കോഴിക്കോട്: ‘‘അവനെപ്പോലെ ആത്മാർഥത ആർക്കും കാണില്ല. അവനെ ജോലിക്ക് വെച്ചവർ പിന്നീട് ഒരിക്കലും അവനെ ഒഴിവാക്കുന്ന സംഭവം ഉണ്ടാവില്ല. ഞാനും അവനും ഒരുമിച്ച് പല കമ്മിറ്റികളിലും ഇരുന്നിട്ടുണ്ട്. ഉത്തരവാദിത്തം നല്ലരീതിയിൽ നിറവേറ്റുന്ന ചെറുപ്പക്കാരനെ വേറെ കാണില്ല’’ -അർജുന്റെ അടുത്ത സുഹൃത്തും പൊതുപ്രവർത്തകനുമായ കണ്ണാടിക്കൽ തൗഫീക്കിൽ ആസിഫ് പറയുന്നു. 2018ലെ പ്രളയകാലത്ത് പൂനൂർ പുഴ കരകവിഞ്ഞ് പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങളെ പുനരധിവസിപ്പിച്ചത് ഇരുവരുടെയും സൗഹൃദകൂട്ടായ്മയുടെ നേതൃത്വത്തിലാണ്. കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് ഭക്ഷണസാധനങ്ങൾ എത്തിച്ചുനൽകിയതും ഇവരുടെ നേതൃത്വത്തിലായിരുന്നു. വീട്ടിലെ ഉത്തരവാദിത്തംമൂലം അർജുൻ ജോലിക്ക് പോകാതിരിക്കൽ പരമാവധി കുറച്ചു. രാത്രി ലോറിയുമായി എത്തിയാൽ സഹോദരനോ ബന്ധുക്കളോ ആരെങ്കിലും കണ്ണാടിക്കലിലെത്തി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
ജോലിക്ക് മുടങ്ങാതെ പോയിരുന്നെങ്കിലും സുഹൃത്തുക്കളെ ഫോണിൽ ബന്ധപ്പെടുന്നതിനും കാര്യങ്ങൾ ചോദിച്ചറിയുന്നതിനും ഒരു മുടക്കവും അർജുൻ വരുത്തിയിരുന്നില്ല. രണ്ടുദിവസം കൂടുമ്പോൾ നിർബന്ധമായും അർജുൻ വിളിച്ചിരുന്നതായി ആസിഫ് പറയുന്നു. മണിക്കൂറുകളോളം സംസാരം തുടരും. എല്ലാ പ്രതിസന്ധികളെയും ആത്മവിശ്വാസത്തോടെയായിരുന്നു അർജുൻ നേരിട്ടത്. കഠിനാധ്വാന ശീലമുള്ളതിനാൽ പരാജയഭീതി ഒന്നിലും അർജുനെ വേട്ടയാടിയില്ലെന്നും തന്നെ സ്വന്തം സഹോദരനെപ്പോലെയാണ് അർജുൻ കണ്ടിരുന്നതെന്നും ആസിഫ് പറഞ്ഞു. കുടുംബം വിട്ട് അവന് മറ്റൊരു ലോകമുണ്ടായിരുന്നില്ല. അടുത്ത വീടുകളിലെ അടിയന്തര കാര്യങ്ങളിൽ സജീവമായി ഇടപെടാൻ അർജുൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നതായും ആസിഫ് ഓർക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.