വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ എന്തിനാണ് സമരം ചെയ്യുന്നതെന്ന് അറിയില്ല -മന്ത്രി ബാലന്‍

പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ എന്തിനാണ് സമരം ചെയ്യുന്നതെന്ന് അറിയില്ലെന്ന് മന്ത്രി എ.കെ. ബാലന്‍. വാളയാര്‍ കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. ഇതില്‍ സര്‍ക്കാറിന് ഒന്നും ചെയ്യാനില്ല. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പെട്ടെന്ന് നടപടിയെടുക്കാന്‍ കഴിയില്ല. അത് നിയമപരമായി മാത്രമേ ചെയ്യാനാവൂവെന്നും മന്ത്രി ബാലന്‍ വ്യക്തമാക്കി.

വാളയാറിൽ സഹോദരിമാർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി പെൺകുട്ടികളുടെ അച്ഛൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പെൺകുട്ടികൾ കൊല്ല​​പ്പെട്ടതുമായി ബന്ധപ്പെട്ട കുറ്റം ഏറ്റെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്​.പി സോജൻ നിർബന്ധിച്ചെന്നാണ് അച്ഛൻ​ വെളിപ്പെടുത്തിയത്.

പലരും ഇതുപോലെ കുറ്റം ഏറ്റെടുക്കാറുണ്ടെന്നും കേസ്​ ഏറ്റെടുക്കുകയാണെങ്കിൽ തന്നെ രക്ഷപ്പെടുത്താമെന്നും​​ സോജന്‍ വാഗ്​ദാനം ചെയ്​തതായും അദ്ദേഹം പറഞ്ഞു. പെൺകുട്ടികളെ തൂങ്ങിമരിച്ച നിലയിൽ കണ്ട സ്ഥലത്ത്​ താനും ആത്മഹത്യക്ക്​ ശ്രമിച്ചിരുന്നതായും ഭാര്യയുടെ ശ്രദ്ധയിൽപെട്ടതിനാൽ രക്ഷപ്പെടുത്തുകയായിരുന്നുവെന്നും പെൺകു​ട്ടികളുടെ അച്ഛൻ​ പറഞ്ഞു.

കേസില്‍ ഉന്നതനായ ഒരു പ്രതി കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും ഈ പ്രതിയെ രക്ഷപ്പെടുത്താനാണ് ഡിവൈ.എസ്.പി സോജന്‍ ശ്രമിച്ചതെന്നും​ പെൺകുട്ടികളുടെ അമ്മയും ആരോപിച്ചിരുന്നു.

കേസിലെ പ്രതികളെ വെറുതെ വിട്ടിട്ട്​ ഞായറാഴ്ച​ ഒരു വർഷം തികഞ്ഞതിനെ തുടർന്ന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ സത്യാഗ്രഹ സമരം തുടങ്ങിയിട്ടുണ്ട്​. ഈ മാസം 31 വരെ സമരം തുടരും.

Tags:    
News Summary - AK Balan React to Vayalar Raped Girls Mother Strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.