തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് കോളജുകളിലെ ഗെസ്റ്റ് അധ്യാപകർക്ക് എല്ലാമാസവും ശമ്പളം ലഭിക്കുന്നെന്ന് ഉറപ്പാക്കാൻ സ്റ്റാൻഡേഡ് ഓപറേറ്റിങ് പ്രൊസീജിയർ (എസ്.ഒ.പി) പുറത്തിറക്കി കോളജ് വിദ്യാഭ്യാസ വകുപ്പ്. ഇതുസംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു വിളിച്ച ഉന്നതതല യോഗത്തിന്റെ തുടർനടപടിയായാണ് എസ്.ഒ.പി പുറത്തിറക്കിയത്.
സർക്കാർ, എയ്ഡഡ് കോളജുകളിൽ ഗെസ്റ്റ് അധ്യാപക നിയമനത്തിന് പരിഗണിക്കാൻ കോളജ് വിദ്യാഭ്യാസ വകുപ്പ് ഒറ്റത്തവണ ഓൺലൈൻ രജിസ്ട്രേഷൻ നിബന്ധനയും കൊണ്ടുവന്നിട്ടുണ്ട്. ഇത്തരം ഉദ്യോഗാർഥികൾ രജിസ്ട്രേഷൻ പൂർത്തിയാക്കി വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്/ നമ്പർ നേടിയിരിക്കണം. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ www.collegiateedu.kerala.gov.in എന്ന വെബ്സൈറ്റിൽ ലിങ്ക് ചെയ്ത പോർട്ടൽ വഴിയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്.
ഒറ്റത്തവണ രജിസ്ട്രേഷന് ശേഷം നേടുന്ന അധികയോഗ്യതകൾ മാത്രം പിന്നീട് കൂട്ടി ചേർത്താൽ മതിയാകും. രജിസ്ട്രേഷന് ശേഷം അഞ്ച് മേഖലാ ഡെപ്യൂട്ടി ഡയറക്ടേററ്റുകളിൽ ഏതെങ്കിലും ഒന്നിൽ ഹാജരായി ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കണം. പരിശോധന പൂർത്തിയാക്കുന്നവർക്ക് ഗെസ്റ്റ് അധ്യാപക രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും. രജിസ്ട്രേഷൻ ലഭിക്കുന്നവർക്ക് സർക്കാർ, എയ്ഡഡ് കോളജുകളിൽ ഗെസ്റ്റ് അധ്യാപക നിയമനത്തിന് അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.