സമഗ്രവും സുതാര്യവുമായ പൊതുജനാരോഗ്യ ബില്‍ രൂപപ്പെടുത്തുക ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്

കൊച്ചി: കേരള പൊതുജനാരോഗ്യ ബില്‍ സമഗ്രവും സുതാര്യമായും രൂപപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്. പൊതുജനാരോഗ്യ ബില്‍ സംബന്ധിച്ച് കാക്കനാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സെലക്ട് കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

പൊതുജനാരോഗ്യ ബില്ലുമായി ബന്ധപ്പെട്ട് ചില തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഒരു രോഗം വന്നാല്‍ ഏത് ചികിത്സാരീതി സ്വീകരിക്കണമെന്നത് വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അത് ബില്ല് ചോദ്യം ചെയ്യുന്നില്ല. പുതിയ വൈദ്യശാസ്ത്ര ശാഖകളെ അംഗീകരിക്കില്ല എന്ന പ്രചാരണവും വാസ്തവ വിരുദ്ധമാണ്.

അംഗീകൃത യോഗ്യതകളുള്ളവര്‍ക്ക് നിയമവിധേയമായി പ്രാക്ടീസ് ചെയ്യാന്‍ ഒരു തടവസും വരില്ല. പൊതുജനാരോഗ്യ നിയമം ഏകപക്ഷീയമായി കൊണ്ടുവരുകയല്ല മറിച്ച് എല്ലാവരുടെയും അഭിപ്രായം കേട്ട് ബില്ലില്‍ ആവശ്യമായ മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തി പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് ശ്രമം.

പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് കേരളത്തിന് പൊതുവായ നിയമം ഇല്ലാത്ത സാഹചര്യത്തിലാണ് ഈ ബില്ല് രൂപപ്പെടുത്തിയത്. കോവിഡ്, നിപാ തുടങ്ങിയ മഹാമാരികളെ നേരിട്ടപ്പോള്‍ ഒരു ഏകീകൃത നിയമത്തിന്റെ ആവശ്യകത നാം മനസിലാക്കിയതാണെന്നും മന്ത്രി പറഞ്ഞു.

ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് എന്നീ ജില്ലകളെ ഉൾപ്പെടുത്തി മൂന്നാമത് സെലക്ട് കമ്മിറ്റി യോഗമാണ് കളക്ടറ്റേറ്റിൽ നടന്നത്. അടുത്ത യോഗം തിരുവനന്തപുരത്താണ്. അവസാന യോഗത്തിനു ശേഷം യോഗങ്ങളിൽ ഉന്നയിച്ചതും എഴുതി നൽകിയതും നിയമസഭാ വെബ്സൈറ്റിലൂടെയും ലഭിച്ച മുഴുവൻ ആശയങ്ങളും അഭിപ്രായങ്ങളും പരിശോധിച്ച് ക്രോഡീകരിക്കും. നിയമസഭയുടേയും പ്രതിപക്ഷത്തിന്റെയും ഉൾപ്പെടെയുള്ള അഭിപ്രായങ്ങളും നിർദേശമനുസരിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തി ബില്ല് പുതുക്കും. ബില്ലിനെക്കുറിച്ചുള്ള ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു.

പൗരന്റെ മൗലിക അവകാശങ്ങളും സുപ്രീം കോടതി ഉത്തരവും പരിഗണിച്ചു മാത്രമേ ബില്ലിൽ ഭേദഗതി വരുത്തൂ. വെബ്സൈറ്റിലൂടെ ഇനിയും ജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നിയമസഭാ സെക്രട്ടറിക്ക് രേഖാമൂലമോ legislation@niyamasabha.nic.in എന്ന ഇ-മെയില്‍ മുഖേനയോ അയക്കാം. ബില്ലും ഇതുമായി ബന്ധപ്പെട്ട ചോദ്യാവലിയും നിയമസഭാ വെബ്സൈറ്റില്‍ (www.niyamasabha.org) ലഭ്യമാണ്.

സെലക്ട് കമ്മിറ്റി അംഗങ്ങളായ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എം.എല്‍.എമാരായ അനൂപ് ജേക്കബ്, എ.സി മൊയ്തീന്‍, കടകംപള്ളി സുരേന്ദ്രന്‍, ഇ.കെ വിജയന്‍, തൃക്കാക്കര നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ, ജോയിന്റ് സെക്രട്ടറി പി. ഹരി, അഡീഷ്ണൽ ജില്ലാ മജിസ്ട്രേറ്റ് എസ്.ഷാജഹാൻ ,ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Tags:    
News Summary - Aim to frame a comprehensive and transparent public health bill: Minister Veena George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.