നിലമ്പൂർ: മൂന്നു ദിവസം മുമ്പ് വീട്ടില്‍നിന്ന് കാണാതായ യുവാവിനെ ബന്ധുവായ യുവതിക്കൊപ്പം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നിലമ്പൂര്‍ മുതിരിയിലാണ് സംഭവം. മരത്തില്‍ ഒരേ തുണിയുപയോഗിച്ച് തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. നിലമ്പൂര്‍ മുതിരി കാഞ്ഞിരക്കടവ് സ്വദേശി വിനീഷ് (21), ഗൂഡല്ലൂര്‍ സ്വദേശി രമ്യ (21) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയോടെ മുള്ളുള്ളിയിലെ റബ്ബര്‍ തോട്ടത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവരും ഏതാനും വര്‍ഷങ്ങളായി പ്രണയത്തിലാണ്. വിനീഷിന്റെ പിതാവ് ചന്ദ്രന്റെ ബന്ധുവാണ് രമ്യ. ഇരുവരുടേയും വിവാഹം നടത്താന്‍ ബന്ധുക്കള്‍ സമ്മതം നല്‍കിയിരുന്നതാണ്. വിനീഷിന്റെ ജ്യേഷ്ഠന്റെ വിവാഹ ശേഷം ഇവരുടെ വിവാഹം നടത്താമെന്ന് രണ്ട് വീട്ടുകാരും ഉറപ്പ് നല്‍കിയിരുന്നുവെത്രെ.
റബ്ബര്‍ തോട്ടത്തിലെ തൊഴിലാളികളാണ് മൃതദേഹങ്ങള്‍ കണ്ടത്. നിലമ്പൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും. വിനീഷ് മൂന്നു ദിവസം മുമ്പ് വീട്ടില്‍ നിന്ന് പോയതായിരുന്നു. ഇന്നലെ വൈകീട്ട് രമ്യയുടെ ഫോണില്‍ നിന്ന് വീട്ടിലേക്ക് വിളിച്ച് വിവാഹം നടത്തിത്തരണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഫോണ്‍ കട്ടാക്കി.
ഇന്ന് ഉച്ചയോടെ രണ്ട് പേരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൂലിത്തൊഴിലാളിയാണ് വിനീഷ്. പിതാവ്: ചന്ദ്രന്‍. മാതാവ്: രജനി. സഹോദരങ്ങള്‍: മനേഷ്, ബിനീഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.