കൊച്ചി: പ്രവേശന ഫീസ് അടക്കാൻ പണമില്ലാതെ ഡിഗ്രി പഠനം മുടങ്ങി നൂറുകണക്കിന് ആദിവാസി വിദ്യാർഥികൾ. പ്രവേശനം ലഭിക്കണമെങ്കിൽ ഓൺലൈനായി ആദ്യം അപേക്ഷ നൽകണം. പിന്നീട് സീറ്റ് ഉറപ്പിക്കാൻ സർവകാശാല നിർദേശിക്കുന്ന ഫീസും അടക്കണം.
താൽക്കാലിക (ടെമ്പററി) അഡ്മിഷൻ എടുക്കണമെങ്കിൽ കോളജിൽ എത്തണം. ഉദാഹരണമായി വയനാട്ടിലെ വിദ്യാർഥി കൊല്ലത്ത് കോളജിൽ വരണമെങ്കിൽ യാത്രക്കൂലി വേണം. പിന്നീട് സ്ഥിരം അഡ്മിഷന് മറ്റൊരു കോളജിൽ പോകണം. അതിനെല്ലാമുള്ള യാത്രക്കോ ഭക്ഷണത്തിനോ താമസിക്കാനുള്ള സൗകര്യത്തിനോ പണമില്ലാതെ വലയുകയാണ് ആദിവാസി വിഭാഗങ്ങൾ.
വയനാട്ടിലെ പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗങ്ങളിൽ വലിയൊരു ശതമാനം വിദ്യാർഥികൾ അപേക്ഷ പോലും നൽകാനാവതെ പുറത്താണെന്ന് ആദിശക്തി കോഓഡിനേറ്റർ ലിൻഡ മാധ്യമത്തോട് പറഞ്ഞു. കുടുംബത്തിലെ അംഗങ്ങൾക്ക് നാട്ടിൽ ജോലിയില്ല. നഗരത്തിലെ കോളജിലെത്താൻ വണ്ടിക്കൂലിക്ക് പോലും കൈയിൽ പണമില്ല.
സർക്കാർ നൽകുന്ന സൗജന്യ കിറ്റിൽ ജീവിതം നിലനിർത്തുന്നവരുടെ മുന്നിൽ ഡിഗ്രി പഠനം ബാലികേറാമലയായി. യൂനിവേഴ്സിറ്റി ഇക്കാര്യത്തിൽ വിദ്യാർഥികളെ കൈയൊഴിഞ്ഞു. ഓട്ടോണമസ് കോളജിൽ ഡിഗ്രി പ്രവേശനത്തിന് അപേക്ഷ നൽകാൻ ഒരുവിഷയത്തിന് 250 രൂപവേണം. അഞ്ച് വിഷയത്തിന് അപേക്ഷ നൽകുന്ന വിദ്യാർഥിക്ക് 1250 വേണം. വണ്ടിക്കൂലി അടക്കമുള്ള മറ്റ് ചെലവുകൾക്ക് 2000 രൂപയെങ്കിലും ചെലവാകും. 250 രൂപ പോലും കൈയിലില്ലാത്തതിനാൽ എങ്ങനെ അപേക്ഷ നൽകുമെന്ന് ഇവർ ചോദിക്കുന്നു.
സെൽഫ് ഫിനാൻസിങ് കോഴ്സുകളിൽ ചേർന്നാൽ വിദ്യാർഥികൾക്ക് പഠനം പൂർത്തിയാക്കാനാവുന്നില്ല. ന്യൂ ജനറേഷൻ കോഴ്സുകൾക്ക് പട്ടികവർഗ വകുപ്പ് നൽകുന്ന ഫീസ് അപര്യാതമാണ്. അതിനാൽ, പുതിയ കാലത്തെ പുതിയ കോഴ്സുകളിൽ ചേരാൻ ആദിവാസി വിദ്യാർഥികൾക്ക് കഴിയുന്നില്ല. മികച്ച പല കോഴ്സുകളിലും പഠിക്കാൻ വിദ്യാർഥികൾ മുഴുവൻ ഫീസും സർക്കാർ നൽകുന്നില്ല.
ഉദാഹരണമായി എം.എസ്.ഡബ്ല്യു കോഴ്സിന് പഠിക്കുന്ന വിദ്യാർഥി ആദ്യ സെമസ്റ്ററിനുള്ള 44,000 രൂപ ആദ്യം തന്നെ കൊടുക്കണം. ആകെ പഠിക്കുമ്പോൾ സർക്കാർ നൽകുന്ന പണം ഇതിന് പോര. 22,000 രൂപ അധികമായി കണ്ടെത്തേണ്ടിവരുന്നു. സ്വന്തം വീട്ടിൽനിന്ന് ഇത് കണ്ടെത്താനാവില്ല. പട്ടിക വർഗ വകുപ്പിന്‍റെ ലാപ്ടോപ്പ് വിതരണത്തിലും അനാസ്ഥയാണ്. പഠനം തുടങ്ങുമ്പോഴാണ് വിദ്യാർഥികൾക്ക് ആവശ്യം. പലപ്പോഴും അത് വൈകുന്നു.
