ആലപ്പുഴ: നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന സ്വപ്നപദ്ധതിയായ ആലപ്പുഴ മൊബിലിറ്റി ഹബ് നിർമാണം ഏങ്ങുമെത്തിയില്ല. നിർമാണച്ചുമതലയുള്ള ‘ഇൻകെൽ’ രൂപരേഖയിൽ മാറ്റംവരുത്തി സമർപ്പിച്ച പ്ലാനിന് ആർട്ട് ആൻഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ അന്തിമ അനുമതി കിട്ടാത്തതാണ് തടസ്സം. നിലവിൽ ഹബിന്റെ രൂപരേഖ ചുണ്ടൻവള്ളത്തിന്റെ മാതൃകയാണ്. പൈതൃകപദ്ധതി പ്രദേശമായതിനാൽ ആദ്യരൂപരേഖയിലെ വള്ളത്തിന്റെ ഉയരം കുറക്കണമെന്നതായിരുന്നു പ്രധാനനിർദേശം.
ചുണ്ടൻവള്ളത്തിലെ അമരത്തിന്റെ പൊക്കവും നീളവും കുറക്കാനാണ് ആർട്ട് ആൻഡ് ഹെറിറ്റേജ് കമ്മിറ്റി നിർദേശിച്ചത്. ഇതനുസരിച്ച് ഇൻകെൽ മാറ്റിവരച്ച പ്ലാൻ സമർപ്പിച്ചിട്ട് നാലുമാസം പിന്നിട്ടിട്ടും അനുമതി കിട്ടിയിട്ടില്ല. കനാലിന് സമീപത്തെ കെട്ടിടം സോൺ സെവനിൽ ആയതിനാൽ സ്റ്റാൻഡിന്റെ ഭാഗത്തെ നിർമാണ പ്രവർത്തനത്തിന് ഹെറിറ്റേജ് കമ്മിറ്റിയുടെ അനുമതി വേണമായിരുന്നു. ഈ അനുമതി തേടിയപ്പോഴാണ് മാറ്റം വേണമെന്ന നിർദേശം മുന്നോട്ടുവെച്ചത്.
നിർമാണത്തിന് മുന്നോടിയായി ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ഷെഡ് പൊളിച്ചുമാറ്റുകയും ടെസ്റ്റ് പൈലിങ് നടത്തുകയും ചെയ്തു. പിന്നീട് ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ അധികൃതരും കാട്ടിയില്ല. വളവനാട് ആരംഭിച്ച കെ.എസ്.ആർ.ടി.സി ഗാരേജ് നിർമാണവും അനന്തമായി നീളുകയാണ്. ഇതിനാൽ കെ.എസ്.ആർ.ടി.സി പഴയകെട്ടിടവും പൊളിച്ചുനീക്കാനായിട്ടില്ല. വളവനാട് ഗാരേജിന്റെ പണികൾ 80 ശതമാനം കഴിഞ്ഞെങ്കിലും മറ്റ് പ്രവൃത്തികൾ ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്. ഗാരേജ് മാറ്റിയാലും ഹബ് നിർമാണം എപ്പോൾ തുടങ്ങുമെന്ന കാര്യത്തിലും വ്യക്തതയില്ല. ഹബ് വരുന്നതിന്റെ പേരിൽ കെ.എസ്.ആർ.ടി.സി കെട്ടിടത്തിൽ അറ്റകുറ്റപ്പണി നടത്താത്തതിനാൽ ബലക്ഷയം നേരിടുകയാണ്.
ഒന്നേമുക്കാൽ ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ 4.07ഏക്കറിൽ മൂന്ന് ഘട്ടത്തിലായാണ് ഹബ് നിർമാണം. കഫറ്റീരിയ, വെയിറ്റിങ് ലോഞ്ചുകൾ, ശൗചാലയങ്ങൾ, ഇൻഫർമേഷൻ ഡെസ്ക്, സ്റ്റാർ ഹോട്ടൽ, റസ്റ്റാറന്റുകൾ, സ്യൂട്ട് റൂമുകൾ, ബാർ, സ്വിമ്മിങ് പൂൾ, ഹെൽത്ത് ക്ലബ്, മേൽക്കൂരത്തോട്ടം, മൾട്ടിപ്ലക്സ് തിയറ്റർ, വെയ്റ്റിങ് ലോബി, ടിക്കറ്റ് കൗണ്ടർ, ഫുഡ് കോർട്ട് എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗാരേജ് പ്രവർത്തനം ആരംഭിച്ചാൽ ബസുകൾക്ക് വന്നുപോകാൻ മാത്രമാകും ഇപ്പോഴത്തെ ബസ് സ്റ്റാൻഡ് ഉപയോഗിക്കുക. ബസുകൾ സൂക്ഷിക്കാനും അറ്റകുറ്റപ്പണിക്കും ഗാരേജ് ഉപയോഗിക്കും. ഹബ് പദ്ധതിയിൽ ഏറ്റവും കൂടുതൽ സമയം വേണ്ടിവരുക കെ.എസ്.ആർ.ടി.സി കെട്ടിട സമുച്ചയത്തിനാകും. നഗരത്തിലെ ഗതാഗതസൗകര്യങ്ങളെയും ജലഗതാഗത വകുപ്പ്, കെ.എസ്.ആർ.ടി.സി, ഇറിഗേഷൻ വകുപ്പുകളെയും ഏകോപിച്ചാണ് മൊബിലിറ്റി ഹബ് യാഥാർഥ്യമാക്കുക. ഇതിന് എത്രനാൾ കാത്തിരിക്കേണ്ടി വരുമെന്നതാണ് ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.