തിരുവനന്തപുരം: ‘അക്ഷരവീട്’ പദ്ധതിയിലെ രണ്ടാമത്തെ ആ ഭവനം നാടിെൻറ ആദരമായി വ്യാഴാഴ്ച സമർപ്പിക്കും. നേർവായനയുടെ മലയാള പതിപ്പായി മാറിയ ‘മാധ്യമം’ പ്രമുഖ പ്രവാസി വ്യവസായ സംരംഭമായ യു.എ.ഇ എക്സ്ചേഞ്ചും എൻ.എം.സി ഗ്രൂപ്പുമായി ചേർന്ന് അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ സഹകരണത്തോടെ ഒരുക്കിയ സ്നേഹഭവനത്തിലേക്ക് പഴയകാല നടി ജമീല മാലിക്കും കുടുംബവും ഇന്ന് കാലെടുത്തുവെക്കും.
‘മാധ്യമം’ ദിനപത്രത്തിെൻറ 30ാം വാർഷികത്തിെൻറ ഭാഗമായാണ് 51 മലയാള അക്ഷരങ്ങളുടെ വിലാസത്തിൽ അക്ഷരവീട് പദ്ധതി ആവിഷ്കരിച്ചത്. പദ്ധതിയിലെ ആദ്യവീടായ ‘അ’ തൃശൂർ തളിക്കുളത്ത് കായികപ്രതിഭ രഖിൽ ഘോഷിന് സമർപ്പിച്ചിരുന്നു. പാപ്പനംകോട് ബഷീറിെൻറ സ്മരണക്കായി ബന്ധുക്കൾ നൽകിയ സ്ഥലത്താണ് ജമീല മാലിക്കിന് വീട് ഉയർന്നത്. കഴിഞ്ഞ മാർച്ച് അഞ്ചിന് നടൻ മധുവാണ് വീടിന് തറക്കല്ലിട്ടത്.
പാലോട് വൃന്ദാവനം കൺവെൻഷൻ സെൻററിൽ വൈകീട്ട് അഞ്ചിന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ മുൻ മുഖ്യമന്ത്രിയും ഭരണപരിഷ്കാര കമീഷൻ ചെയർമാനുമായ വി.എസ്. അച്യുതാനന്ദൻ സമർപ്പണം നിർവഹിക്കും. ഡി.കെ. മുരളി എം.എൽ.എ അധ്യക്ഷതവഹിക്കും. ‘അമ്മ’ വൈസ് പ്രസിഡൻറ് കെ.ബി. ഗണേഷ്കുമാർ എം.എൽ.എ സ്നേഹദര പ്രഭാഷണം നടത്തും. ഏഴാമത്തെ വീടായ ‘ഋ’െൻറ പ്രഖ്യാപനവും ഗണേഷ് കുമാർ നിർവഹിക്കും. യു.എ.ഇ എക്സ്ചേഞ്ച്, എൻ.എം.സി ഗ്രൂപ് സി.ഇ.ഒ പ്രമോദ് മങ്ങാട്ട് ശിലാഫലകം കൈമാറും. മജീഷ്യൻ നാഥ് ഫലകം ഏറ്റുവാങ്ങും. എഴുത്തുകാരൻ പെരുമ്പടവം ശ്രീധരൻ മുഖ്യപ്രഭാഷണം നിർവഹിക്കും. ‘മാധ്യമം-മീഡിയവൺ’ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ അക്ഷരവീട് സ്നേഹസന്ദേശം നൽകും. ഹാബിറ്റാറ്റ് ചെയർമാനായ ജി. ശങ്കർ ആമുഖ പ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.