ഒരുനോക്ക്​ കാണാൻ ഏക മകളെത്തുന്നതിനും മൂന്നുമണിക്കൂർ മുമ്പ്​ മഹേഷ്​ വിട പറഞ്ഞു

രണ്ടാഴ്ച മു​മ്പ്​ ഒരു വ്യാഴാഴ്ചയാണ്​ അമ്മ ഷാർജയിൽ മരിച്ചത്​. അച്​ഛൻ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലും. അമ്മയെ അവസാനമായി ഒരുനോക്ക്​ കാണാൻ പോലും കഴിയാതെ വിഷമിക്കുന്ന അച്​ഛനെ ആശ്വസിപ്പിക്കുന്നതിനും പരിചരിക്കുന്നതിനും വേണ്ടിയാണ്​ നാട്ടിൽ പഠിച്ചുകൊണ്ടിരിക്കുന്ന മകൾ ദുബൈയിലേക്ക്​ തിരിക്കുന്നത്​. പക്ഷേ, അവൾ ദുബൈയിൽ എത്തുന്നതിനും മൂന്നുമണിക്കൂർ മുമ്പ്​ അച്​ഛനും ഈ ലോകത്തോട്​ വിട പറഞ്ഞിരുന്നു. അച്​ഛന്‍റെ മൃതദേഹത്തോടൊപ്പം നാട്ടിലേക്ക് യാത്രയാകാനായിരുന്നു അവളുടെ വിധി.

യു.എ.ഇയിലെ പ്രമുഖ സന്നദ്ധ പ്രവർത്തകനായ അഷ്​റഫ്​ താമരശ്ശേരിയാണ്​ ആലപ്പുഴ താഴക്കര സ്വദേശികളായ മഹേഷിന്‍റെയും സുമയുടെയും ഏക മകളുടെ കരളലിയിക്കുന്ന കഥ ഫേസ്​ബുക്കിൽ പങ്കുവെച്ചത്​. നിർത്താതെയുള്ള പനിയും ശാരീരിക അസ്വസ്ഥതകളും മൂലം​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു മഹേഷും സുമയും. രോഗം കൂടിയത് മൂലം രണ്ടുപേരെയും ഐ.സിയുവിലേക്ക് മാറ്റി. കോവിഡായിരിക്കും എന്ന്​ കരുതിയെങ്കിലും പരിശോധന ഫലം വന്നപ്പോള്‍ ഇരുവരും നെഗറ്റീവായിരുന്നു. രണ്ടാഴ്ച മുമ്പ്​ ഒരു വ്യാഴാഴ്ച സുമ ഹൃദയാഘാതത്തെ തുടർന്ന്​ മരിച്ചു​. അപ്പോൾ ഇ​തൊന്നുമറിയാതെ മഹേഷ്​ അത്യാഹിത വിഭാഗത്തിൽ ആയിരുന്നു. തന്‍റെ സഹധര്‍മ്മിണിയെ അവസാനമായി ഒരുനോക്ക് കാണാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. യു.എ.ഇയില്‍ പഠിച്ചിരുന്ന ഏകമകള്‍ തുടര്‍ പഠനത്തിനായി രണ്ട് വര്‍ഷമായി നാട്ടിലായിരുന്നു. ബന്ധുക്കൾ അവളെ നാട്ടിൽ നിന്ന്​ യു.എ.ഇയിലേക്ക്​ കൊണ്ടുവന്നു. പക്ഷേ, അവൾ യു.എ.ഇയിൽ വിമാനമിറങ്ങുന്നതിനും മൂന്നുമണിക്കൂർ മുമ്പ്​ വ്യാഴാഴ്​ച മഹേഷ്​ മരിച്ചു.

അഷ്​റഫ്​ താമരശ്ശേരിയുടെ ഫേസ്​ബുക്ക്​ പോസ്റ്റിന്‍റെ പൂർണരൂപം-

രണ്ടാഴ്ച് മുമ്പ്​ ഒരു വ്യാഴാഴ്ചയാണ്‌ ആലപ്പുഴ താഴക്കര സ്വദേശിനി സുമ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടയുന്നത്. കൃത്യം രണ്ടാഴ്ച പിന്നിടുമ്പോള്‍ ഭര്‍ത്താവ് മഹേഷും അതേ കാരണത്താല്‍ വ്യാഴാഴ്ച വിട പറഞ്ഞു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ്‌ രണ്ടുപേരും ആശുപത്രിയില്‍ അഡ്മിറ്റ്‌ ആയിരുന്നത്. സുമ മരണപ്പെടുമ്പോള്‍ ഭര്‍ത്താവ് മഹേഷ്‌ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലായിരുന്നതിനാല്‍ തന്‍റെ സഹധര്‍മ്മിണിയെ അവസാനമായി ഒരുനോക്ക് കാണാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. യു.എ.ഇയില്‍ പഠിച്ചിരുന്ന ഏകമകള്‍ തുടര്‍ പഠനത്തിനായി രണ്ട് വര്‍ഷമായി നാട്ടിലായിരുന്നു. ആശുപത്രിയിലുള്ള ഏക ആശ്രയമായ പിതാവിന്‍റെ സമീപത്തേക്ക് ബന്ധുക്കള്‍ മുന്‍കൈയെടുത്ത് നാട്ടിലുള്ള മകളെ കൊണ്ട് വരികയായിരുന്നു.

നിര്‍ഭാഗ്യം അവിടെയും മകളെ കാത്തിരുന്നു. പിതാവിനെ ഒരു നോക്കുകാണാനായി മകള്‍ യു.എ.ഇയില്‍ ഇറങ്ങിയത് രാവിലെ നാലുമണിക്കുള്ള വിമാനത്തില്‍. ഏകദേശം മൂന്ന് മണിക്കൂര്‍ മുമ്പ്​ പിതാവ് മഹേഷ്‌ ദൈവത്തിന്‍റെ അലംഘനീയമായ വിധിക്ക് കീഴടങ്ങിയിരുന്നു. പിതാവിനെ ജീവനോടെ അവസാനമായി ഒരു നോക്കുകാണാന്‍ പ്രിയപ്പെട്ട മകള്‍ക്ക് കഴിഞ്ഞില്ല. ജീവനും ജീവിതവും ഇത്രയൊക്കെയുള്ളൂ. എപ്പോള്‍ എങ്ങിനെ അവസാനിക്കുമെന്ന് ആര്‍ക്കും പറയാന്‍ കഴിയാത്ത വല്ലാത്തൊരു സമസ്യ. ആ മകളുടെ അവസ്ഥ ആലോചിക്കുമ്പോള്‍ വല്ലാത്ത വിങ്ങല്‍. കരയും കടലും നഷ്​ടപ്പെട്ടവരുടെ ദുഃഖം അനുഭവിച്ചറിഞ്ഞാലെ തിരിയൂ. ഒരാള്‍ക്കും ഇത്തരം അവസ്ഥ വരാതിരിക്കട്ടെയെന്നു പ്രാര്‍ഥിക്കാം. പുലര്‍ച്ച വിടപറഞ്ഞ മഹേഷ്‌ ചേട്ടന്‍റെ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഇന്നലെ തന്നെ നാട്ടിലേക്കയച്ചു. മൃതദേഹത്തെ അനുഗമിക്കുന്ന ബന്ധുക്കളോടൊപ്പം മൂകയായി മകളും നാട്ടിലേക്ക് യാത്രയായി.

Tags:    
News Summary - Ashraf Thamarasery's fb post goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.