തിരുവനന്തപുരം: സിനിമ മേഖലയിൽ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി നൽകിയ അപ്പീൽ ഹൈകോടതി ഡിവിഷൻ ബെഞ്ച് തള്ളി. ഹരജി തള്ളിയ കോടതി, നടിക്ക് വേണമെങ്കിൽ ഈ വിഷയം ഉന്നയിച്ച് സിംഗിൾബെഞ്ചിനെ സമീപിക്കാെമന്നും വ്യക്തമാക്കി. ഇതോടെ ഏറെ വിവാദമായ ഹേമ കമ്മിറ്റി റിപ്പോർട്ട് ഉടൻ പുറത്തുവിട്ടേക്കുമെന്നാണ് സാംസ്കാരിക വകുപ്പ് നൽകുന്ന സൂചന. എന്നാൽ, നടി സിംഗിൾ ബെഞ്ചിനെ സമീപിച്ചാൽ സാംസ്കാരികവകുപ്പിന്റെ തീരുമാനത്തിൽ ചിലപ്പോൾ മാറ്റമുണ്ടായേക്കാം.
നേരത്തെ ശനിയാഴ്ച റിപ്പോർട്ട് പുറത്തുവിടുമെന്നായിരുന്നു സാസ്കാരിക വകുപ്പിന്‍റെ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫിസർ അറിയിച്ചിരുന്നത്. എന്നാൽ, തങ്ങൾ കൊടുത്ത മൊഴി തന്നെയാണോ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയതെന്ന് അറിയില്ലെന്നും തങ്ങളെ കാണിക്കാതെ മൊഴി പുറത്തുവിടരുതെന്നും ആവശ്യപ്പെട്ട് രഞ്ജിനി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിർദേശമനുസരിച്ച് താൻ സിംഗിൾ ബെഞ്ചിനെ സമീപിക്കുമെന്ന് നടി മാധ്യമങ്ങളോട് പ്രതികരിച്ചു.
ഹരജിയുമായി ഹൈകോടതിയെ സമീപിച്ച സാഹചര്യത്തിൽ കോടതിവിധിക്ക് അനുസൃതമായിരിക്കും തുടർ നടപടികളെന്ന് ശനിയാഴ്ച സാസ്കാരിക വകുപ്പിന്‍റെ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫിസർ (എസ്.പി.ഐ.ഒ) വിവരാവകാശ അപേക്ഷകരെ അറിയിച്ചിരുന്നു. റിപ്പോർട്ട് പുറത്തുവിടുന്നതിന് നിയമപരമായി ഒരു തടസ്സവും സർക്കാറിനും സാംസ്കാരിക വകുപ്പിനും ഇല്ലെന്നിരിക്കെ നടിയുടെ അഭ്യർഥനയിൽ റിപ്പോർട്ട് തടഞ്ഞ എസ്.പി.ഐ.ഒയുടെ നടപടിക്കെതിരെ അപേക്ഷകർ വിവരാവകാശ കമീഷന് പരാതി നൽകിയിരുന്നു. പരാതിയിൽ എസ്.പി.ഐ.ഒയോട് വിവരാവകാശ കമീഷണർ ഡോ.എ. അബ്ദുൽ ഹക്കീം അടിയന്തര വിശദീകരണം തേടുകയും ചെയ്തിരുന്നു.
നിർമാതാവ് സജിമോൻ പാറയിലിന്‍റെ ഹരജി ഹൈകോടതി സിംഗിൾ ബെഞ്ച് തള്ളിയതിനെ തുടർന്ന് ശനിയാഴ്ച രാവിലെ 11ന് റിപ്പോർട്ട് പുറത്തുവിടുമെന്നാണ് സാസ്കാരിക വകുപ്പ് അറിയിച്ചിരുന്നത്. എന്നാൽ, സിഗിംൾ ബെഞ്ച് ഉത്തരവ് ചോദ്യംചെയ്ത് വെള്ളിയാഴ്ച നടി രഞ്ജിനി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചതോടെ സർക്കാർ പിന്നാക്കം പോയി. താനും കമ്മിറ്റിക്ക് മൊഴി നൽകിയിട്ടുണ്ടെന്നും തന്നെക്കൂടി കേൾക്കണമെന്നുമാണ് രഞ്ജിനിയുടെ ആവശ്യം.
