തൃശൂര്‍: ആർ.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത കെ.യു. അരുണൻ എം.എൽ.എക്ക് സി.പി.എമ്മിെൻറ പരസ്യശാസന. നടപടി വേണമെന്ന ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നിര്‍ദേശം ജില്ല നേതൃത്വം അംഗീകരിച്ചു. പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ ജാഗ്രത വേണമെന്ന് പാര്‍ട്ടി നിര്‍ദേശിച്ചു. പൊതുപരിപാടികള്‍ക്ക് പോകുമ്പോള്‍ കൃത്യമായ ധാരണ വേണമെന്നും പാര്‍ട്ടി അംഗങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശം നേതാക്കള്‍ക്കും ബാധകമാണെന്നും നടപടിയെക്കുറിച്ച് മാധ്യമ പ്രവർത്തകരോട് വിശദീകരിക്കവെ ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണന് പറഞ്ഞു.
സംഭവത്തെക്കുറിച്ച് എം.എൽ.എ നല്കിയ വിശദീകരണം യോഗം ചർച്ച ചെയ്തു. തെറ്റിദ്ധരിച്ചാണ് പങ്കെടുത്തതെന്ന വാദം അംഗീകരിച്ചാണ് കടുത്ത നടപടി ഒഴിവാക്കിയത്. തെറ്റിദ്ധരിച്ചാണെങ്കിലും ആർ.എസ്.എസ് വേദിയിൽ പങ്കെടുത്തത് തെറ്റാണെന്നും നടപടി വേണമെന്നും ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയും കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റും തീരുമാനിച്ച പ്രകാരമാണ് പരസ്യ ശാസന. ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയിൽ ഇക്കാര്യം ജില്ല നേതൃത്വം പങ്കെടുത്ത് വിശദീകരിക്കും. നടപടി തീരുമാനിക്കാൻ അടിയന്തര യോഗം ചേരാന്‍ വെള്ളിയാഴ്ച ചേർന്ന സംസ്ഥാന സെക്രേട്ടറിയറ്റ് തൃശൂർ ജില്ല കമ്മിറ്റിക്ക് നിർദേശം നൽകിയിരുന്നു. രാവിലെ ജില്ല ആസ്ഥാനത്ത് ചേർന്ന സെക്രട്ടേറിയറ്റ് യോഗം പ്രത്യേക അജണ്ടയായി ഇക്കാര്യം മാത്രമാണ് പരിഗണിച്ചത്. അരുണെൻറ ഭാഗത്തുനിന്നും ഗുരുതരമായ ജാഗ്രതക്കുറവ് ഉണ്ടായെന്ന് പാര്‍ട്ടി വിലയിരുത്തി.
കഴിഞ്ഞ തിങ്കളാഴ്ച ഊരകത്ത് ആർ.എസ്.എസ് ശാഖ നടത്തിയ നോട്ടുപുസ്തക വിതരണത്തിെൻറ ഉദ്ഘാടനത്തിലാണ് എം.എൽ.എ പങ്കെടുത്തത്. സംഭവം വിവാദമായതോടെ ആർ.എസ്.എസ് പരിപാടിയാണെന്ന് അറിയാതെയാണ് പോയതെന്നാണ് അരുണന് പാർട്ടിക്ക് വിശദീകരണം നൽകിയത്. അവിചാരിതമായി ചെന്നുപെട്ടതാെണന്നും അതില്‍ ദുഃഖമുണ്ടെന്നും പറഞ്ഞിരുന്നു. ബ്രാഞ്ച് സെക്രട്ടറി കിഷോറാണ്തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന വിശദീകരണത്തിെൻറ അടിസ്ഥാനത്തിൽ അക്കാര്യം പരിശോധിക്കാൻ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.