പി.ജി കോഴ്സുകൾക്ക് എൻട്രൻസ് എഴുതാൻ പോകുമ്പോൾ നൽകേണ്ട യാത്രാച്ചെലവ് ഒരുവർഷം കഴിഞ്ഞാണ് പട്ടികവർഗ്ഗ വകുപ്പ് നൽകുന്നത്. ജില്ല വിട്ടുപോകേണ്ടിവരുന്ന വിദ്യാർഥികൾക്ക് ചെലവിന് മിനിമം തുക പട്ടികവർഗ വകുപ്പ് മുൻകൂറായി അനുവദിക്കേണ്ടതാണ്. കഴിഞ്ഞവർഷം 12 വിദ്യാർഥികൾ തുക ആവശ്യപ്പെട്ട് അപേക്ഷ ബത്തേരി ട്രൈബൽ ഓഫിസർക്ക് നൽകിയിരുന്നു.
വളരെ പെട്ടെന്ന് ജില്ലാ പ്ലാനിങ് ഓഫിസറെ കണ്ട് യോഗം വിളിച്ച് ആ ഉദ്യോഗസ്ഥൻ തുക കൊടുക്കേണ്ടതില്ലെന്നാണ് തീരുമാനമെടുത്തത്. തുക എങ്ങനെ ആദിവാസി വിദ്യാർഥികൾക്ക് നൽകാതിരിക്കാമെന്നാണ് ഉദ്യോഗസ്ഥരുടെ ആലോചന. ഉദ്യോഗസ്ഥരുടെ ഫ്യൂഡൽ മനോഭാവമാണ് അവിടെ തടസ്സമായതെന്നും ഇവർ ആരോപിക്കുന്നു.
പ്രമോട്ടർമാർക്ക് പലപ്പോഴും ഇക്കാര്യം പറയാനാവില്ല. ആദിവാസി വിദ്യാർഥികളുടെ പഠനം തടയാനുള്ള ഗൂഢാലോചനയാണ് പട്ടികവർഗ വകുപ്പിലെ ചില ഉദ്യോഗസ്ഥർ നടത്തുന്നത്.
ഓട്ടണമസ് കോളജുകളിൽ പല വിഷയത്തിലും അധികൃതർ 2000 - 5000 രൂപയാണ് വിദ്യാർഥികളോട് പല രശീത് നൽകി ആവശ്യപ്പെടുന്നത്. സർട്ടിഫിക്കറ്റ് പരിശോധന കഴിഞ്ഞാൽ വിദ്യാർഥികൾ ഫീസ് അടക്കുന്ന സംവിധാനത്തിന് മുന്നിലെത്തുമ്പോൾ പലതരം രസീതുകളാണ് അവരെ കാത്തിരിക്കുന്നത്.
അടക്കാൻ ആദിവാസികളുടെ കൈയിൽ പണമുണ്ടാവില്ല. സാധാരണ സർക്കാർ കോളജുകളിൽ പഠനം സൗജന്യമായതിനാൽ ഓട്ടണമസ് കോളജിലും അത് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികളെത്തുന്നത്. ഇരു സ്ഥാപനങ്ങളും തമ്മിലെ അന്തരം ആദിവാസികൾക്കറിയില്ല.
ആദിവാസി വികസന ഫണ്ട് എങ്ങനെയും തട്ടിയെടുക്കാൻ പട്ടികവർഗ വകുപ്പിലെ സ്ഥിരം ലാവണം കണ്ടെത്തിയിരിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുണ്ട്. പട്ടിക വർഗ ഫണ്ട് ചെലവഴിക്കുന്നതിൽ പകൽക്കൊള്ളയാണ് ഇവർ പലയിടത്തും നടത്തുന്നത്. എ.ജിയും ധനകാര്യ പരിശോധനാ വിഭാഗവും വകുപ്പിന്‍റെ ഓഡിറ്റ് വിഭാഗവും നടത്തിയ പരിശോധനകളിൽ അഴിമിതിയുടെയും കെടുകാര്യസ്ഥയുടെയും ചിത്രമാണ് ചൂണ്ടിക്കാണിച്ചത്. ആദിവാസി വിദ്യാർഥികൾ പഠനത്തിൽ മുന്നോട്ടുപോകുന്നത് ബോധപൂർവം തടയാനാണ് ഈ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്.
പട്ടികവർഗ ഡയറക്ടറേറ്റ് കോളജുകളുമായി നേരിട്ട് ഇടപെട്ട് ആദിവാസി വിദ്യാർഥികളുടെ അപേക്ഷാ ഫീസ് സർക്കാർ നൽകണമെന്നാണ് ഗോത്ര മഹാസഭാ നോതാവ് എം. ഗീതാനന്ദൻ ആവശ്യപ്പെടുന്നത്. വകുപ്പ് മന്ത്രിക്ക് ആത്മാർഥതയുണ്ടെങ്കിൽ ഈ പ്രശ്നം പട്ടികവർഗവകുപ്പിന് പരിഹരിക്കാവുന്നതാണ്. എന്നാൽ, അത്തരമൊരു ഇടപെടൽ സർക്കാർ ഭാഗത്തുനിന്ന് ഉണ്ടായില്ല.
ഇതിലൂടെ ആദിവാസി വിദ്യാർഥികൾക്ക് വിദ്യാഭ്യാസ രംഗത്ത് കടന്നുവരാനുള്ള എല്ലാ വഴികളും ഭരണസംവിധാനം അടക്കുകയാണ്. ഫീസടക്കാനും മറ്റും പണമില്ലാതെ എത്ര ആദിവാസിക വിദ്യാർഥികളുടെ ഡിഗ്രി പ്രവേശനം മുടങ്ങിയെന്ന വിവരമെങ്കിലും പട്ടികവർഗ വകുപ്പും വകുപ്പ് മന്ത്രിയും അന്വേഷിക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.