anjali 15222

കൊച്ചിയിൽ പോയിട്ട് രണ്ട് വർഷമായെന്ന് അഞ്ജലി, റോയി വയലാട്ടിനെ അറിയില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ല; വീണ്ടും വിഡിയോ

കൊച്ചി: ഫോർട്ട് കൊച്ചിയിലെ 'നമ്പർ 18' ഹോട്ടൽ ഉടമ റോയ് വയലാട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ വീണ്ടും പ്രതികരണവുമായി കേസിലെ മറ്റൊരു പ്രതിയായ അഞ്ജലി റീമദേവ്. തന്നെ കുടുക്കാനുള്ള ശ്രമം നടക്കുകയാണെന്നും കള്ളക്കേസാണ് നൽകിയിരിക്കുന്നതെന്നും അഞ്ജലി പറയുന്നു. താൻ കൊച്ചിയിൽ പോയിട്ട് രണ്ട് വർഷമായി. 'നമ്പർ 18' ഹോട്ടൽ ഉടമ റോയി വയലാട്ടിനെ അറിയില്ലെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്നും അഞ്ജലി ഫേസ്ബുക്കിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നു.

സാമൂഹികമാധ്യമങ്ങളിലും മാധ്യമങ്ങളിലും താന്‍ വ്യക്തിഹത്യ ചെയ്യപ്പെടുകയാണ്. കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ പലകാര്യങ്ങളും വെളിപ്പെടുത്താന്‍ കഴിയില്ല. എന്നാൽ കോടതിയെയും പൊലീസിനെയും മാനിച്ചുകൊണ്ടാണ് കുറച്ചുകാര്യങ്ങള്‍ കൂടെ വ്യക്തമാക്കുന്നത് -അഞ്ജലി വിഡിയോയിൽ പറയുന്നു.

വയനാട് സ്വദേശിനിയാണ് പരാതിക്കാരി. അവർ എങ്ങനെയാണ് കോഴിക്കോട് സ്വദേശിനിയാകുന്നത്. എന്തിനാണ് അവര്‍ കോഴിക്കോട് സ്വദേശിനിയെന്ന് അവകാശപ്പെടുന്നത്. അതില്‍തന്നെ സംശയമുണ്ട്.

പരാതിക്കാരിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. 18 വയസ്സ് തികയാത്ത സ്വന്തം മകളെ കൂട്ടി ഈ സ്ത്രീ പല ബാറിലും പോയിട്ടുണ്ട്. എന്‍റെ കൂടെയും വന്നിട്ടുണ്ട്. അവര്‍ നിഷേധിക്കട്ടെ. ഈ കുട്ടിയെ കൂട്ടിവരുമ്പോള്‍ അമ്മയ്ക്കാണോ 18 വയസ്സായിട്ടില്ലെന്ന് അറിയുക, അതോ ഞാനാണോ കുട്ടിയുടെ ഐ.ഡി കാര്‍ഡ് വാങ്ങി 18 വയസ്സ് ആയോ എന്ന് വെരിഫൈ ചെയ്യേണ്ടത്.

മറ്റൊരു കാര്യം, സൈജുവും ഞാനും ചേര്‍ന്നുള്ള പേഴ്‌സണല്‍ ട്രിപ്പിലേക്ക് ഈ കുട്ടിയെയും മറ്റ് പെണ്‍കുട്ടികളെയും കൂട്ടി പരാതിക്കാരി തന്നെ സ്വമേധയാ വന്നതാണ്. അതിന് പിന്നില്‍ കള്ളക്കേസ് എടുക്കാനുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്നും എന്നെ കുടുക്കാന്‍ വേണ്ടിയാണ് ഇതൊക്കെ ചെയ്തതെന്നും എനിക്ക് വ്യക്തമായിട്ടുണ്ട്.

എന്‍റെ ഓഫിസിലെ ഔദ്യോഗിക രേഖകള്‍ കട്ടെടുക്കുക, ഒപ്പിട്ട ചെക്കുകള്‍ എടുക്കുക, തൊഴിലാളികളുടെ ഫയല്‍ റെക്കോഡ്, ക്ലയന്‍റ് ഡീറ്റെയില്‍സ്, വ്യക്തിവിവരങ്ങൾ എന്നിവയൊക്കെ രണ്ടരമാസം ജോലിയിലിരുന്ന ഇവര്‍ അന്നേ നോക്കിയിരുന്നു. ഇതെല്ലാം ചെയ്തത് എന്‍റെ പേരില്‍ കേസ് കൊടുക്കാന്‍ വേണ്ടിയായിരുന്നു.

