തിരുവല്ല: എം.സി റോഡിൽ കുറ്റൂരിന് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തെ തുടർന്ന് മറിഞ്ഞ ലോറിക്കടിയിൽപ്പെട്ട് ക്ലീനർക്ക് ദാരുണാന്ത്യം. രണ്ട് പേർക്ക് പരുക്കേറ്റു. ഇന്നലെ രാവിലെ ആറ് മണിയോടെ ആറാട്ട് കടവ് ജംഗ്ഷനിലായിരുന്നു അപകടം. എറണാകുളം പട്ടിമറ്റം കട്ടക്കളത്തിൽ എ. അജ്മൽ (24) ആണ് മരിച്ചത്. ബൈക്ക് യാത്രികനായ കല്ലിശ്ശേരി ചക്കാലയിൽ മുരളിധരൻ, കാർ ഡ്രൈവർ തിരുവല്ല പൈനുംമൂട്ടിൽ വർഗീസ് മാത്യു (54) എന്നിവർക്കാണ് പരിക്കേറ്റത്.
ലോറി ഡ്രൈവർ തൊടുപുഴ തുരുത്തി കുന്നേൽ വിനീഷ് പരിക്ക് ഏൽക്കാതെ രക്ഷപ്പെട്ടു. തിരുവല്ല ഭാഗത്തു നിന്നും കറി പൊടികളുമായി ചെങ്ങന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ലോറി ഇടതുവശത്തേക്ക് മറിഞ്ഞു. ഈ സമയം പിന്നാലെയെത്തിയ ബൈക്ക് മറിഞ്ഞ ലോറിയിലിടിച്ചാണ് ബൈക്ക് യാത്രികന് പരുക്കേറ്റത്.
അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ലോറിക്കടിയിൽ അകപ്പെട്ട അജ്മലിനെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേനയും പോലീസും ചേർന്ന് ക്രെയിൻ ഉപയോഗിച്ച് വാഹനം ഉയർത്തി പുറത്തെടുക്കുമ്പോഴേക്കും അജ്മൽ മരണപ്പെട്ടിരുന്നു.
പരിക്കേറ്റവരെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തിരുവല്ല പോലീസ് കേസെടുത്തു. എം.സി റോഡിൽ തുകലശേരിക്കും കല്ലിശ്ശേരിക്കുമിടയിൽ കഴിഞ്ഞ ആറു മാസത്തനിടെ മാത്രം ഒരു ഡസനോളം അപകടങ്ങളാണ് ഉണ്ടായത്. അടുത്തിടെ നവീകരണം നടത്തിയ റോഡിൽ വേഗത നിയന്ത്രണ ഉപാധികൾ സ്വീകരിക്കാത്തതാണ് അപകടങ്ങൾ വർധിക്കാൻ ഇടയാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.