കേരളത്തിൽ ഭരണവിരുദ്ധ വികാരം; തോൽവിയിൽ സി.പി.എം കേന്ദ്ര കമ്മിറ്റി

കണ്ണൂര്‍: ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ കാരണങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന ഘടകം നൽകിയ റിപ്പോർട്ട് പൂർണമായി അംഗീകരിക്കാതെ സി.പി.എം കേന്ദ്ര കമ്മിറ്റി.

സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടായെന്നും പലയിടത്തും പാർട്ടിയും ജനങ്ങളും തമ്മിലകന്നതും പരാജയത്തിനു കാരണമായെന്ന് പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് അവതരിപ്പിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

സാമ്പത്തിക പ്രതിസന്ധിയും ദേശീയ രാഷ്ട്രീയ സാഹചര്യവുമാണ് പരാജയകാരണമെന്ന സംസ്ഥാന നിലപാട് ഭാഗികമായി തള്ളുന്നതായി കേന്ദ്ര കമ്മിറ്റിയുടെ റിപ്പോർട്ട്.

ജനങ്ങൾക്ക് അത്ര ദഹിക്കുന്നതായിരുന്നില്ല ഭരണം. ക്ഷേമ പെന്‍ഷന്‍ ഉൾപ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടായി. പദ്ധതി നിർവഹണത്തിൽ പലപ്പോഴും മുൻഗണന നഷ്ടപ്പെട്ടു. പലവിധ കാരണങ്ങളാൽ പാര്‍ട്ടി വോട്ടുകൾ വ്യാപകമായി ചോർന്നു. പരാജയം സംബന്ധിച്ച് ആഴത്തിലുള്ള പരിശോധന വേണമെന്നും തെറ്റുതിരുത്താൻ ഇക്കാര്യങ്ങൾ കീഴ്ഘടകങ്ങളില്‍ ചർച്ച ചെയ്യണമെന്നും കാരാട്ട് കൂട്ടിച്ചേർത്തു.

സെപ്റ്റംബറില്‍ തുടങ്ങുന്ന പാർട്ടി സമ്മേളനങ്ങളിലും തെരഞ്ഞെടുപ്പിലും ബാധകമാകുന്ന 12 കാര്യങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍, ലഹരി സംഘങ്ങളുമായി ബന്ധമുള്ളവര്‍ക്ക് അംഗത്വം നല്‍കരുത്. ജനങ്ങളും പാർട്ടിയും തമ്മിൽ കൂടുതൽ അടുക്കണം, തെറ്റു തിരുത്തുന്നുണ്ടെന്ന് ബോധ്യപ്പെടുത്താൻ കഴിയണം -അദ്ദേഹം വിശദീകരിച്ചു.

തെറ്റ് തിരുത്തൽ മാർഗരേഖ തയാറാക്കുന്നതിനു മുന്നോടിയായി കേന്ദ്രകമ്മിറ്റി തയാറാക്കിയ റിപ്പോർട്ട് അവതരിപ്പിക്കാനായുള്ള വടക്കൻ മേഖല യോഗമാണ് കണ്ണൂരിൽ നടന്നത്. ബുധനാഴ്ച കോഴിക്കോട്ടും എറണാകുളത്തും വ്യാഴാഴ്ച കൊല്ലത്തുമാണ് മറ്റു മേഖല യോഗങ്ങൾ. നായനാര്‍ അക്കാദമിയിൽ നടന്ന യോഗത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചു. കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതി, കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജന്‍, കാസര്‍കോട് ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജന്‍, കെ.കെ. ശൈലജ, സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍ തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Anti-government sentiment in Kerala; CPM central committee in defeat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.