തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിക്ക് വേണ്ടി 130 കോടി രൂപ കൂടി ധനകാര്യ വകുപ്പ് അനുവദിച്ചതായി മന്ത്രി എം.ബി രാജേഷ് അറിയിച്ചു. ഗുണഭോക്താക്കൾക്ക് സംസ്ഥാന സർക്കാരിന്റെ വിഹിതമായി ഈ തുക ഉടൻ കൈമാറും. 448.34 കോടി രൂപയുടെ അടുത്ത ഗഡു ഹഡ്കോ വായ്പ ലഭിക്കുന്നതിനുള്ള സർക്കാർ ഗ്യാരണ്ടി അനുമതിയും ധനവകുപ്പ് ലഭ്യമാക്കി. ഇത് വഴി കൂടുതൽ വീടുകളുടെ നിർമാണം പുതുതായി ആരംഭിക്കാൻ കഴിയും.
ഇതോടൊപ്പം നഗര പ്രദേശങ്ങളിൽ ഭവന നിർമാണത്തിന് ധനസഹായം നൽകുന്നതിന് 217.22 കോടി രൂപയുടെ സർക്കാർ ഗ്യാരണ്ടിയും അനുവദിക്കുന്നതാണ്. ലൈഫ് മിഷൻ വഴി ഇതിനകം അനുവദിച്ച 5,00,038 വീടുകളിൽ 3,85,145 വീടുകളാണ് നിർമ്മാണം പൂർത്തിയാക്കിയത്. പുരോഗതിയിലുള്ള 1,14,893 വീടുകളുടെ നിർമാണം അതിവേഗം പൂർത്തിയാക്കുന്നതിന് ഈ നടപടികൾ സഹായിക്കും. കേന്ദ്രസർക്കാർ അടിച്ചേൽപ്പിച്ച സാമ്പത്തിക ഞെരുക്കത്തിനിടയിലും ലൈഫ് പദ്ധതിക്ക് അർഹമായ പരിഗണന നൽകിയ ധനവകുപ്പിനെ മന്ത്രി അഭിനന്ദിച്ചു.
കരാർ വെച്ച മുഴുവൻ ആളുകളുടെയും ഭവന നിർമ്മാണം അതിവേഗം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് തദ്ദേശ സ്വയം ഭരണ വകുപ്പ്. അടുത്ത രണ്ടു വർഷത്തിനകം രണ്ടര ലക്ഷം വീടുകൾ കൂടി അനുവദിച്ച് പതിനായിരം കോടി രൂപയുടെ ധനസഹായം ലൈഫ് ഗുണഭോക്താക്കൾക്ക് ലഭ്യമാക്കും. ലോകത്തിന് കേരളം സമ്മാനിക്കുന്ന മികച്ച മാതൃകകളിൽ ഒന്നായി ലൈഫ് ഭവന പദ്ധതി മാറുമെന്നും മന്ത്രി പറഞ്ഞു.
ലൈഫ് മിഷൻ വഴി വീട് നിർമാണത്തിനായി നാളിതുവരെ ചിലവഴിച്ചത് 17,209.09 കോടി രൂപയാണ്. ഇതിൽ 2081.69 കോടി രൂപ മാത്രമാണ് കേന്ദ്രവിഹിതം. വെറും 12.09 ശതമാനം പൂർത്തിയായ 3,85,145 വീടുകളിൽ 2,69,687 വീടുകളും (70 ശതമാനം) പൂർണമായി സംസ്ഥാന സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ചെലവിലാണ് നിർമിച്ചിരിക്കുന്നത്. ഈ വീടുകൾക്ക് നാല് ലക്ഷം രൂപയാണ് നൽകുന്നത്.
