കാമറക്ക് പത്തിലൊന്നുപോലും വിലയില്ല, പാർട്സ് വാങ്ങി അസംബിൾ ചെയ്തത് എന്തിന്? -എ.ഐ കാമറ ഇടപാട് വൻ അഴിമതിയെന്ന് സതീശൻ

തിരുവനന്തപുരം: എ.ഐ കാമറ ഇടപാടിന് പിന്നിൽ കണ്ണൂർ കേന്ദ്രീകരിച്ചുള്ള കറക്കു കമ്പനികളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കാമറ ഇടപടിൽ നടന്നത് വൻ അഴിമതിയാണ്. പലർക്കും നോക്കുകൂലി കിട്ടി. കരാർ കിട്ടിയ കമ്പനി ഉപകരാർ കൊടുത്തു. കരാർ കമ്പനികളെ കുറിച്ച് മന്ത്രിമാർക്കുപോലും അറിയില്ലെന്നും വി.ഡി. സതീശൻ ആരോപിച്ചു.

കെൽട്രോണിന്റെ മറവിൽ സ്വകാര്യ കമ്പനികൾക്ക് വഴിയൊരുക്കുകയാണ് സർക്കാർ ചെയ്തത്. കെ ഫോണിന് പിന്നിലും ഇവരാണ്. എസ്.എൻ.സി ലാവ്‌ലിൻ പോലെയുള്ള അഴിമതിയാണ് ഇത്. ഇൗ അഴിമതിയിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു.

എ.ഐ കാമറ കരാർ ഏറെറടുത്ത എസ്.ആർ.ഐ.ടി കമ്പനിക്ക് മുൻപരിചയമില്ല. കെൽട്രോൺ ഇടനിലക്കാരാണ്. പദ്ധതിയുമായി ബന്ധപ്പെട്ട കാബിനറ്റ് നോട്ടിൽ കമ്പനികളെ കുറിച്ചുള്ള വിവരങ്ങളില്ല. മന്ത്രിമാർക്ക് പോലും ഇതറിയാൻ വഴിയില്ല. ചെന്നിത്തല ഉന്നയിച്ച കാര്യങ്ങൾക്ക് സർക്കാർ നൽകിയ മറുപടിയിലും കെൽട്രോൺ പറഞ്ഞതിലും വ്യക്തതയില്ല. എ.ഐ weമറ ജനത്തിന് മേലുള്ള മറ്റൊരു കൊള്ളയാണെന്നും സതീശൻ ആരോപിച്ചു.

എസ്.ആർ.ഐ.ടി കരാർ കിട്ടിയ ശേഷം കൺസോർട്യം ഉണ്ടാക്കി ഉപകരാർ കൊടുത്തു. ഇവർക്ക് ഊരാളുങ്കലുമായി ബന്ധമുണ്ട്. കണ്ണൂർ കേന്ദ്രീകരിച്ചുള്ള കറക്ക് കമ്പനികളാണ്. എല്ലാം ഒരൊറ്റ പെട്ടിയിലേക്കാണ് വന്നു ചേരുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു.

ടെണ്ടർ നടപടികൾക്ക് സുതാര്യതയില്ല. കമ്പനികളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഓരോന്നായി പുറത്തുവിടും. കാമറക്ക് ഒമ്പതു ലക്ഷം പോയിട്ട് അതിന്റെ പത്തിലൊന്നുപോലും വിലയില്ല. അന്താരാഷ്ട്ര ബ്രാന്റ് കാമറകൾ അതുപോലെ കിട്ടുമ്പോൾ എന്തിനാണ് ഭാഗങ്ങൾ വാങ്ങി അസംബിൾ ചെയ്തത്? 232 കോടിയുടെ പദ്ധതിയിൽ 70 കോടി മാത്രമാണ് കാമറക്ക് ചെലവ്. കാമറ വാങ്ങിയാൽ അഞ്ച് വർഷത്തേക്ക് വാറന്റി കിട്ടും. എന്നാൽ ഇവിടെ അഞ്ച് വർഷത്തേക്ക് 66 കോടി രൂപ മെയിന്റനൻസിന് വേണ്ടി മാറ്റിവെച്ചിരിക്കുകയാണ്. പൂർണമായി വാങ്ങാവുന്ന കാമറ കെൽട്രോൺ പാർട്സായി വാങ്ങിയത് എന്തിനെന്ന് വ്യക്തമാക്കണം.

സർക്കാരിന്റെ അഴിമതിക്ക് വേണ്ടി സാധാരണക്കാരന്റെ കീശ കൊള്ളയടിക്കുകയാണ്. പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം നടത്താൻ കോൺഗ്രസ് തീരുമാനിച്ചിട്ടില്ലന്നും ഇൗ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചിയിൽ കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തത് പ്രതിഷേധാർഹമാണെന്നും സതിശൻ പറഞ്ഞു.

Tags:    
News Summary - AI ​​camera deal is a huge scam -VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.