'അമ്മ'യിൽ നീറിപ്പുകഞ്ഞ് ക്ലബ് വിവാദം

കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യിൽ ക്ലബ് വിവാദം നീറിപ്പുകയുന്നു. ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്‍റെ ക്ലബ് പരാമർശത്തിനെതിരെ കൂടുതൽ പേർ രംഗത്തെത്തി.

ക്ലബ് ആയ അമ്മയില്‍ അംഗത്വം വേണ്ടെന്ന് ചൂണ്ടിക്കാട്ടി സെക്രട്ടറിക്ക് ജോയ് മാത്യു കഴിഞ്ഞ ദിവസം കത്തെഴുതി. ഒരു ലക്ഷം രൂപ നല്‍കി അംഗത്വമെടുത്തത് സന്നദ്ധ സംഘടനയായതു കൊണ്ടാണ്. ക്ലബ് ആണെന്ന് സെക്രട്ടറി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ അംഗത്വ ഫീസ് തിരിച്ചുതരണമെന്നും ജോയ് മാത്യു പറഞ്ഞു. കഴിഞ്ഞ ദിവസം കെ.ബി. ഗണേഷ് കുമാർ ഇടവേള ബാബുവിന്‍റെ പരാമർശത്തിനെതിരെ രംഗത്ത് വന്നിരുന്നു.

നിര്‍വാഹക സമിതി അംഗങ്ങളും സെക്രട്ടറിയെ തിരുത്തുന്നില്ല. ജനാധിപത്യബോധമില്ലെന്നാണ് അര്‍ഥം. വിവരമില്ലാത്തവരാണ് തലപ്പത്തിരിക്കുന്നത്. നാളെ ഇത് രാഷ്ട്രീയ സംഘടനയാണെന്ന് പറഞ്ഞാല്‍ എന്തുചെയ്യുമെന്ന് ജോയ് മാത്യു ചോദിക്കുന്നു. ജനാധിപത്യത്തെ കളിയാക്കുകയാണ് ഇവര്‍. ക്ലബിന്‍റെ നിയമാവലി വേറെ, സന്നദ്ധസംഘടനയുടേത് വേറെ. രണ്ടിനും ചിട്ടവട്ടങ്ങള്‍ വ്യത്യസ്തമാണ്.

തുല്യവേതനം പറ്റുന്നവരുടെ സംഘടനയല്ല അമ്മ. മറ്റ് ഏത് സംഘടനയെടുത്താലും വേതനത്തിന്‍റെ കാര്യത്തില്‍ വേര്‍തിരിവ് കാണില്ല. ഇവിടെ അങ്ങനെയല്ല. പലര്‍ക്കും കീഴ്പ്പെടണം. വിരുദ്ധ അഭിപ്രായങ്ങളും കുറവ്. ക്ലബ് ആണെന്ന് പറയുമ്പോള്‍ കൂടെയുള്ളവര്‍ മിണ്ടുന്നില്ല. മുകളിലുള്ളവരെ ഭയക്കുകയാണ്. വിവരമില്ലായ്മ അല്ലാതെ എന്താണിതെന്നും അദ്ദേഹം ചോദിച്ചു. വിജയ് ബാബുവിന്‍റെ കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമായതിനാല്‍ അതേക്കുറിച്ച് അഭിപ്രായം പറയുന്നില്ല. നടന്‍ ഷമ്മി തിലകന്‍ പറയുന്നതില്‍ കുറേ കാര്യമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, ഇടവേള ബാബു കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാർത്തക്കുറിപ്പിനെതിരെ രൂക്ഷ മറുപടിയുമായി കെ.ബി. ഗണേഷ് കുമാർ രംഗത്ത് വന്നു. ഇടവേള ബാബുവിന്‍റെ പരാമർശം വിക്കിപീ‍ഡിയ നോക്കിയാണെന്നായിരുന്നു ഗണേഷ് കുമാർ പറഞ്ഞത്. ക്ലബിന്‍റെ ഇംഗ്ലീഷ് അർഥമല്ല ചോദിച്ചത്. ചോദിച്ച കാര്യത്തിന് മറുപടി കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 'അമ്മ' സംഘടന ക്ലബ് ആണെങ്കിൽ അതിൽ അംഗമാകാനില്ലെന്ന് ഗണേഷ് കുമാർ നേരത്തേ പ്രതികരിച്ചിരുന്നു.


ഇടവേള ബാബുവി‍െൻറ പിന്നിൽ ചില ബുദ്ധികേന്ദ്രങ്ങൾ -ഗണേഷ്കുമാർ

കൊട്ടാരക്കര: 'അമ്മ' സംഘടന ക്ലബാണെന്ന രീതിയിൽ ഇടവേള ബാബു ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നിൽ ചില ബുദ്ധികേന്ദ്രങ്ങളുണ്ടെന്ന് നടനും എം.എൽ.എയുമായ കെ.ബി. ഗണേഷ്കുമാർ. അമ്മ ജനറൽ സെക്രട്ടറിയായ ഇടവേള ബാബു ഏത് സന്ദർഭത്തിലാണ് സംഘടന ക്ലബെന്ന് പറഞ്ഞതെന്ന്വിശദമാക്കണം. ഇതിനായി സംവാദത്തിന് തയാറാണ്. അമ്മ ക്ലബാണെന്ന് പറയുന്ന സമയത്ത് മോഹൻലാൽ ഇടവേള ബാബുവിനെ എന്തുകൊണ്ട് വിലക്കിയില്ല. കുറ്റാരോപിതനായ നടൻ വിജയ് ബാബുവിനെ രാജിവെപ്പിക്കാതെ അയാളെ സഹായിക്കാനാണ് 'അമ്മ'യെ ക്ലബാക്കിയെങ്കിൽ താൻ രാജിവെക്കും.

തിലകനുമായി ഒരു പ്രശ്നമില്ല. മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തി‍െൻറ ആശുപത്രി ചെലവ് സൗജന്യമായി നൽകിയ ആളാണ് താൻ. ബിനീഷ് കോടിയേരിക്ക് മയക്കുമരുന്നുമായി ബന്ധമില്ല. 'അമ്മ' അതി‍െൻറ പേരിൽ അയാളെ പുറത്താക്കേണ്ട കാര്യമില്ല. അതിജീവിതയുടെ പ്രശ്നത്തിൽ ദിലീപിനെ കൊണ്ട് രാജിവെപ്പിച്ച പോലെ വിജയ ബാബുവി‍െൻറ കാര്യത്തിലും രാജി ഉണ്ടാവണമെന്നും ഗണേഷ് ആവശ്യപ്പെട്ടു.

Tags:    
News Summary - amma club controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.