തിരുവനന്തപുരം: ലോക്ഡൗണിൽ ഇളവ് പ്രഖ്യാപിച്ചെങ്കിലും ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച് സമ്മിശ്ര പ്രതികരണം. മുസ്ലിം, ക്രൈസ്തവ ആരാധനാലയങ്ങൾ പൂർണമായി തുറക്കില്ല. കോവിഡിെൻറ സമൂഹ വ്യാപനം ഭയപ്പെടുന്ന സാഹചര്യത്തിൽ പള്ളികൾ തുറക്കില്ലെന്ന് വിവിധ മസ്ജിദ് പരിപാലന സമിതികൾ പ്രഖ്യാപിച്ചു. അതേ സമയം ചിലയിടങ്ങളിൽ തുറക്കാനും തീരുമാനമുണ്ട്. ഭൂരിഭാഗം ക്രൈസ്തവ സഭകളും പള്ളികൾ തൽക്കാലം തുറക്കേെണ്ടന്ന നിലപാടിലാണ്.
വിവിധ ക്ഷേത്രങ്ങൾ ആരാധനക്കായി തുറക്കാനായി ശുചീകരണം ആരംഭിച്ചപ്പോൾ ചില ക്ഷേത്ര സമിതികൾ തൽക്കാലം തുറക്കുന്നില്ലെന്ന് വ്യക്തമാക്കി. തുറക്കുന്ന ആരാധനാലയങ്ങളെല്ലാം ഭക്തരെ നിയന്ത്രിക്കാൻ കർശന നിബന്ധനകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മുതൽ ആരാധനാകേന്ദ്രങ്ങൾ തുറക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയനും മതമേലധ്യക്ഷരും തമ്മിലെ ചർച്ചയിൽ ധാരണയായത്. തുറക്കാൻ കർശന നിബന്ധനകൾ ഏർപ്പെടുത്തി സംസ്ഥാന സർക്കാർ വെള്ളിയാഴ്ച ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
അപരിചിതരും യാത്രക്കാരും അധികമെത്തുന്ന സാഹചര്യത്തിൽ കോവിഡ് നിയന്ത്രണം പാലിച്ച് സൗകര്യമൊരുക്കാൻ പ്രയാസമാണെന്ന കണക്ക് കൂട്ടലിനൊപ്പം സംസ്ഥാനത്ത് രോഗികൾ വർധിക്കുന്ന സാഹചര്യത്തിലുമാണ് ഭൂരിഭാഗം ആരാധനാലയങ്ങളും തൽക്കാലം തുറക്കേണ്ടെന്ന തീരുമാനിച്ചത്. സമൂഹ വ്യാപന ഭീഷണിയുള്ള സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ പള്ളികൾ താൽക്കാലികമായി തുറക്കേണ്ടതില്ലെന്ന് ജില്ല മുസ്ലിം കോ ഓഡിനേഷൻ സമിതി ചെയർമാൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു.
പള്ളികള്‍ തുറക്കില്ലെന്ന് മുജാഹിദ് വിസ്ഡം ഗ്രൂപ് അറിയിച്ചു. ആരാധനാലയങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതിനല്‍കിയ സര്‍ക്കാർ തീരുമാനം കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് സ്വാഗതം ചെയ്തു.സര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സാധിക്കാതെ വരുകയാണെങ്കില്‍ ബസ്സ്റ്റാൻഡുകള്‍, റെയില്വേസ്റ്റേഷന് പരിസരങ്ങള്‍, മറ്റു പ്രധാന നഗരങ്ങളിലെ പള്ളികള്‍ എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച ജുമുഅ ഒന്നോ രണ്ടോ ആഴ്ചകള്‍കൂടി നീട്ടിവെക്കാമെന്നും അദ്ദേഹം അറിയിച്ചു.
ക്രൈസ്തവ സഭകളിൽ എറണാകുളം-അങ്കമാലി അതിരൂപതയിലെ പള്ളികൾ 30നുശേഷം തുറക്കാനാണ് തീരുമാനം. ഓർത്തഡോക്സ്, സി.എസ്.ഐ സഭകൾ ചൊവ്വാഴ്ച അന്തിമ തീരുമാനമെടുക്കും . യാക്കോബായ സഭ നിയന്ത്രണം പാലിച്ച് തുറക്കാൻ തീരുമാനിച്ചു. യാക്കോബായ സുറിയാനി സഭ കൊല്ലം, നിരണം ഭദ്രാസനങ്ങളുടെ കീഴിെല പള്ളികൾ ഈ മാസം 30നുശേഷമേ തുറക്കൂവെന്ന് സഭാ നേതൃത്വം അറിയിച്ചു. ശബരിമല, പത്മനാഭസ്വാമി ക്ഷേത്രം, ഗുരുവായൂർ തുടങ്ങി പ്രധാന ക്ഷേത്രങ്ങളെല്ലാം കർശന നിയന്ത്രണങ്ങളോടെ തുറക്കും. പത്മനാഭസ്വാമി ക്ഷേത്രത്തിൽ ബുക്ക് ചെയ്യുന്ന 500 പേർക്കായി പ്രവേശനം പരിമിതപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.