ടി.​പി. അ​ഷ്‌​റഫ്, അ​രു​ൺ​കു​മാ​ർ

കണ്ണൂർ: ന്യൂജൻ മയക്കുമരുന്നുകൾക്കൊപ്പം കണ്ണൂർ കഞ്ചാവിന്റെയും ഹബ്ബാകുന്നു. ജില്ലയിൽ ശനിയാഴ്ച നടത്തിയ പരിശോധനയിൽ 10 കിലോയോളം കഞ്ചാവാണ് എക്സൈസ് വലയിലായത്. ഈ വർഷം 75 കിലോ കഞ്ചാവാണ് ഇത്തരത്തിൽ എക്സൈസ് പിടിച്ചെടുത്തത്.

ഒക്ടോബർ 15 വരെയുള്ള കണക്കാണിത്. മയക്കുമരുന്ന്, കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് ജില്ലയിൽ ഈ വർഷം 400 കേസുകൾ രജിസ്റ്റർ ചെയ്തു. 407 പേർ അറസ്റ്റിലുമായി. ജില്ലയിൽ യുവാക്കൾക്കിടയിൽ അതിമാരക ന്യൂജൻ ലഹരി പിടിമുറുക്കുമ്പോഴും കഞ്ചാവ് ഉപയോഗവും പിറകോട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

കണ്ണൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിനു കൊയില്യത്തിന്റെ നേതൃത്വത്തിൽ അഞ്ചരക്കണ്ടി പനയത്താംപറമ്പ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഏഴ് കിലോ ഗ്രാം കഞ്ചാവുമായി പാലയോട് അഞ്ചാം മൈൽ സ്വദേശി താഴെവീട്ടിൽ ടി.പി. അഷ്‌റഫിനെ ശനിയാഴ്ച അറസ്റ്റ് ചെയ്തത്.

ആഴ്ചകളോളം എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. കണ്ണൂർ, ചാലോട് മട്ടന്നൂർ ഭാഗങ്ങളിലെ ചെറുകിട വിൽപനക്കാർക്ക് വൻതോതിൽ കഞ്ചാവ് എത്തിച്ചുകൊടുക്കുന്നയാളാണ് അഷ്‌റഫ് എന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രിവന്റിവ് ഓഫിസർമാരായ എം.കെ. സന്തോഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ പി.പി. സുഹൈൽ, സി.എച്ച്. റിഷാദ്, രജിത്ത് കുമാർ, എം. സജിത്ത്, ടി. അനീഷ്, ഷമീന, സീനിയർ എക്സൈസ് ഡ്രൈവർ സി. അജിത്ത് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

സ്ഥിരം പ്രതിയും പിടിയിൽ

സ്ഥിരം മയക്കുമരുന്ന് കേസ് പ്രതിയായ അഴീക്കോട് ചക്കരപ്പാറ കോളനിയിലെ അരുൺകുമാർ 1.9 കിലോഗ്രാം കഞ്ചാവുമായാണ് അറസ്റ്റിലായത്. കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെൻറ് ആന്റി നാർകോട്ടിക് സ്പെഷൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.പി. ജനാർദനനും പ്രിവന്റിവ് ഓഫിസർ കെ.സി. ഷിബുവിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

ഇയാളുടെ പേരിൽ നിരവധി മയക്കുമരുന്ന് കേസുകൾ നിലവിലുണ്ട്. കണ്ണൂർ - തളിപ്പറമ്പ് ദേശീയപാതയിൽ നടത്തിയ പരിശോധനക്കിടയിൽ മലബാറിലെ പ്രധാന കഞ്ചാവ് വിൽപനക്കാരൻ പിടിയിലായതും ഈ മാസമാണ്.

മാണിയൂർ പള്ളിയത്ത് സ്വദേശി കെ.കെ. മൻസൂർ പിടിയിലാകുമ്പോൾ 10 കിലോ കഞ്ചാവാണ് ഇയാളിൽനിന്ന് കണ്ടെത്തിയത്. കഞ്ചാവ് കേസിൽ പിടിയിലാകുന്നതിൽ ഭൂരിഭാഗവും ഒന്നിലേറെ കേസിൽ പ്രതികളായവരാണ്. കഞ്ചാവുകടത്ത് സ്ഥിരംതൊഴിലാക്കിയവർ ശിക്ഷിക്കപ്പെട്ടാലും വീണ്ടും കടത്തിനിറങ്ങുന്നത് വെല്ലുവിളിയാണ്.

ജയിലിൽ കഞ്ചാവ് മുഖ്യം

കണ്ണൂർ സെൻട്രൽ ജയിലിലടക്കം തടവുകാർക്കിടയിലും കഞ്ചാവ് മസ്റ്റാണ്. നേരത്തെ ബീഡിയും സിഗരറ്റുമായിരുന്നു ഒളിഞ്ഞും തെളിഞ്ഞും കടത്തിയിരുന്നതെങ്കിൽ നിലവിൽ മയക്കുമരുന്നും കഞ്ചാവുമായി.

സെപ്റ്റംബർ 15ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ഓട്ടോയിൽ കടത്തിയ മൂന്നുകിലോ കഞ്ചാവ് അധികൃതർ പിടികൂടിയിരുന്നു. സംഭവം ജയിൽ ഉദ്യോഗസ്ഥർക്ക് ഒറ്റിക്കൊടുത്തുവെന്നാരോപിച്ച് തടവുകാരനെ സഹതടവുകാരൻ മർദിക്കുന്ന സംഭവവും കഴിഞ്ഞദിവസമുണ്ടായി.

കനത്തസുരക്ഷയുണ്ടായിട്ടും ജയിലിലേക്കുള്ള കഞ്ചാവുകടത്ത് തടയാനാകുന്നില്ല. മതിലിന്റെ മുകളിലൂടെ ജയിലിനകത്തേക്ക് കഞ്ചാവ് എത്തിക്കുന്നത് പരസ്യമായ രഹസ്യമാണ്. ജയിൽവളപ്പിൽ വീഴുന്ന പൊതി സമയവും സന്ദര്‍ഭവും നോക്കി തടവുകാര്‍ ശേഖരിക്കും.

Tags:    
News Summary - Along with Newgen drugs-Kannur is also a hub for cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.