വീട്ടുകാരറിയാതെ മുഖ്യമന്ത്രിയെ കാണാൻ 10 മണിക്കൂർ യാത്ര, ഒടുവിൽ കണ്ടു മടങ്ങി

തിരുവനന്തപുരം :  കോഴി​ക്കോട്ട് നിന്ന് പ്ലസ് വൺ വിദ്യാർഥി വീട്ടുകാരറിയാതെ മുഖ്യമന്ത്രിയെ കാണാൻ വണ്ടികയറി. ഒടുവിൽ 16 കാരനെ ഓഫീസിൽ വിളിച്ച് കാര്യങ്ങൾ തിരക്കി മുഖ്യമന്ത്രി. കുറ്റ്യാടി കാക്കുനി സ്വദേശി ആവള ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ ഹ്യുമാനിറ്റീസ്‌ വിദ്യാർഥി നടത്തിയത് അക്ഷരാർഥത്തിൽ സാഹസിക യാത്രയാണ്.

ശനിയാഴ്ച രാവിലെ വടകരയിൽ നിന്ന് ഏറനാട് എക്സ്പ്രസിൽ കയറിയ കുറ്റ്യാടി വേളം പഞ്ചായത്ത് സ്വദേശിയായ ദേവനന്ദൻ രാത്രി ഒമ്പതോടെയാണ് തിരുവനന്തപുരത്ത് എത്തിയത്. തമ്പാനൂരിൽ നിന്ന് ഓട്ടോയിൽ ക്ലിഫ് ഹൗസ് സ്ഥിതി ചെയ്യുന്ന ദേവസ്വം ബോർഡ് ജംഗ്ഷനിൽ എത്തി.

മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് പോകണമെന്ന് സുരക്ഷ ചുമതലയുണ്ടായിരുന്ന പൊലീസുകാരോട് ആവശ്യപ്പെട്ടു. സംശയം തോന്നിയ പൊലീസുകാർ വിദ്യാർഥിയെ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. രാത്രി ഭക്ഷണം വാങ്ങി നൽകിയ പൊലീസ് വിദ്യാർഥി സുരക്ഷിതനാണെന്ന് പിതാവ് തറക്കണ്ടി രാജീവനെ അറിയിച്ചു. മകനെ കാണാതെ പരിഭ്രാന്തരായി ഇരിക്കുകയായിരുന്ന രക്ഷിതാക്കാൾക്ക് പൊലീസിന്റെ സന്ദേശം ആശ്വാസമായി.

രാവിലെ രാജീവൻ മ്യൂസിയം സ്റ്റേഷനിലെത്തി. മുഖ്യമന്ത്രിയെ കാണാൻ ആണ് വന്നതെന്ന് പറഞ്ഞതോടെ പൊലീസ് രാവിലെ തന്നെ വിവരം അധികാരികളെ അറിയിക്കുകയായിരുന്നു.

Full View

സംഭവം അറിഞ്ഞ മുഖ്യമന്ത്രി ദേവനന്ദനെയും പിതാവ് രാജീവനേയും ചേംബറിലേക്ക് വിളിപ്പിച്ചു. വീട്ടുകാർ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് പലിശക്ക് പണം വാങ്ങിയെന്നും അതിന്റെ ലോൺ തിരിച്ചടവ് മുടങ്ങിയതോടെ അവർ ശല്യം ചെയ്യുകയാണ് എന്നുമായിരുന്നു ദേവനന്ദന്റെ പരാതി. കാര്യങ്ങൾ ക്ഷമയോടെ കേട്ട മുഖ്യമന്ത്രി വീട്ടുകാരോട് പറയാതെ യാത്ര ചെയ്തതിന് വിദ്യാർഥിയെ സ്നേഹത്തോടെ ഉപദേശിച്ചു.

ഇനി വീട്ടുകാരോട് പറയാതെ എവിടെയും പോകരുതെന്ന് നിർദേശിച്ച ശേഷം ഇരുവരേയും യാത്രയാക്കി . ദേവനന്ദൻ ഉന്നയിച്ച പരാതിയിൽ സർക്കാരിന് എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. തന്റെ പരാതി കേൾക്കാൻ മുഖ്യമന്ത്രി തയാറായതോടെ യാത്രയുടെ ഉദ്ദേശം സഫലീകരിച്ച സന്തോഷത്തിലാണ് ദേവനന്ദൻ. 

Tags:    
News Summary - A Plus One student from Wayanad drove to meet the Chief Minister without the knowledge of his family and finally met him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.