കൊച്ചി: ലിംഗമാറ്റ ശസ്ത്രക്രിയയെ തുടർന്നുണ്ടായ ബുദ്ധിമുട്ടുകൾ തുറന്നുപറഞ്ഞതിനു പിന്നാലെ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്‌സ് (28) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ ഡോക്ടറുടെ മൊഴി രേഖപ്പെടുത്താനായില്ല. തിങ്കളാഴ്ച മൊഴിയെടുക്കാനാണ് കളമശ്ശേരി പൊലീസ് തീരുമാനിച്ചിരുന്നതെങ്കിലും മെഡിക്കല്‍ രേഖകളില്‍ പഠനം പൂര്‍ത്തിയാകാത്തതിനാല്‍ നീട്ടിവെക്കുകയായിരുന്നു.
ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ചില രേഖകള്‍ ആശുപത്രിയില്‍നിന്ന് കിട്ടാൻ വൈകിയതാണ് മൊഴി രേഖപ്പെടുത്തല്‍ മാറ്റിവെക്കാന്‍ കാരണം. വിദഗ്ധ സംഘത്തിന് ഈ രേഖകള്‍കൂടി കൈമാറി പൊതുനിഗമനത്തിലെത്തിയ ശേഷം ചൊവ്വാഴ്ച മൊഴിയെടുക്കുമെന്ന് സി.ഐ പി.ആര്‍. സന്തോഷ് പറഞ്ഞു. ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും വിശദമായ അന്വേഷണത്തിലേക്ക് കടക്കുക. അനന്യയുടെ സുഹൃത്തുക്കളെ അടക്കം ചോദ്യം ചെയ്യാനാണ് തീരുമാനം.
ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്ക് പിഴവ് പറ്റിയെന്നാണ് ആത്മഹത്യ ചെയ്യും മുമ്പ് അനന്യ വെളിപ്പെടുത്തിയിരുന്നത്. ശസ്ത്രക്രിയ നടത്തിയ ചിലയിടങ്ങളില്‍ മുറിവുണ്ടായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അനന്യ ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ചത്. വെള്ളിയാഴ്ച പങ്കാളിയായ ജിജുവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.