കോട്ടയം: സിസ്റ്റർ അഭയ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാത്ത സി.ബി.ഐ നടപടി ചോദ്യം ചെയ്ത് പ്രധാനമന്ത്രിക്ക് പരാതി. കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിനെ ഇരട്ട ജീവപര്യന്തത്തിനും മൂന്നാം പ്രതി സിസ്റ്റർ സെഫിയെ ജീവപര്യന്തം കഠിനതടവിനും തിരുവനന്തപുരം സി.ബി.ഐ കോടതി 2020 ഡിസംബർ 23ന് ശിക്ഷിച്ചതാണ്.
രണ്ട് പ്രതികൾക്കും കേരള ഹൈകോടതി ജാമ്യം കൊടുത്തതിനെതിരെ സി.ബി.ഐ സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്യാത്തതിലെ പരാതിയാണ് സിസ്റ്റർ അഭയ കേസ് ആക്ഷൻ കൗൺസിലിന്റെ കൺവീനർ ജോമോൻ പുത്തൻപുരയ്ക്കൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ചത്.
31 വർഷമായി ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് നിയമപോരാട്ടം നടത്തിയതിന്റെ ഫലമായാണ് രണ്ട് പ്രതികളെ സി.ബി.ഐ കോടതി ഒടുവിൽ ശിക്ഷിച്ചത്. കേരള പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയാക്കി എഴുതിത്തള്ളിയ കേസാണിത്. സംസ്ഥാന സർക്കാറിന്റെ ശിപാർശയെ തുടർന്നാണ് സി.ബി.ഐ അന്വേഷണം നടത്തി 15 വർഷത്തിനുശേഷം 2008ൽ പ്രതികളെ അറസ്റ്റ് ചെയ്തത്.
28 വർഷത്തിനുശേഷം 2020 ഡിസംബർ 23നാണ് പ്രതികളെ കോടതി ശിക്ഷിച്ചത്. എന്നാൽ, പിന്നീട് രണ്ട് പ്രതികൾക്കും ഹൈകോടതി ജാമ്യം അനുവദിച്ചു. പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഭിഭാഷകരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായും പരാതിയിൽ പറയുന്നു. പ്രതികൾക്ക് ജാമ്യം കൊടുത്ത ഉത്തരവ് റദ്ദ് ചെയ്യാനായി സി.ബി.ഐ സ്പെഷൽ ലീവ് പെറ്റീഷൻ സുപ്രീംകോടതിയിൽ ഫയൽ ചെയ്യാൻ ഒന്നരവർഷം കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തതിനാലാണ് പരാതി നൽകുന്നതെന്ന് ജോമോൻ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.