പത്തനംതിട്ട: കേന്ദ്രം തകർക്കുന്ന റബർ മേഖലയുടെ കരുത്ത് വീണ്ടെടുക്കാൻ സംസ്ഥാന സർക്കാർ ബദൽ മാർഗങ്ങൾ തേടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യു.ഡി.എഫ് ഭരണകാലത്ത് കിലോക്ക് 150 രൂപ ആയിരുന്ന ന്യായവില എല്‍.ഡി.എഫ് ഭരണത്തില്‍ 170 രൂപയായി ഉയര്‍ത്തി.
250 രൂപയായി ഉയര്‍ത്തണമെന്ന ആവശ്യമാണ് കേന്ദ്രത്തിനുമുന്നില്‍ വെച്ചിട്ടുള്ളത്. കേരള റബര്‍ ലിമിറ്റഡിന്റെ നിർമാണം വെള്ളൂരില്‍ നടന്നുവരുന്നു. പദ്ധതിയിലൂടെ ലാറ്റക്സ് അധിഷ്ഠിത ഉൽപന്നങ്ങളുടെ നിർമാണ ഹബാക്കി കേരളത്തെ മാറ്റുക എന്നതിനൊപ്പം സിയാല്‍ മാതൃകയില്‍ റബര്‍ സംഭരണവും ലക്ഷ്യമിടുന്നു.
റബറിന് വിലസ്ഥിരത ഫണ്ട് ഏര്‍പ്പെടുത്തിയ കേരള സര്‍ക്കാറിന്റെ തീരുമാനം നടപ്പാക്കാന്‍ റബര്‍ ബോര്‍ഡ് സഹകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. റബറിന്റെ ഇറക്കുമതി മാത്രം നിയന്ത്രിക്കാന്‍ കേന്ദ്രസർക്കാർ തയാറാകാത്തതിനുപിന്നിലെ പ്രധാന കാരണം രാജ്യത്തെ ടയര്‍ നിർമാണ കുത്തകകള്‍ക്കായി റബറിന്റെ വിലയിടിച്ചുനിര്ത്തുക എന്ന ലക്ഷ്യമാണ്.
റബര്‍ കര്‍ഷകര്‍ സാമ്പത്തിക പ്രതിസന്ധിയിലാവുമ്പോള്‍ ടയര്‍ കമ്പനികള്‍ കൊള്ളലാഭം കൊയ്യുകയാണ്. സംസ്ഥാനത്തെ പ്രമുഖ ഗ്രൂപ്പിന്റെ ടയര്‍ കമ്പനിക്ക് 2013 സെപ്റ്റംബറില്‍ ഉണ്ടായിരുന്ന സമാഹൃത മൂല്യം 3,645 കോടി രൂപയായിരുന്നെങ്കില്‍, 2023 മാര്‍ച്ച് ആയപ്പോള്‍ 14,509 കോടി രൂപയായി ഉയര്‍ന്നത് ഇതിന് വലിയ ഉദാഹരണമാണെന്നും നവകേരള സദസ്സിന്റെ ഭാഗമായി നടത്തിയ വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.