കൊച്ചി: പീരുമേട്ടിലെ എയർ സ്ട്രിപ് നിർമാണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈകോടതി നിരസിച്ചു. ഇതുമായി ബന്ധപ്പെട്ട ഹരജി വേനലവധിക്കുശേഷം മേയ് 25ന് പരിഗണിക്കാൻ മാറ്റി. പീരുമേട്ടിൽ എൻ.സി.സിക്കുവേണ്ടി എയർ സ്ട്രിപ് നിർമിക്കുന്നത് പെരിയാർ കടുവ സങ്കേതത്തിന് സമീപമാണെന്നും ഇതു പരിസ്ഥിതിക്കും വന്യജീവികളുടെ ആവാസവ്യവസ്ഥക്ക് ഭീഷണിയാണെന്നും ആരോപിച്ച് തൊടുപുഴ സ്വദേശി എം.എൻ. ജയചന്ദ്രൻ നൽകിയ ഹരജി ജസ്റ്റിസ് സി.എസ്. ഡയസ്, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പരിഗണിക്കുന്നത്.
എയർ സ്ട്രിപ് നിർമാണത്തിന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ അനുമതിയുണ്ടെന്ന് വ്യക്തമാക്കി എൻ.സി.സി ഡയറക്ടറും പദ്ധതിയെ അനുകൂലിച്ച് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് അണ്ടർ സെക്രട്ടറിയും ഹൈകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. 472.5 കിലോയുള്ള ചെറുവിമാനങ്ങൾ ഇറക്കാനാണ് എയർ സ്ട്രിപ് നിർമിക്കുന്നതെന്നും എൻ.സി.സിക്ക് പുറമെ എയർ ഫോഴ്സ്, ഇന്ത്യൻ നേവി എന്നിവർക്കു മാത്രമേ ഇത് ഉപയോഗിക്കാനാവൂയെന്നും എൻ.സി.സിയുടെ സത്യവാങ്മൂലത്തിൽ പറയുന്നു.
10 കോടി ചെലവിട്ടാണ് നിർമാണം. എൻ.സി.സി എയർവിങ്ങിലെ വിദ്യാർഥികൾക്ക് തിരുവനന്തപുരം എയർപോർട്ടിലാണ് പരിശീലനം നൽകിയിരുന്നത്. 2016ൽ എയർപോർട്ട് അതോറിറ്റി അനുമതി നിഷേധിച്ചു. തുടർന്ന് പീരുമേട്ടിൽ റവന്യൂ വകുപ്പിന്റെ ഭൂമിയിൽ എയർ സ്ട്രിപ് നിർമിക്കാൻ തീരുമാനമായി. 2017ൽ സ്ഥലം കൈമാറി. റൺവേയുടെ നിർമാണം പൂർത്തിയാക്കുകയും ഏപ്രിൽ ഏഴിനും എട്ടിനും പരിശോധന പൂർത്തിയാക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.