തിരുവനന്തപുരം: എം.ടി രമേശിനും ശോഭ സുരേന്ദ്രനുമൊന്നും പ്രായപരിധി കടന്നിട്ടില്ലെന്നും അവർക്ക് ഇനിയും അവസരമുണ്ടെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ഇരുവർക്കും നിരവധി അവസരങ്ങൾ മുന്നിലുണ്ട്. നഷ്ടബോധമുണ്ടാകേണ്ട കാര്യമില്ല. ഒരു പദവിയില്ലാത്തതുകൊണ്ട് പ്രവർത്തിക്കാത്തവരല്ല അവരെന്നും പുതിയ പ്രസിഡന്റായി രാജീവ് ചന്ദ്രശേഖറിനെ നിശ്ചയിച്ച ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എം.ടി. രമേശും ശോഭ സുരേന്ദ്രനും എ.എൻ. രാധാകൃഷ്ണനുമെല്ലാം അധ്യക്ഷ പദവിക്ക് യോഗ്യരായ ആളുകളാണ്. മുൻ അധ്യക്ഷന്മാർക്കും പദവിയിലേക്ക് തടസ്സങ്ങളില്ല. അങ്ങനെ നോക്കിയാൽ അഞ്ചോ, ആറോ പേർ ഈ പദവിക്ക് യോഗ്യരായുണ്ട്. ആറുപേർക്കും ഒരേ സമയം പ്രസിഡന്റാകാനാവില്ലല്ലോ. രാജീവ് ചന്ദ്രശേഖറിന്റെ വരവ് ഗ്രൂപ്പിസമടക്കം പരമ്പരാഗത രീതികൾക്ക് മാറ്റം വരുത്തുമെന്ന് കരുതുന്നു. അദ്ദേഹത്തെ നൂലിൽ കെട്ടിയിറക്കിയതല്ല. മൂന്നു പതിറ്റാണ്ടായി പൊതുരംഗത്തുണ്ട്.
ചെറിയ അഭിപ്രായ വ്യത്യാസങ്ങളല്ലാതെ തന്റെ കാലയളവിൽ വലിയ പ്രശ്നങ്ങളുണ്ടായിട്ടില്ല. ബി.ജെ.പിയെ അപ്രസക്തമാക്കാൻ രണ്ടാം സ്ഥാനത്തുനിൽക്കുന്ന യു.ഡി.എഫ് ശ്രമിക്കും. അതിന്റെ ഭാഗമാണ് സി.പി.എം-ബി.ജെ.പി ബന്ധം സംബന്ധിച്ച പ്രചാരണങ്ങൾ. സാധാരണ പ്രവർത്തകനായി നിൽക്കാൻ ബുദ്ധിമുട്ടുള്ളയാളല്ല താൻ. നിയമസഭ തെരഞ്ഞെടുപ്പ് വരെ ചുമതലയിൽ തുടരണമെന്നും കരുതിയിരുന്നില്ല. ലോക്സഭ തെരഞ്ഞെടുപ്പിലെ വിജയമാണ് അഞ്ചുവർഷ കാലയളവിൽ തന്നെ ഏറ്റവും സന്തോഷിപ്പിച്ച കാര്യമെന്നും സുരേന്ദ്രൻ പറഞ്ഞു.
തിരുവനന്തപുരം: പുതിയ പ്രസിഡന്റ് അധികാരമേറ്റെടുത്തതിനെ സന്തോഷത്തോടെ നോക്കിക്കാണുന്നെന്നും അതിൽ മറ്റൊരു ചോദ്യത്തിനും ഉത്തരത്തിനും പ്രസക്തിയില്ലെന്നും ശോഭ സുരേന്ദ്രൻ. വളരെ കൃത്യതയോടെ പാർട്ടിയെ മുന്നോട്ടുനയിക്കാൻ പുതിയ അധ്യക്ഷന് കഴിയും. പൂർണ പിന്തുണയുണ്ടോയെന്ന ചോദ്യത്തിനുപോലും പ്രസക്തിയില്ല. ആരെങ്കിലും ഇവിടെ വിയോജനക്കുറിപ്പ് ഇറക്കിയിട്ടുണ്ടോയെന്നും അവർ ചോദിച്ചു.
ഒരു വനിതയെ സംസ്ഥാന അധ്യക്ഷയായി തെരഞ്ഞെടുക്കുമെന്ന് വാർത്തകളുണ്ടായിരുന്നല്ലോയെന്ന ചോദ്യത്തിന്, മാധ്യമങ്ങളാണ് ഓരോ ആളുകളുടെയും പേര് ജനസമക്ഷം പറഞ്ഞതെന്നായിരുന്നു മറുപടി. ഗ്രൂപ്പുകൾക്കെതിരെ കേന്ദ്രം എന്ന ചോദ്യത്തിന് ഉത്തരം പറയാൻ താൻ തയാറാകുന്നില്ലെന്നും പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.