കൊച്ചി: പി.എസ്.സി അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ തസ്തികയിലേക്ക് നടത്തിയ എഴുത്തുപരീക്ഷയിൽ ക്രമക്കേട് നടന്നതായി ഉദ്യോഗാർഥികൾ. മേയ് 26ന് നടത്തിയ പരീക്ഷക്കെതിരെ ജൂൺ ഏഴിന് ചെയർമാനെ നേരിൽകണ്ട് നൽകിയ പരാതി അവഗണിച്ച് പി.എസ്.സി തുടർനടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് ഉദ്യോഗാർഥികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
പരീക്ഷാസഹായികളിൽനിന്നും ചോദ്യങ്ങൾ പകർത്തരുതെന്ന പി.എസ്.സി പരീക്ഷാ കൺട്രോളറുടെ ഉത്തരവ് നിലനിൽക്കെ, രണ്ട് വെബ് സൈറ്റുകളിൽനിന്നുള്ള 45ഓളം ചോദ്യങ്ങൾ എ.എം.വി.ഐ പരീക്ഷാ ചോദ്യപേപ്പറിൽ ഉണ്ടായിരുന്നു. വെബ്സൈറ്റിലെ ചോദ്യങ്ങളിലുണ്ടായിരുന്ന തെറ്റുകൾ അതേപടി പി.എസ്.സി ചോദ്യപേപ്പറിലും ആവർത്തിച്ചു.
ബി.ടെക്, ഡിപ്ലോമ ഇൻ മെക്കാനിക്കൽ എൻജിനീയറിങ്, ഓട്ടോമൊബൈൽ എൻജിനീയറിങ് എന്നീ യോഗ്യതകളാണ് നോട്ടിഫിക്കേഷനിൽ പി.എസ്.സി നിശ്ചയിച്ചിരുന്നത്. എന്നാൽ, നോട്ടിഫിക്കേഷൻ അവസാനിക്കുന്നതിന് നാലുദിവസം മുമ്പ് ഡിപ്ലോമ ഇൻ ടൂൾ ആൻഡ് ഡൈ മേക്കർ യോഗ്യത ഡിപ്ലോമ ഇൻ മെക്കാനിക്കൽ എൻജിനീയറിങ്ങിന് തുല്യമായി പരിഗണിക്കുമെന്ന് പി.എസ്.സി പ്രൊഫൈലിൽ ഒരു അറിയിപ്പും ഇല്ലാതെ ഉൾപ്പെടുത്തി. ടൂൾ ആൻഡ് ഡൈ മേക്കർ സിലബസിൽ ഓട്ടോമൊബൈൽ എൻജിനീയറിങ് പഠനവിഷയമല്ലെന്നും അവർ പറഞ്ഞു.
പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ നൂറുകണക്കിന് ഉദ്യോഗാർഥികൾ മെയിൽ വഴിയും രേഖാമൂലവും പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. പി.എസ്.സി ചെയർമാനെ കണ്ട് ക്രമക്കേട് ചൂണ്ടിക്കാണിച്ചപ്പോൾ പരീക്ഷ റദ്ദുചെയ്യുമെന്ന രീതിയിൽ അനുകൂല പ്രതികരണം ഉണ്ടായെങ്കിലും നിയമനവുമായി ബന്ധപ്പെട്ട തുടർനടപടികളുമായി മുന്നോട്ട് പോകുകയാണ്. പരാതിയുടെ അടിസ്ഥാനത്തിൽ ആഭ്യന്തര വിജിലൻസ് അന്വേഷണം ആരംഭിച്ച് ചിലരുടെ മൊഴിയെടുത്തെങ്കിലും കേസിന്റെ പുരോഗതിയെപ്പറ്റി ആവർത്തിച്ച് അന്വേഷിച്ചിട്ടും മറുപടി ലഭിച്ചില്ല. മൊഴിയുടെ രേഖകൾ ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നും തുടർന്ന് കേരള അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണലിൽ കേസ് ഫയൽ ചെയ്തെന്നും ഉദ്യോഗാർഥികൾ അറിയിച്ചു. കേസ് നിലനിൽക്കെ ആയിരക്കണക്കിന് ഉദ്യോഗാർഥികളുടെ പരാതിക്ക് മറുപടി നൽകാതെ പി.എസ്.സി പരീക്ഷയുടെ ഉത്തരസൂചിക ഇറക്കിയിരിക്കുകയാണെന്നും അവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ വിവിധ ജില്ലകളിലെ ഉദ്യോഗാർഥികളെ പ്രതിനിധാനം ചെയ്ത് ആൽബർട്ട് എ. സുനിൽ, ഫൈസൽ, കിരൺ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.