തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് നടപ്പാക്കിയ രീതി അസ്വാഭാവികം, നാടകീയം. രാഷ്ട്രീയ സമരങ്ങളുടെ പേരിലുള്ള കേസുകളിൽ പ്രധാന നേതാവിനെ പുലർച്ച വീടുകയറി പിടികൂടിയത് പോലുള്ള നടപടി സമീപ കാലത്തൊന്നുമില്ല. പൊലീസിന്റേത് സ്വാഭാവിക നടപടിയെന്ന് സി.പി.എം വിശദീകരിക്കുമ്പോൾ മുഖ്യമന്ത്രിയുടെ പ്രതികാര നടപടിയെന്നാണ് കോൺഗ്രസ് പ്രതികരണം. കോടതി ജാമ്യം നിഷേധിച്ച് രാഹുലിനെ റിമാന്‍ഡ് ചെയ്യുമ്പോൾ ഭരണ-പ്രതിപക്ഷ പോര് വീണ്ടും മുറുകി.
ഡിസംബർ 22ന് നടന്ന യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട സംഘർഷത്തിൽ ഒന്നാം പ്രതി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ്. എം.എൽ.എമാരായ ഷാഫി പറമ്പിൽ, എം. വിൻസെൻറ് എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. നാലാം പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ പുലർച്ച വീടു വളഞ്ഞ് പിടികൂടിയത് എന്തിനെന്ന ചോദ്യമാണ് കോൺഗ്രസ് മുന്നോട്ടുവെക്കുന്നത്. നോട്ടീസ് നൽകിയാൽ സ്റ്റേഷനിൽ ഹാജരാകുമായിരുന്നല്ലോയെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ഇത്തരം കേസുകളിൽ പൊലീസ് സാധാരണ സ്വീകരിക്കാറുള്ള നടപടിക്രമവും അതാണ്. പലപ്പോഴും വർഷങ്ങൾക്കു ശേഷം തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുമ്പോഴും മറ്റുമാണ് ഇത്തരം രാഷ്ട്രീയ സമര കേസുകളിൽ നേതാക്കൾ ജാമ്യമെടുക്കാറുള്ളത്. രാഹുലിന്റെ കേസിൽ പൊലീസ് പക്ഷേ, കർശന നിലപാടാണ് സ്വീകരിച്ചത്. വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത് ക്രമസമാധാന പ്രശ്നം ഒഴിവാക്കാനാണെന്നാണ് പൊലീസ് കോടതിയിൽ വിശദീകരിച്ചത്. ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത് തോൽപിക്കുകയും ചെയ്തു.
പൊലീസിന്റെ പതിവില്ലാത്ത കാർക്കശ്യം മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ചുള്ള സമരത്തിന് നേതൃത്വം നൽകിയതിനുള്ള പ്രതികാര നടപടിയെന്ന പ്രതിപക്ഷ ആരോപണത്തിന് ബലം പകരുന്നതാണ്. നവകേരള സദസ്സിനെതിരായ പ്രതിഷേധങ്ങളെ പൊലീസും പാർട്ടിക്കാരും അടിച്ചൊതുക്കാൻ ശ്രമിച്ചത് സർക്കാറിനെതിരെ ആയുധമാക്കിയതുപോലെ രാഹുലിന്റെ അറസ്റ്റും സർക്കാറിനെ പ്രതിക്കൂട്ടിലാക്കാനുള്ള അവസരമായാണ് കോൺഗ്രസ് കാണുന്നത്. അതേസമയം, പ്രതിപക്ഷത്തെ പ്രകോപിപ്പിച്ച് നിയമസഭ സമ്മേളനം തുടങ്ങാനിരിക്കെ, സാമ്പത്തിക പ്രതിസന്ധി ഉൾപ്പെടെ വിഷയങ്ങളിൽനിന്ന് ശ്രദ്ധതിരിക്കുകയാണ് സർക്കാറെന്നും വിലയിരുത്തലുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.