തൃശൂർ/വടക്കാഞ്ചേരി: തൃശൂർ ജില്ലയിൽ നിർത്തലാക്കിയ ഫോറസ്റ്റ് സ്റ്റേഷനുകൾ പുനസ്ഥാപിച്ച് ഉത്തരവിറക്കാൻ മന്ത്രി എ.കെ. ശശീന്ദ്രൻ വനംമേധാവിക്ക് നിർദേശം നൽകി. സ്റ്റേഷനുകൾ ഇല്ലാതാക്കിയത് മരംകൊള്ളയുൾപ്പെടെയുള്ള വിവാദങ്ങൾക്ക് കാരണമായെന്ന് വനം മഹോത്സവ സംസ്ഥാനതല ഉദ്ഘാടനത്തിനെത്തിയ മന്ത്രിയെ കേരള ഫോറസ്റ്റ് സ്റ്റാഫ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചതോടെയാണിത്.
കൂറ്റൻ മരങ്ങൾ സംരക്ഷിക്കപ്പെടുന്ന നോൺ റിവർട്ടബിൾ ഫോറസ്റ്റ് ഏരിയ അടങ്ങുന്നതാണ് നിർത്തലാക്കപ്പെട്ട സ്റ്റേഷൻ പരിധികൾ. വൻതുക ചെലവഴിച്ച് ഈ മേഖലയിൽ നടത്തിയ നിർമാണപ്രവൃത്തികൾ പാഴാകുകയാണെന്നറിയിച്ച ഭാരവാഹികൾ വിശദമായ റിപ്പോർട്ടും മന്ത്രിക്ക് കൈമാറി. മച്ചാട് റേഞ്ചിലെ അകമല, വടക്കാഞ്ചേരിയിലെ പൂങ്ങോട്, പട്ടിക്കാട്ടെ പൊങ്ങണംകാട്, വാണിയമ്പാറ സ്റ്റേഷനുകളാണ് പീച്ചി ഡിവിഷനിലേക്ക് ലയിപ്പിച്ചത്.
വിജ്ഞാപനത്തിലൂടെ വേണം പുനഃസ്ഥാപിക്കാനെന്നതിനാൽ ഇതിനുള്ള നടപടികൾ സ്വീകരിക്കാനാണ് മന്ത്രിയുടെ നിർദേശം. അസോ. നേതാക്കളായ വിജി പി. വർഗീസ്, മുജീബ്, ഗീവർ, സാജു, വിനയൻ എന്നിവരാണ് മന്ത്രിയെ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.