തിരുവനന്തപുരം: കൊച്ചിയിൽ നടന്ന ‘കേരള സ്കൂൾ കായികമേള 24’ ന്റെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താൻ ആസൂത്രിത ശ്രമം ഉണ്ടായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മന്ത്രിയുടെ ഓഫിസ് പുറത്തുവിട്ട വാർത്ത കുറിപ്പിലാണ് ഈ പരാമർശം. സമാപന സമ്മേളനം നല്ല നിലയിൽ മുന്നോട്ടു പോകുമ്പോഴാണ് മികച്ച സ്കൂളിന്റെ പേരിലുള്ള തർക്കം തിരുനാവായ നാവാമുകുന്ദ സ്കൂൾ ഉന്നയിക്കുന്നത്.
സ്കൂളിന്റെ പ്രതിനിധിയുമായി വേദിയിൽ വച്ച് തന്നെ കൂടിക്കാഴ്ച നടത്തി അവരുടെ പരാതി ഗൗരവമായി കണക്കിലെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ അത് ചെവിക്കൊള്ളാതെയാണ് മേള അലങ്കോലമാക്കാൻ ശ്രമം നടന്നത്. പരിപാടി അലങ്കോലപ്പെടുത്തരുതെന്ന് നവാമുകുന്ദ, കോതമംഗലം മാർ ബേസിൽ എന്നീ സ്കൂളുകളോട് ആവർത്തിച്ച് അഭ്യർഥിച്ചിട്ടും ഫലം ഉണ്ടായില്ല.
സാംസ്കാരിക പരിപാടി തടയാനും വളന്റിയർമാരെ മർദ്ദിക്കാനും ശ്രമമുണ്ടായി. ഇക്കാര്യം പൊതു വിദ്യാഭ്യാസ വകുപ്പ് ഗൗരവമായി പരിശോധിക്കും. മേളയെ അലങ്കോലപ്പെടുത്താനുള്ള ശ്രമത്തെ ശക്തമായ അപലപിക്കുന്നു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ആദ്യ സ്കൂൾ ഒളിമ്പിക്സിന്റെ സമാപന സമ്മേളനം അലങ്കോലപ്പെടുത്തിയതിന്റെ അപഖ്യാതി നവാമുകുന്ദ, കോതമംഗലം മാർ ബേസിൽ എന്നീ സ്കൂളുകൾക്കാണെന്നും അദ്ദേഹം പറഞ്ഞു.
കായികമേള അലങ്കോലപ്പെടുത്താൻ ശ്രമിച്ചവരുടെ ആവശ്യം സ്പോർട്സ് സ്കൂളിനെ ഒഴിവാക്കിക്കൊണ്ട് ഏറ്റവും കൂടുതൽ പോയന്റ് ആ സ്കൂളുകൾക്ക് നൽകണമെന്നായിരുന്നു. ഇക്കാര്യം അടക്കം പരിശോധിക്കുമെന്ന് ഉറപ്പ് പറഞ്ഞിട്ട് പോലും മേള അലങ്കോലപ്പെടുത്താൻ ശ്രമമുണ്ടായി. 10 വയസ്സിന് താഴെയുള്ള കുട്ടികൾ വരെ അണിനിരന്ന കലാപരിപാടി തടസ്സപ്പെടുത്താൻ വേണ്ടി മൈക്ക് ഓഫ് ചെയ്യുന്ന നില വരെയുണ്ടായി.
ഇതിനെല്ലാം നേതൃത്വം നൽകിയത് ഈ സ്കൂളുകളിലെ അധ്യാപകരാണ്. 2018 ഓഗസ്റ്റ് 17നാണ് കേരള സ്കൂൾ കായികമേളയുടെ മാനുവൽ പരിഷ്കരിച്ചത്. ഇതിൽ ഒരിടത്തും ജനറൽ സ്കൂൾ എന്നും സ്പോർട്സ് സ്കൂൾ എന്നും വേർതിരിവ് വേണമെന്ന് പറയുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കപ്പെട്ട കേരള സ്കൂൾ കായികമേള ചരിത്രം കുറിച്ചിരിക്കുകയാണ്. ഓരോ ദിവസവും, ഏകദേശം ഇരുപതിനായിരത്തോളം ആളുകൾക്ക് മേളയിൽ ഭക്ഷണം നൽകി. ഇതും ചരിത്രമാണ്. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിൽ ആദ്യമായി എവർ റോളിംഗ് ട്രോഫി നൽകി. കായികമേയിൽ പിറന്നത് നാൽപ്പത്തി നാല് മീറ്റ് റെക്കോർഡുകൾ ആണ്. കായിക താരങ്ങൾക്ക് കാഷ് പ്രൈസ് ആയി 20 ലക്ഷം രൂപ വിതരണം ചെയ്തു.
മത്സരങ്ങൾ നിയന്ത്രിക്കുന്ന 1,244 ഉദ്യോഗസ്ഥരുടെയും മേള കവർ ചെയ്യുന്ന 400 മാധ്യമ പ്രവർത്തകരുടെയും പരിശ്രമം കൊണ്ടാണ് ഈ മേള വൻ വിജയമായതും കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കപ്പെടുകയും ചെയ്തത്.
നാലുവർഷത്തിൽ ഒരിക്കൽ ഇങ്ങനെ ഒളിമ്പിക്സ് മാതൃകയിൽ മേള നടത്താം എന്നാണ് ആദ്യം കരുതിയത്. എന്നാൽ ഈ മേളയുടെ വലിയ വിജയം ഒളിമ്പിക്സ് മാതൃകയിലുള്ള മേള എല്ലാവർഷവും നടത്തണമെന്ന രീതിയിലേക്ക് കാര്യങ്ങളെ മാറ്റി. അടുത്ത തവണ മേള തിരുവനന്തപുരത്താകും നടത്തുക. കായികതാരങ്ങൾക്കുള്ള പാരിതോഷിക തുക വർധിപ്പിക്കുന്ന കാര്യവും പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.