കോഴിക്കോട് : ആദിവാസി മേഖലകളിൽ എം.പി ഫണ്ടു വിനിയോഗം വളരെ തുച്ഛമെന്ന് എ.ജി (അക്കൗണ്ടൻറ് ജനറൽ) റിപ്പോർട്ട്. ഇടുക്കി കലക്ടേറ്റിൽ നടത്തിയ പരിശോധന റിപിപോർട്ടിലാണ് എ.ജി ഇക്കാര്യം വ്യക്തമാക്കിയത്. ഏറ്റവും പിന്നാക്കം നിൽക്കുന്ന ആദിവാസി മേഖലകളിലേക്ക് എം.പി ഫണ്ട് നീക്കിവെക്കുന്നതിലും വിനിയോഗിക്കുന്നതിലും ഗുരുതരമായ വീഴ്ചയുണ്ടെന്നും കണ്ടെത്തി.
പാർലമെന്റ് അംഗങ്ങളുടെ ലോക്കൽ ഏരിയ ഡെവലപ്‌മെന്റ് സ്കീം പ്രകാരം വൈദ്യുതി, കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ പ്രാദേശികമായ ആവശ്യങ്ങൾ അടിസ്ഥാനമാക്കിയുള്ള വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനാണ് ഫണ്ട് അനുവദിക്കുന്നത്. പട്ടികജാതി പ്രദേശങ്ങൾക്ക് 15 ശതമാനം ഫണ്ടും പട്ടികവർഗ പ്രദേശങ്ങൾക്ക് 7.5 ശതമാനും എം.പിമാർ ശുപാർശ ചെയ്യണം. പട്ടികജാതി- വർഗ സമൂഹങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കണം. ഫണ്ട് വിനിയോഗിച്ചത് സംബന്ധിച്ചാണ് സൂക്ഷ്മപരിശോധന നടത്തിയത്.
ഇടുക്കിയിൽ പട്ടികവർഗ മേഖലയിൽ രണ്ട് പ്രവർത്തികളാണ് ശുപാർശ ചെയ്തത്. അതിൽ ഒരു പദ്ധതിക്ക് ചെലവഴിച്ചത് 3.50 ലക്ഷം (0.7ശതമാനം) മാത്രമാണ്. 2019-20 മുതൽ 2021-22 വരെയുള്ള കാലയളവിൽ അഞ്ച് കോടി രൂപ എം.പി ക്ക് ലഭിച്ചു. പിന്നാക്കം നിൽക്കുന്ന പട്ടികവർഗ മേഖലകളിലെ ചെലവ് വളരെ കുറവാണെന്ന് എ.ജി പരിശോധനയിൽ കണ്ടെത്തി. 7.5 ശതമാനം ചെലവഴിക്കേണ്ട സ്ഥാനത്ത് 3.50 ലക്ഷം രൂപ (0.7 ശതമാനം) എന്നത് വളരെ തുച്ഛമായ തുകയാണ്.
ആദിവാസി മേഖലയിൽ 37.50 ലക്ഷം രൂപയാണ് (7.5 ശതമാനം ) ചെലവഴിക്കേണ്ടത്. എല്ലാ വർഷവും പട്ടികവർഗ മേഖലകൾക്കായി ഇത്തരത്തിൽ തുക അനുവദിക്കണം. പട്ടിക വർഗ മേഖലകളിൽ പദ്ധതി നിർദേശങ്ങൾ നൽകാൻ എം.പിയോട് കലക്ടർ ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം അക്കാര്യം ഗൗരവത്തോടെ പരിഗണിച്ചില്ലെന്നാണ് റിപ്പോർട്ട്.
ഈ പദ്ധതി നിയന്ത്രിക്കുന്നത് സ്ഥിതിവിവരക്കണക്ക് മന്ത്രാലയമാണ്. അതോടൊപ്പം പ്രോഗ്രാം നടപ്പാക്കലും, മാർഗനിർദേശങ്ങൾ രൂപീകരിക്കുകയും നടപ്പിലാക്കൽ നിരീക്ഷിക്കുകയും ചെയ്യുന്നു. സംസ്ഥാന തലത്തിൽ പദ്ധതി നടപ്പാക്കുന്നതിന് പ്രത്യേക നിരീക്ഷണ സംവിധാനമുണ്ട്. 2016-ലെ മാർഗനിദേശങ്ങൾ അനുസരിച്ചാണ് സ്കീമിന്റെ നടപ്പാക്കൽ നിയന്ത്രിക്കുന്നത്. പ്രവർത്തിക്ക് അനുമതി ലഭിച്ചാൽ കലക്ടർ ആണ് ഏകോപിപ്പിക്കുന്നത്.
2019-20 മുതൽ 2021-22 വരെയുള്ള കാലയളവിൽ ലോക്‌സഭാ എം.പിക്ക് ആകെ അനുവദിച്ച അഞ്ച് കോടി രൂപയാണ്. അതിൽ പൂർത്തീകരിച്ച 24 പ്രവർത്തികൾക്കായി 3.21 കോടി രൂപ ചെലവഴിച്ചു. പൂർത്തിയാകാത്ത 22 പ്രവർത്തികൾക്കായി 1.98 കോടി ലക്ഷം ചെലവഴിച്ചതായും പരിശോധനയിൽ കണ്ടെത്തി.
അതേസമയം, പട്ടികജാതി വിഭാഗത്തിൽ ശുപാർശ ചെയ്ത നാലു പ്രവർത്തികൾക്ക് ഭരണാനുമതി ലഭിച്ചിരുന്നു. മൂന്ന് പ്രവർത്തികൾ പട്ടികജാതി മേഖലയിൽ പൂർത്തീകരിച്ചു. അതിനായി 10.84 ലക്ഷം രൂപ ചെലവഴിച്ചു. നാലമത്തെ പദ്ധതിക്കായി 64.00 ലക്ഷം രൂപ ചെലവഴിച്ചു. രണ്ടും ചേർത്താൽ ആകെ 74.84 ലക്ഷം രൂപ ചെലവഴിച്ചു. ഏതാണ്ട് 14.97 ശതമാനം ചെലവഴിച്ചുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.