തുടർന്ന് സ്റ്റേ ആവശ്യം തള്ളിയതോടെ അപ്പീലിൽ വിധിയുണ്ടാകുന്നത് വരെ റിപ്പോർട്ട് പുറത്തുവിടരുതെന്ന് രഞ്ജിനി സാംസ്കാരിക വകുപ്പിനോട് ആഭ്യർഥിച്ചു. രഞ്ജിനിയുടെ രേഖാമൂലമുള്ള അപേക്ഷ വെള്ളിയാഴ്ച രാത്രിയോടെയാണ് പ്രത്യേക ദൂതൻ വഴി വകുപ്പിന് ലഭിച്ചത്. താരത്തിന്‍റെ അപേക്ഷ പരിഗണിച്ച് റിപ്പോർട്ട് പുറത്തുവിടരുതെന്ന് സിനിമ മേഖലയിലെ പ്രമുഖരും സമ്മർദം ചെലുത്തി. ഇതോടെയാണ് റിപ്പോർട്ട് പുറത്തുവിടാനാകില്ലെന്ന് ശനിയാഴ്ച രാവിലെ 8.30ഓടെ എസ്.പി.ഐ.ഒ അപേക്ഷകരെ അറിയിച്ചത്.
‘‘റിപ്പോർട്ട് പുറത്തുവിടേണ്ടതില്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല. നാല് വർഷമാണ് റിപ്പോർട്ട് സർക്കാറിന്‍റെ പക്കലിരുന്നത്. ഞങ്ങൾ കൊടുത്ത മൊഴിയുടെ വിശദാംശങ്ങൾ ഞങ്ങൾക്കറിയില്ല. ഞങ്ങൾ കൊടുത്ത മൊഴി തന്നെയാണോ പുറത്തുവരുന്നതെന്ന് അറിയില്ലല്ലോ. പൊലീസ് സ്റ്റേഷനിൽ പരാതികൊടുക്കുമ്പോൾ പോലും അവർ വായിച്ച് കേൾപ്പിച്ച ശേഷമാണ് ഒപ്പിടുന്നത്. അങ്ങനെയിരിക്കെയാണ് ഞങ്ങളെ കാണിക്കാതെ മൊഴി പുറത്തുവിടുന്നത്. എനിക്ക് റിപ്പോർട്ട് കിട്ടണം. താൽപര്യത്തിന് പിന്നിൽ മറ്റ് പ്രേരണയൊന്നുമില്ല. സ്ത്രീകളുടെ അവകാശത്തിന് വേണ്ടിയാണ് സംസാരിക്കുന്നത്. ഇക്കാര്യം വനിത കമീഷൻ ഉറപ്പാക്കുമെന്നാണ് കരുതിയത്. അവർക്ക് കോടതിയിൽ റിപ്പോർട്ടിന്‍റെ പകർപ്പ് ആവശ്യപ്പെടാമായിരുന്നു. അത് ചെയ്യുന്നതിൽ കമീഷൻ പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ് താൻ കോടതിയെ സമീപിച്ചത്’ -നടി രഞ്ജിനി വ്യക്തമാക്കി.
എന്നാൽ, റിപ്പോർട്ട് പുറത്തുവിടണമെന്നും റിപ്പോർട്ടിൽ ആരും ആശങ്കപ്പടേണ്ട കാര്യമില്ലെന്നും സ്വകാര്യത മാനിച്ചായിരിക്കും റിപ്പോർട്ട് പുറത്തുവിടുകയെന്നും കമീഷൻ അധ്യക്ഷ പി. സതീദേവി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.