കണ്ണൂർ: മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയെയും സുഹൃത്ത് ജിജോ തില്ലങ്കേരിയെയും കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചു. കാപ്പ (സാമൂഹികവിരുദ്ധ പ്രവർത്തനം തടയൽ നിയമം) ചുമത്തി മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്ത ഇരുവരെയും ചൊവ്വാഴ്ച പുലർച്ച നാലു മണിയോടെയാണ് ജയിലിൽ എത്തിച്ചത്. ഏറെ സുരക്ഷയുള്ള പത്താം ബ്ലോക്കിലാണ് ഇരുവരെയും പാർപ്പിച്ചത്.
ആകാശും ജിജോയും സ്ഥിരം കുറ്റവാളിയാണെന്ന കണ്ണൂർ റൂറൽ പൊലീസ് മേധാവിയുടെ റിപ്പോർട്ട് അംഗീകരിച്ച് ജില്ല കലക്ടറാണ് കാപ്പ ചുമത്തി ഉത്തരവിട്ടത്. തിങ്കളാഴ്ച രാത്രി ഏഴിന് ഇരുവരെയും വീട്ടിലെത്തിയാണ് മുഴക്കുന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആകാശിനെതിരെ രണ്ടു കൊലപാതക കേസ് ഉൾപ്പെടെ 14 ക്രിമിനൽ കേസുകളുണ്ട്. 23 കേസുകളാണ് ജിജോ തില്ലങ്കേരിക്കെതിരെ ഉള്ളത്. സ്ത്രീത്വത്തെ അപമാനിക്കൽ, സമൂഹമാധ്യമത്തിൽ അധിക്ഷേപിക്കൽ തുടങ്ങിയ പരാതികളിൽ മുഴക്കുന്ന്, മട്ടന്നൂർ സ്റ്റേഷനുകളിൽ ഇരുവർക്കുമെതിരെ എടുത്ത കേസാണ് ഏറ്റവും അവസാനത്തേത്.
ജയിലിലായതിനു പിന്നാലെ തന്റെ കാർ വിൽപനക്കുവെച്ചതായി കാണിച്ച് ആകാശിന്റെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിൽ പരസ്യം പ്രത്യക്ഷപ്പെട്ടു. രാവിലെ എട്ടോടെ വന്ന പരസ്യത്തിൽ 2011 മോഡൽ ഇന്നോവ കാർ ഏഴുലക്ഷം രൂപക്ക് വിൽക്കുന്നുവെന്നാണ് അറിയിപ്പ്.
പാർട്ടി ആഹ്വാന പ്രകാരമാണ് താൻ കൊല നടത്തിയതെന്ന തരത്തിൽ ആകാശ് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് ഏറെ വിവാദമായിരുന്നു. ആകാശിനെ തള്ളിപ്പറയാൻ സി.പി.എം തില്ലങ്കേരിയിൽ വിശദീകരണ യോഗവും നടത്തിയിരുന്നു.
ആകാശും ജിജോയും സ്ഥിരം കുറ്റവാളിയാണെന്ന പൊലീസ് റിപ്പോർട്ട് ജില്ലാ കളക്ടർ അംഗീകരിച്ചതോടെ ഇനി ആറു മാസത്തേക്ക് ഇരുവരും കരുതൽ തടങ്കലിൽ കഴിയേണ്ടി വരും. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ്, തില്ലങ്കേരിയിലെ ആർ.എസ്.എസ് പ്രവർത്തകൻ വിനീഷ് എന്നിവരെ കൊലപ്പെടുത്തിയ കേസിലും മറ്റൊരു വധശ്രമക്കേസിലും പ്രതിയായ ആകാശ് തില്ലങ്കേരിക്കെതിരെ 14 ക്രിമിനൽ കേസുകളുണ്ട്. 23 കേസുകളാണ് ജിജോ തില്ലങ്കേരിക്ക് എതിരായുള്ളത്.
കാപ്പ ചുമത്തുന്നതിനു മുന്നോടിയായി ഇരിട്ടി, മുഴക്കുന്ന്, മട്ടന്നൂർ പൊലീസ് സ്റ്റേഷനുകളിൽ ഇരുവർക്കുമെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ സംബന്ധിച്ച വിവരങ്ങൾ ജില്ല പൊലീസ് മേധാവി മുഖേന ജില്ല കലക്ടർക്കു കൈമാറിയിരുന്നു. സമൂഹത്തിന് ഭീഷണിയായേക്കുമെന്ന വിലയിരുത്തലിലാണ് നടപടിയെന്നു പൊലീസ് പറഞ്ഞു. നാലു വർഷത്തെ കേസുകൾകൂടി പരിശോധിച്ചശേഷമായിരുന്നു പൊലീസ് നടപടി. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ ആകാശ് തില്ലങ്കേരിക്കും ജിജോ തില്ലങ്കേരിക്കുമൊപ്പം പിടിയിലായ മൂന്നാം പ്രതി ജയപ്രകാശ് തില്ലങ്കേരി നിലവിൽ ഒരുകേസിൽ മാത്രമാണ് പ്രതിയെന്നതിനാൽ ഇയാളെ കാപ്പ ചുമത്തുന്നതിൽനിന്ന് നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു.
ഷുഹൈബ് വധം സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണെന്ന തരത്തിലുള്ള ആകാശ് തില്ലങ്കേരിയുടെ പോസ്റ്റ് വിവാദമായതിനു തൊട്ടുപിറകെയാണ്, സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസും അറസ്റ്റുമുണ്ടായത്. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നുകാട്ടി ആകാശിന്റെ ജാമ്യം റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹരജി ബുധനാഴ്ച കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.