പട്ടികവർഗക്കാർക്ക് ഭവന നിർമാണത്തിന് ആറുലക്ഷം രൂപയും നൽകുന്നു. ലൈഫ്- പിഎംഎവൈ റൂറൽ പദ്ധതിയിലാണ് 33272 വീടുകൾ പൂർത്തിയാക്കിയത്. ഈ വീടുകൾക്ക് 72000 രൂപയാണ് കേന്ദ്രവിഹിതം. കേരളം ഇവർക്കും നാലുലക്ഷം രൂപ നൽകുന്നു. ശേഷിക്കുന്ന 328000 രൂപ സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളുമാണ് നല്കുന്നത്. കേന്ദ്രം നല്കുന്നത് വെറും 18 ശതമാനം തുക മാത്രമാണ്, ശേഷിക്കുന്ന 82 ശതമാനം തുകയും സംസ്ഥാനസർക്കാർ നൽകുന്നു.
ലൈഫ്-പിഎംഎവൈ അർബൻ പദ്ധതിയിലൂടെ 82186 വീടുകളാണ് പൂർത്തിയായത്. ഈ പദ്ധതിക്കായി കേന്ദ്രം നല്കുന്നത് ഒന്നരലക്ഷം രൂപയാണ്. ഇവിടെ തദ്ദേശ സ്ഥാപനങ്ങളും സംസ്ഥാന സർക്കാരും ചേർന്ന് രണ്ടര ലക്ഷം രൂപ കൂടി ചേർത്ത് നാലുലക്ഷം രൂപയാക്കി ഗുണഭോക്താക്കൾക്ക് നൽകുന്നു. 37.5 ശതമാനം തുക കേന്ദ്രവും ശേഷിക്കുന്ന 62.5 ശതമാനം തുക സംസ്ഥാനവും വഹിക്കുന്നു.
നാമമാത്രമായ തുക നൽകുന്ന കേന്ദ്രസർക്കാർ ലൈഫ്-പിഎംഎവൈ പദ്ധതിയിലൂടെ പണി കഴിപ്പിച്ച വീടുകൾക്ക് മുൻപിൽ ബ്രാൻഡിംഗ് സ്ഥാപിക്കണമെന്ന് സംസ്ഥാന സർക്കാരിനുമേൽ സമ്മർദ്ദം ചെലുത്തുകയാണ്. വീട് ഓരോ പൗരന്റെയും അവകാശമാണെന്നും, അത് ഔദാര്യമല്ലെന്നുമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. അതിനാൽ തന്നെ ഇത്തരത്തിലുള്ള ഒരു ബ്രാൻഡിങും അനുവദിക്കില്ലെന്നാണ് സംസ്ഥാന സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളത്.
ഭൂരിപക്ഷം പണം നൽകുന്ന സംസ്ഥാന സർക്കാർ ഇത്തരത്തിൽ ലൈഫ് വീടുകളെ തിരിച്ചറിയാനുള്ള യാതൊരു അടയാളങ്ങളും സ്ഥാപിക്കരുത് എന്നാണ് തുടക്കം മുതൽ നിഷ്കർഷിച്ചത്. രാജ്യത്ത് ഭവന നിർമ്മാണത്തിന് ഏറ്റവുമധികം പണം നൽകുന്ന സംസ്ഥാനം കേരളമാണ്. കേരളം നൽകുന്ന തുകയുടെ പകുതി പോലും നൽകാൻ ഒരു സംസ്ഥാനവും തയ്യാറാകുന്നില്ല.
ഇതിന് പുറമേ 11 ഭവന സമുച്ചയങ്ങളിലൂടെ 886 ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കളെ പുനരധിവസിപ്പിച്ചു. 21 ഭവന സമുച്ചയങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്. മനസോടിത്തിരി മണ്ണ് ക്യാമ്പയിന്‍റെ ഭാഗമായി ലഭിച്ച ഭൂമിയിലെ രണ്ട് ഭവനസമുച്ചയങ്ങളുടെ നിർമാണ പ്രവര്‍ത്തനങ്ങള്‍ പ്രാഥമിക ഘട്ടത്തിലാണ്. കേരളത്തിലെ എല്ലാ കുടുംബങ്ങൾക്കും അടച്ചുറപ്പുള്ള സുരക്ഷിത ഭവനം ഉറപ്പാക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോവുകയാണെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.