റോയി വയലാട്ടിനെ അറിയില്ലെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. നമ്പര്‍ 18 ഹോട്ടലിന്‍റെ ഉടമയെന്ന നിലയില്‍ എനിക്ക് അദ്ദേഹത്തെ അഞ്ച് വര്‍ഷമായി അറിയാം. ഞാന്‍ മുമ്പും അവിടെ പോയിട്ടുണ്ട്. പക്ഷേ, രണ്ടുവര്‍ഷമായി ഞാന്‍ കൊച്ചിയിലേക്ക് തന്നെ പോയിട്ടില്ല.

അതിന് മുമ്പേയായാലും റോയിയുമായി വ്യക്തിപരമായ ബന്ധമില്ല. അവിടെ പോകുന്ന സമയത്ത് കാണുക, അവരുടെ ഹോസ്പിറ്റാലിറ്റി, അവിടെ വരുന്ന എല്ലാവരോടും തുല്യമായി കാണിക്കാറുണ്ട്. അതില്‍ കവിഞ്ഞ ഒരു ബന്ധവും എനിക്കില്ല. എന്നാല്‍ സാമൂഹികമാധ്യമങ്ങളില്‍ കെട്ടിച്ചമയ്ക്കുന്നത് ഓരോ കഥകളാണ്.

ഞാന്‍ പെണ്‍കുട്ടികളെ ഓഫിസിൽ ജോലിക്കെടുക്കുന്നത് മറ്റ് പല കാര്യങ്ങള്‍ക്കുമാണെന്നാണ് ഈ സ്ത്രീയുടെ ആരോപണം. ഇത് വ്യാജമാണ്. ഇതിലൂടെ എന്‍റെ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന പെണ്‍കുട്ടികളുടെ മാനം കൂടിയാണ് നഷ്ടപ്പെടുന്നത്. ഇതിനെല്ലാമുള്ള ഉത്തരം ഈ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്ന സ്ത്രീ തന്നെ നല്‍കണം.

കോടതിയുടെ മുന്നിലുള്ള കേസായതിനാല്‍ ഇങ്ങനെ വെളിപ്പെടുത്തൽ പറയാന്‍ പാടില്ലെന്ന് അറിയാം. പക്ഷേ, എന്‍റെ നിസ്സാഹയാവസ്ഥ കാരണമാണ് ഞാന്‍ ഇതെല്ലാം പറയുന്നത്. ഇപ്പോള്‍ എന്‍റെ സാഹചര്യമെന്താണെന്ന് എല്ലാവര്‍ക്കും മനസിലാക്കാന്‍ കഴിയുമെന്ന് കരുതുന്നു -സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിൽ അഞ്ജലി പറഞ്ഞു.

കോഴിക്കോട് സ്വദേശിയായ അമ്മയും മകളും നൽകിയ പരാതിയിലാണ് ഫോർട്ട്‌ കൊച്ചിയിലെ 'നമ്പർ 18' ഹോട്ടൽ ഉടമ റോയ് ജെ. വയലാറ്റിനെതിരെ പോക്സോ കേസെടുത്തത്. ഫോർട്ട്‌ കൊച്ചി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ റോയിയുടെ സുഹൃത്ത് സൈജു തങ്കച്ചനും സൈജുവിന്‍റെ സുഹൃത്തും കോഴിക്കോട് സ്വദേശിയുമായ അഞ്ജലിയും പ്രതികളാണ്. കേസെടുത്ത സാഹചര്യത്തിൽ പ്രതികൾ മുൻകൂർ ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്.

2021 ഒക്ടോബറിൽ ഹോട്ടലിൽവെച്ച് റോയി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി. പീഡന ദൃശ്യങ്ങൾ പ്രതികൾ മൊബൈലിൽ പകർത്തി. പൊലീസിൽ പരാതി നൽകിയാൽ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു.

മോഡലുകളുടെ അപകട മരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് പീഡന കേസും കൈമാറിയിട്ടുണ്ട്. പരാതിക്കാരായ അമ്മയുടെയും മകളുടെയും മൊഴി ഉടൻ രേഖപ്പെടുത്തും. നവംബർ ഒന്നിന് രാത്രി പാലാരിവട്ടം ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ മോഡലുകൾ മരിച്ച കേസിലും റോയി വയലാട്ടിലും സൈജു തങ്കച്ചനും പ്രതികളാണ്.

Tags:    
News Summary - Anjali reemadev facebook video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.