത് അശോകിനെ മാത്രം കുറ്റപ്പെടുത്തിയാണ് റിപ്പോർട്ട്.

കമീഷണർ അങ്കിത് അശോകിന്റെ പരിചയക്കുറവാണ് പ്രശ്നങ്ങൾക്കിടയാക്കിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അനുനയിപ്പിക്കുന്നതിലും വീഴ്ച പറ്റി. തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് അഞ്ച് മാസം കഴിഞ്ഞിട്ടും പുറത്ത് വരാത്തത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.

Tags:    
News Summary - A judicial inquiry is needed VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.