ആലുവ: ഒന്നരമാസത്തെ തിരച്ചിൽ ഫലപ്രാപ്തിയിലെത്തിയപ്പോൾ, അമറിനെ തിരിച്ചുകിട്ട ിയതിെൻറ ആശ്വാസത്തിലായിരുന്നു പിതാവും അന്വേഷണസംഘവും. എന്നാൽ, ഫുട്ബാൾലഹരിയിൽ എല്ലാം മറന്ന് പുതിയ ഉയരങ്ങൾ തേടുകയായിരുന്നു അമർ. കോയമ്പത്തൂരിൽ നിന്ന് അമറിനെ കണ്ടുകിട്ടിയതോടെ വീടും നാടും അനുഭവിച്ച അലച്ചിലിനാണ് അറുതിയാകുന്നത്.
ആലുവ വാഴക്കുളം മേത്താര്ക്കുടി അബ്ദുൽഖാദറിെൻറ മകന് അമറിനെ (14) സെപ്റ്റംബർ 29നാണ് കാണാതായത്. കാണാതാകുമ്പോള്‍ വെള്ള നിക്കറും പച്ച ജേഴ്സിയുമായിരുന്നു വേഷം. കാണാതായപ്പോൾ മുതൽ വീട്ടുകാരും നാട്ടുകാരും നാലുപാടും അന്വേഷിച്ചെങ്കിലും ഒരു സൂചനയും ലഭിച്ചില്ല. സമൂഹമാധ്യമങ്ങളിൽ ഇത് വന്നതോടെ വിഷയം ചർച്ച ചെയ്യപ്പെട്ടു. പിന്നീട് മുഖ്യമന്ത്രിയുടെ നിർദേശാനുസരണം കേസ് ഏറ്റെടുത്ത റൂറൽ ജില്ല ക്രൈംബ്രാഞ്ചിെൻറ നേതൃത്വത്തിലായി അന്വേഷണം.
ക്രൈംബ്രാഞ്ചും സമൂഹമാധ്യമങ്ങളിൽ അറിയിപ്പും ഫോൺ നമ്പറും ചേർത്ത് പ്രചാരണം നടത്തി. ഇതേത്തുടർന്ന് വിവിധ ഭാഗങ്ങളിൽനിന്ന് ക്രൈബ്രാഞ്ച് ഡിവൈ.എസ്.പി ജിജിമോന് ഫോൺകാളുകൾ വന്നുകൊണ്ടിരുന്നു. ഇതിനിടെ ഗോവക്ക് പോവുകയാണെന്ന് അമർ സൂചിപ്പിച്ചതായി സുഹൃത്ത് പറഞ്ഞതനുസരിച്ച് അന്വേഷണസംഘം ഗോവയിൽ നാലുദിവസം തിരഞ്ഞു. മുംബൈ, പുണെ, മംഗലാപുരം എന്നിവിങ്ങളിലും അന്വേഷണം നടത്തി. അനാഥാലയങ്ങളിലും ഫുട്ബാൾ ക്ലബുകളിലും അമറിനെ തിരഞ്ഞു.
ഇതിനിടെയാണ് ബുധനാഴ്ച രാത്രി കോയമ്പത്തൂരിൽനിന്ന് ഒരു ഫോൺ കാൾ ഡിവൈ.എസ്.പിക്ക് വന്നത്. നിരവധി കുട്ടികൾ രാവിലെ അവിടെ ഫുട്ബാൾ പരിശീലനം നടത്തുന്നുണ്ടെന്നും അതിൽ അമറും ഉള്ളതായി സംശയമുണ്ടെന്നായിരുന്നു വിവരം. ഉടൻ അന്വേഷണ സംഘത്തിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ജോജി, സിവിൽ പൊലീസ് ഓഫിസർമാരായ നിയാസ് മീരാന്‍, സുനില്‍ എന്നിവരെ കോയമ്പത്തൂരിലേക്കയച്ചു. അമറിെൻറ പിതാവിനെയും ബന്ധുവിനെയും ഇവർക്കൊപ്പംകൂട്ടി. രാത്രിതന്നെ കോയമ്പത്തൂരിൽ എത്തിയ സംഘം രാവിലെ പരിശീലന മൈതാനത്ത് കാത്തിരുന്ന് അമറിനെ കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.