കൽപറ്റ: പോക്സോ കേസ് ഇരയെ ഉപദ്രവിച്ചെന്ന പരാതിയിൽ വയനാട് അമ്പലവയൽ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ ടി.ജി. ബാബുവിനെ സസ്പെൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പൊലീസുകാർക്കെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തെളിവെടുപ്പിനിടെ ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ വരുംദിവസങ്ങളിൽ കൂടുതൽ വകുപ്പുതല നടപടികളുണ്ടാകുമെന്ന് ജില്ല പൊലീസ് മേധാവി ആർ. ആനന്ദ് അറിയിച്ചു.
പട്ടികജാതി വിഭാഗത്തിലെ പതിനേഴുകാരിയാണ് പരാതിക്കാരി. ജില്ല പൊലീസ് മേധാവിയുടെ അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് കണ്ണൂർ റേഞ്ച് ഡി.ഐ.ജി രാഹുൽ ആർ. നായരാണ് സസ്പെൻഷൻ ഉത്തരവിറക്കിയത്. ജൂലൈ 26നായിരുന്നു കേസിനാസ്പദമായ സംഭവം. പോക്സോ കേസിൽ ഇരയായ പെൺകുട്ടിയുമായി സീൻ മഹസർ തയാറാക്കുന്നതിനായി ഊട്ടിയിൽ പോയി തിരിച്ചുവരുന്നതിനിടെ ഉപദ്രവിച്ചെന്നാണ് പരാതി. വനിത പൊലീസും പൊലീസുദ്യോഗസ്ഥനും സമീപത്തുനിന്ന് മാറിയപ്പോഴാണ് എ.എസ്.ഐ മോശമായി പെരുമാറിയത്. കൗൺസലിങ്ങിനിടെ സി.ഡബ്ല്യൂ.സിയോടാണ് പെൺകുട്ടി ഇക്കാര്യം പറഞ്ഞത്. തുടർന്ന് സി.ഡബ്ല്യൂ.സി ജില്ല പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകുകയായിരുന്നു. സംഭവത്തിൽ ടി.ജി. ബാബുവിനെതിരെ പോക്സോ വകുപ്പ് പ്രകാരം അമ്പലവയൽ പൊലീസ് കേസെടുത്തു. പൊലീസുകാരുടെ ഭാഗത്തുനിന്ന് ഗുരുതര കൃത്യവിലോപം നടന്നതായാണ് റിപ്പോർട്ട്. കുറ്റക്കാരായവർക്കെതിരെ വിശദാന്വേഷണം നടത്തി മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകാൻ ജില്ല സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പിയെ കണ്ണൂർ റേഞ്ച് ഡി.ഐ.ജി ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.