പത്തനംതിട്ട: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ കൈക്കൂലി ആരോപണം ഉന്നയിച്ച ടി.വി. പ്രശാന്തനെതിരെയും കേസ് എടുക്കണമെന്ന് കുടുംബം. പി.പി. ദിവ്യയുടെ ആരോപണം മുതൽ നവീൻ ബാബുവിന്‍റെ മരണംവരെ എല്ലാത്തിനും കാരണമായത് പ്രശാന്തന്റെ പെട്രോൾ പമ്പും എൻ.ഒ.സിയുമാണ്.
കണ്ണൂർ പൊലീസിൽ നൽകിയ ആദ്യ പരാതിയിൽതന്നെ പ്രശാന്തനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പൊലീസ് അന്വേഷണം ദിവ്യയിൽ മാത്രം ഒതുങ്ങി. രേഖാമൂലം പരാതി നൽകിയിട്ടും പൊലീസ് പ്രശാന്തനിലേക്ക് നീങ്ങാത്തത് സംശയകരമാണെന്ന് ബന്ധു ഹരീഷ് കുമാർ പറഞ്ഞു.
പ്രശാന്തനെക്കുറിച്ച് കൂടുതൽ അന്വേഷിച്ചാൽ പമ്പിന് പിന്നിലെ കഥകൾ പുറത്തുവരും. വ്യാഴാഴ്ച പ്രത്യേക അന്വേഷണസംഘം കുടുംബത്തിന്‍റെ മൊഴിയെടുക്കാനെത്തുന്നുണ്ട്. പ്രശാന്തന്റെ പങ്കുകൂടി അന്വേഷിക്കണമെന്ന് സംഘത്തോട് ആവശ്യപ്പെടുമെന്നും ബന്ധുക്കൾ അറിയിച്ചു.
ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് സി.പി.എം ജില്ല കമ്മിറ്റി അംഗവും സി.ഐ.ടി.യു സംസ്ഥാന സമിതിയംഗവുമായ മലയാലപ്പുഴ മോഹനൻ പറഞ്ഞു. പാർട്ടി നിലപാട് സംസ്ഥാന സെക്രട്ടറിയും ജില്ല സെക്രട്ടറിയും പറയും. സംഭവത്തിലെ ദുരൂഹത ഇനിയും നീങ്ങിയിട്ടില്ല. തലക്ക് വെളിവില്ലാത്തവരാണ് നാട്ടുകാരെന്ന് ആരും കരുതേണ്ട. സത്യം അന്വേഷിച്ച് പുറത്തുകൊണ്ടുവരാൻ മാധ്യമങ്ങൾക്ക് ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റിയംഗം പി.പി. ദിവ്യക്കെതിരെ തൽക്കാലം പാർട്ടി നടപടിയില്ല. ആരോപണമുയർന്നയുടൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയതാണ് ഉചിതമായ നടപടിയെന്നും മറ്റു കാര്യങ്ങൾ പിന്നീട് പരിഗണിച്ചാൽ മതിയെന്നും സി.പി.എം ജില്ല സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണയായി. ഇക്കാര്യം ഏരിയ, ലോക്കൽ, ബ്രാഞ്ച് കമ്മിറ്റികളിൽ റിപ്പോർട്ട് ചെയ്യാനും ബുധനാഴ്ച ചേർന്ന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
നവംബർ ഒന്നുമുതൽ നടക്കുന്ന ഏരിയ സമ്മേളനങ്ങളാണ് യോഗത്തിൽ കാര്യമായി ചർച്ച ചെയ്തത്. ദിവ്യയുടെ റിമാൻഡ് വരെയുള്ള കാര്യങ്ങളും ചർച്ചയായി. മാധ്യമ ചർച്ചകളുടെ അടിസ്ഥാനത്തിൽ തിരക്കിട്ട് നടപടികൾ എടുക്കേണ്ടതില്ലെന്നും ൽ ചില അംഗങ്ങൾ ഉന്നയിച്ചു.
സമ്മേളനകാലത്ത് തിരക്കിട്ട് നടപടിയൊന്നും എടുക്കേണ്ടെന്ന പൊതുവികാരമാണ് യോഗത്തിലുണ്ടായത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയതിനു പിന്നാലെ സംഘടന നടപടികൂടി വന്നാൽ അത് കേസിനെ ബാധിക്കുമെന്ന വിലയിരുത്തലും ചിലർ മുന്നോട്ടുവെച്ചു. ഇനി സംസ്ഥാന നേതൃത്വത്തിന്റെ നിലപാടാണ് ദിവ്യ വിഷയത്തിൽ നിർണായകം. അതേസമയം, നടപടിവേണ്ടെന്ന് ജില്ല സെക്രട്ടേറിയറ്റ് തീരുമാനിച്ചതിനു പിന്നിൽ ദിവ്യക്ക് അനുകൂലമായി പ്രാദേശികതലത്തിലുണ്ടായ വികാരമാണെന്നാണ് സൂചന.
പാലക്കാട്: പി.പി. ദിവ്യയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് പൊലീസ് സ്വീകരിച്ചത് ശരിയായ നടപടിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പ്രതിയാക്കപ്പെട്ട ഒരാളെ ജയിലിലേക്ക് കൊണ്ടുപോകുമ്പോള്‍ വൈദ്യപരിശോധന നടത്തി കോടതിയില്‍ ഹാജരാക്കും. ആ നടപടിയില്‍ പൊലീസിനെ എന്തിന് കുറ്റപ്പെടുത്തണം? അതിനകത്ത് നാടകമാണെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. ദിവ്യയുടെ കേസില്‍ സര്‍ക്കാറും പൊലീസും ശരിയായ നിലപാടാണ് സ്വീകരിച്ചത്. കൃത്യമായ നടപടികളാണുണ്ടായത്.
ദിവ്യക്കെതിരായ നടപടി പാര്‍ട്ടി ആലോചിച്ചോളാം. അത് മാധ്യമങ്ങളുടെ മുന്നില്‍ പറയേണ്ട കാര്യമില്ല. അത് പാര്‍ട്ടിയുടെ ആഭ്യന്തരപ്രശ്‌നമാണ്. ജില്ല കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും ആലോചിച്ച് തീരുമാനമെടുക്കുമെന്നും ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.